2025 ഐ.സി.സി വനിതാ ഏകദിന ലോകകപ്പില്‍ ആദ്യ വിജയവുമായി സൗത്ത് ആഫ്രിക്ക. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ആറ് വിക്കറ്റിന്റെ വിജയമാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്.
വൈറ്റ് ഫേണ്‍സ് ഉയര്‍ത്തിയ 232 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് 55 പന്തും ആറ് വിക്കറ്റും ശേഷിക്കെ വിജയലക്ഷ്യം മറികടന്നു. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 69ന് പുറത്തായതിന്റെയും പത്ത് വിക്കറ്റിന് പരാജയപ്പെട്ടതിന്റെയും നിരാശയില്‍ നിന്നും മറികടക്കാനും പ്രോട്ടിയാസിന് സാധിച്ചു.
ബൗളിങ്ങില്‍ നോന്‍കുലുലേകോ എംലാബയുടെയും ബാറ്റിങ്ങില്‍ ടാസ്മിന്‍ ബ്രിറ്റ്‌സ്, സ്യൂന്‍ ലസിന്റെയും കരുത്തിലാണ് സൗത്ത് ആഫ്രിക്ക വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിനെ ആദ്യ പന്തില്‍ തന്നെ സൂസി ബേറ്റ്‌സിനെ നഷ്ടപ്പെട്ടു. മാരിസാന്‍ കാപ്പിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയായിരുന്നു താരത്തിന്റെ മടക്കം.
എന്നാല്‍ രണ്ടാം വിക്കറ്റ് മുതല്‍ മോശമല്ലാത്ത കൂട്ടുകെട്ടുണ്ടാക്കിയ വൈറ്റ് ഫേണ്‍സ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചുകൊണ്ടിരുന്നു.
നാലാം നമ്പറിലെത്തിയ ക്യാപ്റ്റന്‍ സോഫി ഡിവൈനാണ് ന്യൂസിലാന്‍ഡ് നിരയിലെ ടോപ് സ്‌കോറര്‍. ഓസ്‌ട്രേലിയക്കെതിരെ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയും സെഞ്ച്വറിയുടെ പ്രതീതി സൃഷ്ടിച്ചു. ഒമ്പത് ഫോറുമായി മികച്ച രീതിയില്‍ ബാറ്റ് വീശിയ ഡിവൈന്‍ 85 റണ്‍സിന് പുറത്തായി. നോന്‍കുലുലേകോ എംലാബയ്ക്കാണ് വിക്കറ്റ്.
37 പന്തില്‍ 45 റണ്‍സ് നേടിയ ബ്രൂക്ക് ഹാലിഡേയാണ് വൈറ്റ് ഫേണ്‍സ് നിരയിലെ രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍. ജോര്‍ജിയ പ്ലിമ്മര്‍ 31 റണ്‍സും ആമേലിയ കേര്‍ 23 റണ്‍സിനും പുറത്തായി.
ലോവര്‍ മിഡില്‍ ഓര്‍ഡറിനും ലോവര്‍ ഓര്‍ഡറിനും ചെറുത്തുനില്‍ക്കാന്‍ പോലും സാധിക്കാതെ പോയപ്പോള്‍ 47.5 ഓവറില്‍ ന്യൂസിലാന്‍ഡ് 231ന് പുറത്തായി.
സൗത്ത് ആഫ്രിക്കയ്ക്കായി എംലാബ നാല് വിക്കറ്റ് വീഴ്ത്തി. അയബോംഗ ഖാക, മാരിസാന്‍ കാപ്പ്, നാദിന്‍ ഡി ക്ലെര്‍ക്, ക്ലോ ട്രയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിനെ 14 റണ്‍സിന് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നുചേര്‍ന്ന ടാസ്മിന്‍ ബ്രിറ്റ്‌സ് – സ്യൂന്‍ ലസ് എന്നിവര്‍ ചേര്‍ന്ന് മത്സരം ന്യൂസിലാന്‍ഡിന്റെ കയ്യില്‍ നിന്നും തട്ടിയെടുത്തു.
രണ്ടാം വിക്കറ്റില്‍ 159 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
കരിയറിലെ മറ്റൊരു സെഞ്ച്വറി കൂടി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ബ്രിറ്റ്‌സിനെ ലിയ തഹൂഹു വിക്കറ്റിന് മുമ്പില്‍ കുടുക്കി പുറത്താക്കി. 89 പന്തില്‍ 101 റണ്‍സാണ് താരം നേടിയത്. 15 ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
പിന്നാലെയെത്തിയ മാരിസന്‍ കാപ്പ് 14നും അനേക് ബോഷ് പൂജ്യത്തിനും മടങ്ങിയെങ്കിലും ലസ് പ്രോട്ടിയാസിനെ വിജയത്തിലേക്ക് കൈപിടിച്ചു നടത്തി. 114 പന്ത് നേരിട്ട താരം പുറത്താകാതെ 83 റണ്‍സ് നേടി.
രണ്ട് മത്സരത്തില്‍ നിന്നും ഒരോ വിജയവും തോല്‍വിയുമായി പ്രോട്ടിയാസ് അഞ്ചാം സ്ഥാനത്താണ്. കളിച്ച രണ്ട് കളിയും തോറ്റ ന്യൂസിലാന്‍ഡ് ഏഴാമതും.
ഒക്ടോബര്‍ ഒമ്പതിനാണ് സൗത്ത് ആഫ്രിക്ക അടുത്ത മത്സരത്തിനിറങ്ങുന്നത്. വിസാഖില്‍ നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയാണ് എതിരാളികള്‍. അടുത്ത ദിവസം ഗുവാഹത്തിയില്‍ ന്യൂസിലാന്‍ഡ് ബംഗ്ലാദേശിനെയും നേരിടും.
Content Highlight: ICC Women’s World Cup: South Africa defeated New Zealand