ഐ.സി.സി വനിതാ ലോകകപ്പില്‍ അക്കൗണ്ട് തുറന്ന് പാകിസ്ഥാന്‍. ഇംഗ്ലണ്ടിനെതിരായ മത്സരം ഫലമില്ലാതെ പിരിഞ്ഞതോടെയാണ് പാകിസ്ഥാന് ആദ്യ പോയിന്റ് ലഭിച്ചത്. മഴയെടുത്ത മത്സരത്തിന് പിന്നാലെ ഇരു ടീമുകളും പോയിന്റ് പങ്കുവെക്കുകയായിരുന്നു.
ഇതുവരെ കളിച്ച നാല് മത്സരത്തില്‍ ഒന്നില്‍പ്പോലും വിജയിക്കാന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല. ഇതിന് മുമ്പ് കളത്തിലിറങ്ങിയ മൂന്ന് മത്സരത്തില്‍ മൂന്നിലും പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. പാകിസ്ഥാന് പുറമെ ശ്രീലങ്കയും ഇതുവരെ ഒറ്റ മത്സരത്തിലും വിജയിച്ചിട്ടില്ല.
മോശം കാലാവസ്ഥ മൂലം ഇംഗ്ലണ്ട് – പാകിസ്ഥാന്‍ മത്സരം 31 ഓവറായി ചുരുക്കിയിരുന്നു. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.
നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. 51 പന്തില്‍ 33 റണ്‍സ് നേടിയ ചാര്‍ളി ഡീനാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറര്‍. ഹീതര്‍ നൈറ്റും എമിലി ആര്‍ലോട്ടും 18 റണ്‍സ് വീതം നേടി.
പാകിസ്ഥാനായി ക്യാപ്റ്റന്‍ ഫാത്തിമ സന നാല് വിക്കറ്റ് വീഴ്ത്തി. സാദിയ ഇഖ്ബാല്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റമീന്‍ ഷമിം, ഡയാന ബായ്ഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ഫാത്തിമ സന
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ ഒരൊറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ 34 എന്ന നിലയില്‍ നില്‍ക്കവെ മഴയെത്തുകയും മത്സരം ഉപേക്ഷിക്കുകയുമായിരുന്നു.
ഈ മാച്ചിന് പിന്നാലെ പാകിസ്ഥാന്‍ അവസാന സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.
ഒക്ടോബര്‍ 18നാണ് പാകിസ്ഥാന്‍ അടുത്ത മത്സരത്തിനിറങ്ങുന്നത്. കൊളംബോയില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍. അടുത്ത ദിവസം ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെയും നേരിടും.
Content Highlight: ICC Women’s World Cup: Pakistan vs England match ended in no result