| Friday, 31st October 2025, 6:58 am

അണിയറയില്‍ സൗത്ത് ആഫ്രിക്ക vs ഇന്ത്യ ഫൈനല്‍; 2025 വീണ്ടും അതിന്റെ മാജിക് കാണിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

കിരീടമില്ലാത്തവര്‍ കിരീടം സ്വന്തമാക്കുന്ന വര്‍ഷം, ഇങ്ങനെയായിരുന്നു 2025നെ കായികലോകത്ത് അടയാളപ്പെടുത്തിയത്. ഹൊബാര്‍ട്ട് ഹറികെയ്ന്‍സ് ചരിത്രത്തിലാദ്യമായി തങ്ങളുടെ ബിഗ് ബാഷ് ലീഗ് കിരീടവും ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കും പരിഹാസങ്ങള്‍ക്കും ഒടുവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതും 2025ലായിരുന്നു.

കിരീടവുമായി ആർ.സി.ബി

ഇതിനെല്ലാം പുറമെ സൗത്ത് ആഫ്രിക്കന്‍ പുരുഷ ടീമിന്റെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയവും 2025ലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് മൊമെന്റായി അവസേഷിച്ചു. ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ചരിത്രത്തിലെ ആദ്യ ഐ.സി.സി കിരീടം തെംബ ബാവുമയിലൂടെ പ്രോട്ടിയാസ് ശിരസിലണിഞ്ഞു.

ടെസ്റ്റ് മെയ്സുമായി ബാവുമ

ഏറെ കാലത്തെ കിരീടവരള്‍ച്ചയ്ക്ക് അന്ത്യമിട്ട് ക്രിസ്റ്റല്‍ പാലസ് എഫ്.എ കപ്പും കമ്മ്യൂണിറ്റി ഷീല്‍ഡും സ്വന്തമാക്കിയപ്പോള്‍ ടോട്ടന്‍ഹാം ഹോട്‌സ്പര്‍ യുവേഫ യൂറോപ്പ ലീഗ് കിരീടവും ന്യൂകാസില്‍ യുണൈറ്റഡ് കരബാവോ കിരീടവും സ്വന്തമാക്കി. അന്താരാഷ്ട്ര തലത്തിലോ ക്ലബ്ബ് തലത്തിലോ ഒറ്റ കിരീടം പോലും നേടാന്‍ സാധിക്കാതെ പോയ ഹാരി കെയ്‌നിനെയും 2025 കൈവിട്ടില്ല.

ക്രിസ്റ്റല്‍പാലസ്, ടോട്ടന്‍ഹാം, ന്യൂകാസില്‍ ടീമുകള്‍ കിരീടവുമായി

ഈ ട്രെന്‍ഡിന്റെ തുടര്‍ച്ചയാണ് 2025 വനിതാ ഏകദിന ലോകകപ്പ് ഫൈനലും. ഫൈനലിലെത്തിയ ടീമുകളില്‍ ആര് തന്നെ വിജയിച്ചാലും അവരുടെ ആദ്യ കിരീടമായിരിക്കുമിത്. കിരീടപ്പോരാട്ടത്തില്‍ കൊമ്പുകോര്‍ക്കാനിറങ്ങുന്ന സൗത്ത് ആഫ്രിക്ക, ഇന്ത്യ ടീമുകള്‍ ഇതുവരെ ഒരു മേജര്‍ ഐ.സി.സി സീനിയര്‍ ട്രോഫി വിജയിച്ചിട്ടില്ല.

ആദ്യ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 125 റണ്‍സിന്റെ കൂറ്റന്‍ വിജയം നേടിയാണ് സൗത്ത് ആഫ്രിക്ക ഫൈനലിന് ടിക്കറ്റെടുത്തത്. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ ചരിത്ര സെഞ്ച്വറിയും മാരിസന്‍ കാപ്പിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെയും കരുത്തില്‍ 125 റണ്‍സിന്റെ വിജയമാണ് പ്രോട്ടിയാസ് വനിതകള്‍ സ്വന്തമാക്കിയത്. സൗത്ത് ആഫ്രിക്കയുടെ ആദ്യ ഐ.സി.സി വനിതാ ലോകകപ്പ് ഫൈനലാണിത്.

രണ്ടാം സെമി ഫൈനലില്‍ കരുത്തരായ ഓസ്‌ട്രേലിയയെ തകര്‍ത്തുകൊണ്ടാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. സൂപ്പര്‍ താരം ഫോബ് ലീച്ച്ഫീല്‍ഡിന്റെ സെഞ്ച്വറിക്ക് ജെമീമ റോഡ്രിഗസിന്റെ സെഞ്ച്വറിയിലൂടെ മറുപടി നല്‍കിയാണ് ഇന്ത്യ തങ്ങളുടെ മൂന്നാം ഐ.സി.സി ഏകദിന ലോകകപ്പ് ഫൈനലിന് ടിക്കറ്റെടുത്തത്. ആദ്യമായി ഫൈനലിലെത്തിയ 2005ല്‍ ഓസ്‌ട്രേലിയയോടും ഒടുവില്‍ ഫൈനലിലെത്തിയ 2017ല്‍ ഇംഗ്ലണ്ടിനോടും ടീം പരാജയപ്പെട്ടു.

ഇപ്പോള്‍ മറ്റൊരു കിരീടപ്പോരാട്ടത്തിനും ഇന്ത്യ യോഗ്യത നേടിയിരിക്കുകയാണ്. തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടത്തിനാകും നവി മുംബൈ സാക്ഷ്യം വഹിക്കുക.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ നേരത്തെ സൗത്ത് ആഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. വിശാഖപട്ടണത്തില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു പ്രോട്ടിയാസിന്റെ വിജയം. റിച്ച ഘോഷിന്റെ (77 പന്തില്‍ 97) ഇന്ത്യ ഉയര്‍ത്തിയ 252 റണ്‍സിന്റെ വിജയലക്ഷ്യം ഏഴ് പന്ത് ശേഷിക്കെ സൗത്ത് ആഫ്രിക്ക മറികടന്നു.

കിരീടമില്ലാത്ത രണ്ട് ടീമുകള്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ഈ ലോകകപ്പില്‍ പുതിയ ചാമ്പ്യന്‍മാര്‍ പിറക്കുമെന്നുറപ്പാണ്.

രണ്ട് വര്‍ഷം മുമ്പ് പുരുഷ ടീമിന് സ്വന്തം മണ്ണില്‍ കിരീടം നേടാന്‍ സാധിക്കാതെ പോയതിന്റെ കയ്‌പേറിയ ഓര്‍മകള്‍ ഹര്‍മന്റെ മനസിലുണ്ടാകും. സ്വന്തം മണ്ണില്‍, സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കിരീടം നേടുക എന്നത് തന്നെയായിരിക്കും ഇന്ത്യയുടെ ലക്ഷ്യം.

Content Highlight: ICC Women’s World Cup: India will face South Africa in finals

We use cookies to give you the best possible experience. Learn more