ഐ.സി.സി വനിതാ ഏകദിന ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തോല്‍വി. വിശാഖപട്ടണത്തിലെ എ.സി.എ-വി.ഡി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്.
ഇന്ത്യ ഉയര്‍ത്തിയ 252 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് ഏഴ് പന്ത് ശേഷിക്കെ വിജയം പിടിച്ചടക്കുകയായിരുന്നു. അവസാന ഓവറുകളിലെ വെടിക്കെട്ടാണ് ടീമിന് വിജയം സമ്മാനിച്ചത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് താരതമ്യേന മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാര്‍ ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയൊരുക്കി. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ പ്രോട്ടിയാസ് ബൗളര്‍മാര്‍ ശേഷം മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ അനുവദിക്കാതെ ഇന്ത്യയെ പിടിച്ചുകെട്ടി.
ടീം സ്‌കോര്‍ 102ല്‍ നില്‍ക്കവെ ഇന്ത്യയ്ക്ക് ആറാം വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ എട്ടാം നമ്പറില്‍ ക്രീസിലെത്തിയ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന്റെ കരുത്തില്‍ ഇന്ത്യ തിരിച്ചുവന്നു.
102ന് ആറ് എന്ന നിലയില്‍ നിന്നും 251/9 എന്ന നിലയിലെത്തിച്ച ശേഷമാണ് റിച്ച കളം വിട്ടത്. 11 ഫോറും നാല് സിക്‌സറും അടക്കം 77 പന്തില്‍ 94 റണ്‍സ് നേടിയാണ് റിച്ച ഘോഷ് പുറത്തായത്. അവസാന ഓവറിലെ നാലാം പന്തിലാണ് അര്‍ഹിച്ച സെഞ്ച്വറിക്ക് ആറ് റണ്‍സകലെ റിച്ച മടങ്ങുന്നത്. നാദിന്‍ ഡി ക്ലെര്‍ക്കിന്റെ പന്തില്‍ ക്ലോ ട്രയോണിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
അടുത്ത പന്തില്‍ ചാരിണിയും പുറത്തായതോടെ ഇന്ത്യ 49.5 ഓവറില്‍ 251ലെത്തി.
സൗത്ത് ആഫ്രിക്കയ്ക്കായി ക്ലോ ട്രയോണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നോന്‍കുലുലേകോ എംലാബ, മാരിസാന്‍ കാപ്പ്, നാദിന്‍ ഡി ക്ലെര്‍ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും തുമി സേഖുഖുനെ ഒരു താരത്തെയും മടക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് തുടക്കം പാളിയിരുന്നു. കഴിഞ്ഞ മത്സരത്തിലെ സെഞ്ചൂറിയന്‍ ടാസ്മിന്‍ ബ്രിറ്റ്‌സിനെ പൂജ്യത്തിന് പുറത്താക്കി ക്രാന്തി ഗൗഡ് മടക്കി. ന്യൂസിലാന്‍ഡിനെതിരെ ബ്രിറ്റ്‌സിനൊപ്പം ഉറച്ചുനിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ച സ്യൂന്‍ ലസും ഒറ്റയക്കത്തിന് മടങ്ങി.
ഒരുവശത്ത് ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ് ചെറുത്തുനിന്നെങ്കിലും മറുവശത്തെ ആക്രമിച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ സൗത്ത് ആഫ്രിക്കയെ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടു. 81/5 എന്ന നിലയിലേക്ക് വീണിട്ടും വോള്‍വാര്‍ഡ് ചെറുത്തുനിന്നു. ടീം സ്‌കോര്‍ 142ല്‍ നില്‍ക്കവെ ആറാം വിക്കറ്റായി മടങ്ങുന്നതിന് മുമ്പേ 70 റണ്‍സ് താരം സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചു.
വിജയത്തിന് 110 റണ്‍സകലെ ക്യാപ്റ്റന്‍ ലോറയും മടങ്ങിയതോടെ ഇന്ത്യന്‍ ആരാധകര്‍ വിജയപ്രതീക്ഷ വെച്ചുപുലര്‍ത്തി. എന്നാല്‍ അവര്‍ക്ക് സര്‍പ്രൈസ് നല്‍കിക്കൊണ്ടാണ് നാദിന്‍ ഡി ക്ലെര്‍ക് ക്രീസിലെത്തിയത്.
ക്ലോ ട്രയോണിനെ കൂട്ടുപിടിച്ച് ഏഴാം വിക്കറ്റില്‍ 69 റണ്‍സിന്റെ കൂട്ടുകെട്ടുമായി ക്ലെര്‍ക് തിളങ്ങി. ടീം സ്‌കോര്‍ 211ല്‍ നില്‍ക്കവെ ഏഴാം വിക്കറ്റായി ട്രയോണ്‍ പുറത്തായി. 49 റണ്‍സാണ് താരം സ്വന്തമാക്കിയത്.
എന്നാല്‍ പിന്നാലെയെത്തിയ അയബോംഗ ഖാക്കയെ ഒരറ്റത്ത് നിര്‍ത്തിയ ക്ലെര്‍ക് പ്രോട്ടിയാസിനെ വിജയത്തിലേക്ക് നയിച്ചു.
അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചൊതുക്കുന്ന കാഴ്ചയ്ക്കാണ് വിശാഖപട്ടണം സാക്ഷ്യം വഹിച്ചത്. 44 ഓവര്‍ പിന്നിടുമ്പോള്‍ 192 എന്ന നിലയിലായിരുന്നു പ്രോട്ടിയാസ്. 36 പന്തില്‍ വിജയിക്കാന്‍ വേണ്ടത് 60 റണ്‍സ്.
അടുത്ത അഞ്ച് ഓവറില്‍ ടി-20 ഫോര്‍മാറ്റില്‍ ബാറ്റ് വീശിയാണ് പ്രോട്ടിസായ് വിജയം സ്വന്തമാക്കിയത്. ക്രാന്തി ഗൗഡ്, സ്‌നേഹ് റാണ, ദീപ്തി ശര്‍മ എന്നിവരെ മാറി മാറി പ്രഹരിച്ച പ്രോട്ടിയാസ് ഏഴ് പന്ത് ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
എട്ട് ഫോറും അഞ്ച് സിക്‌സറും അടക്കം 54 പന്തില്‍ പുറത്താകാതെ 84 റണ്‍സാണ് നാദിന്‍ ഡി ക്ലെര്‍ക് സ്വന്തമാക്കിയത്. 155.56 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ ക്ലെര്‍ക് തന്നെയാണ് കളിയിലെ താരവും.
Content Highlight: ICC Women’s World Cup: South Africa defeated India