വെറും 69 റണ്‍സ്, അതായിരുന്നു 2025 ഐ.സി.സി വനിതാ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് നേടാന്‍ സാധിച്ചത്. എറിഞ്ഞിട്ടത് നാറ്റ് സിവര്‍ ബ്രണ്ടിന്റെ ഇംഗ്ലണ്ടും. അന്ന് സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു, ‘ഇതല്ല ഞങ്ങള്‍, ഇതിലും മികച്ചവരാണ്. ഇതിലും മികച്ച ക്രിക്കറ്റ് കളിക്കാന്‍ പോന്നവരാണ്’.
ആ വാക്കുകള്‍ അടിവരയിടുന്നതായിരുന്നു പിന്നീടുള്ള പ്രോട്ടിയാസിന്റെ പ്രകടനം. തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ വിജയിച്ച് സെമി ഫൈനലിന് ടിക്കറ്റെടുത്തു. ആദ്യ ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നിരാശപ്പെടുത്തിയെങ്കിലും ആരാധകര്‍ക്ക് ലോറ വോള്‍വാര്‍ഡ് എന്ന ക്യാപ്റ്റനില്‍ പ്രതീക്ഷയേറെയായിരുന്നു.
സെമി ഫൈനലില്‍ നേരിടാനുണ്ടായിരുന്നത് തങ്ങളെ 69 റണ്‍സിന് പുറത്താക്കി പത്ത് വിക്കറ്റിന്റെ വിജയമാഘോഷിച്ച ഇംഗ്ലണ്ടിനെ. ഫൈനല്‍ പ്രവേശത്തിനൊപ്പം തോല്‍വിക്ക് തിരിച്ചടി, ഇതുമാത്രമായിരുന്നിരിക്കണം ക്യാപ്റ്റന്‍ ലോറയുടെ മനസിലുണ്ടായിരുന്നത്. സൗത്ത് ആഫ്രിക്ക മികച്ച പ്രകടനം പുറത്തെടുത്തു, സെമിയില്‍ നേടിയത് 319 റണ്‍സ്.
ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്ക 69ന് പുറത്തായപ്പോള്‍ സെമിയില്‍ ക്യാപ്റ്റന്‍ മാത്രം അടിച്ചെടുത്തത് 169 റണ്‍സാണ്. ഐ.സി.സി വനിതാ ലോകകപ്പില്‍ ഒരു താരത്തിന്റെ ഏറ്റവുമുയര്‍ന്ന നാലാമത് ഉയര്‍ന്ന സ്‌കോര്‍! മത്സരത്തില്‍ 5,000 ഏകദിന റണ്‍സെന്ന നേട്ടവും ലോറ സ്വന്തമാക്കി. ഈ റെക്കോഡ് സ്വന്തമാക്കുന്ന ആദ്യ പ്രോട്ടിയാസ് വനിതാ താരമായും ലോറ ചരിത്രത്തിലേക്ക് നടന്നുകയറി.
അസം, ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു. ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി സൗത്ത് ആഫ്രിക്കന്‍ ഓപ്പണര്‍മാര്‍ ഇംഗ്ലണ്ടിന്റെ സകല കണക്കുകൂട്ടലുകളും തെറ്റിച്ചു.
ടീം സ്‌കോര്‍ 116ല്‍ നില്‍ക്കവെ ടാസ്മിന്‍ ബ്രിറ്റ്‌സിനെ മടക്കി സോഫി എക്കല്‍സ്റ്റോണ്‍ ആദ്യ ബ്രേക് ത്രൂ സമ്മാനിച്ചു. 65 പന്തില്‍ 45 റണ്‍സാണ് താരം നേടിയത്. അതേ ഓവറില്‍ അനേക് ബോഷും ബ്രോണ്‍സ് ഡക്കായി മടങ്ങി. അധികം വൈകാതെ ഒരു റണ്‍സ് മാത്രം നേടിയ സ്യൂന്‍ ലസും തിരിച്ചുനടന്നു.
നാലാം വിക്കറ്റില്‍ മാരിസാന്‍ കാപ്പിനെ ഒപ്പം കൂട്ടി ക്യാപ്റ്റന്‍ ലോറ മറ്റൊരു മികച്ച പാര്‍ട്ണര്‍ഷിപ്പും പടുത്തുയര്‍ത്തി. 119ല്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് തകരുന്നത് 191ലാണ്. 33 പന്തില്‍ 42 റണ്‍സടിച്ച കാപ്പിനെ മടക്കി എക്കല്‍സ്റ്റോണ്‍ വീണ്ടും ബ്രേക് ത്രൂ സമ്മാനിച്ചു.
സിനാലോ ജാഫയും (നാല് പന്തില്‍ ഒന്ന്), അനെറിക് ഡെറിക്‌സണും (14 പന്തില്‍ നാല്) ഒറ്റയക്കത്തിന് മടങ്ങിയെങ്കിലും ക്ലോ ട്രയോണിനെ ഒപ്പം കൂട്ടി ലോറ തന്റെ മാജിക് തുടര്‍ന്നു. ഇരുവരും ചേര്‍ന്ന് 89 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
ഒടുവില്‍ ടീം സ്‌കോര്‍ 291ല്‍ നില്‍ക്കവെ ലോറ വോള്‍വാര്‍ഡിനെ പ്രോട്ടിയാസിന് നഷ്ടപ്പെട്ടു. 143 പന്തില്‍ 169 റണ്‍സുമായാണ് ലോറ തിരിച്ചുനടന്നത്. 20 ഫോറും നാല് സിക്‌സറും അടക്കം 118.18 സ്‌ട്രൈക് റേറ്റാണ് താരത്തിനുണ്ടായിരുന്നത്.
ഒടുവില്‍ സൗത്ത് ആഫ്രിക്ക 319/7 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ക്ലോ ട്രയോണ്‍ 26 പന്തില് 33 റണ്‍സും നാദിന്‍ ഡി ക്ലെര്‍ക് ആറ് പന്തില്‍ 11 റണ്‍സും നേടി പുറത്താകാതെ നിന്നു.
ഇംഗ്ലണ്ടിനായി സോഫി എക്കല്‍സ്റ്റോണ്‍ നാല് വിക്കറ്റ് വീഴ്ത്തി. ലോറന്‍ ബെല്‍ രണ്ട് താരങ്ങളെ മടക്കിയപ്പോള്‍ നാറ്റ് സിവര്‍ ബ്രണ്ട് ഒരു വിക്കറ്റും സ്വന്തമാക്കി.
Content highlight: ICC Women’s World Cup: ENG vs SA: Laura Wolvaardt scored 169 runs