| Wednesday, 15th October 2025, 6:06 pm

തോറ്റ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; ശിക്ഷയിങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി വനിതാ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കില്‍ ഇന്ത്യയ്ക്ക് പിഴ വിധിച്ച് ഐ.സി.സി. മാച്ച് ഫീസിന്റെ അഞ്ച് ശതമാനമാണ് ഇന്ത്യ പിഴയായി ഒടുക്കേണ്ടി വരിക.

ഐ.സി.സി ഇന്റര്‍നാഷണല്‍ മാച്ച് റഫറി പാനലിലെ മൈക്കല്‍ ഫെരേരയാണ് ഇന്ത്യയ്‌ക്കെതിരെ ശിക്ഷ വിധിച്ചത്.

നിശ്ചിത സമയത്ത് വെറും ഒരു ഓവര്‍ മാത്രമായിരുന്നു ഇന്ത്യ പിന്നിലെന്നതും ശ്രദ്ധേയമാണ്. ഓണ്‍ഫീല്‍ഡ് അമ്പയര്‍മാരായ സ്യൂ റെഡ്‌ഫേണ്‍, നിമാലി പെരേര, മൂന്നാം അമ്പയര്‍ കിം കോട്ടണ്‍, നാലാം അമ്പയര്‍ ജാക്വിലിന്‍ വില്യംസ് എന്നിവരാണ് ഇന്ത്യയ്ക്ക് മേല്‍ മോശം ഓവര്‍ നിരക്കിന്റെ പേരില്‍ കുറ്റം ചുമത്തിയത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ കുറ്റം സമ്മതിച്ചതിനാല്‍ തന്നെ ഒഫീഷ്യല്‍ ഹിയറിങ് ഉണ്ടായേക്കില്ല.

മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. വിശാഖിലെ എ.സി.എ-വി.ഡി.സി.എ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 330 റണ്‍സിന്റെ വിജയലക്ഷ്യം അലീസ ഹീലിയുടെ സെഞ്ച്വറി കരുത്തില്‍ ഓസ്‌ട്രേലിയ വിജയം പിടിച്ചടക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സ്മൃതി മന്ഥാന (66 പന്തില്‍ 80), പ്രതീക റാവല്‍ (96 പന്തില്‍ 75), ഹര്‍ലീന്‍ ഡിയോള്‍ (42 പന്തില്‍ 38) എന്നിവരുടെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.

ഓസ്‌ട്രേലിയക്കായി അന്നബെല്‍ സതര്‍ലന്‍ഡ് അഞ്ച് വിക്കറ്റുമായി തിളങ്ങി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സോഫി മോളിനക്‌സും മികച്ച പ്രകടനം പുറത്തെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ അലീസ ഹീസലിയുടെ കരുത്തില്‍ വിജയം പിടിച്ചടക്കുകയായിരുന്നു. 107 പന്ത് നേരിട്ട താരം 142 റണ്‍സാണ് അടിച്ചെടുത്തത്. 21 ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

അതേസമയം, ഓസ്‌ട്രേലിയ നാളെ (വ്യാഴം) അടുത്ത മത്സരത്തിനിറങ്ങും. വിശാഖില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍.

ഞായറാഴ്ചയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടാണ് എതിരാളികള്‍.

Content Highlight: ICC Women’s’ World Cup: India have been fined for slow over-rate

We use cookies to give you the best possible experience. Learn more