| Tuesday, 21st October 2025, 7:08 am

ജയിക്കേണ്ട മാച്ച് തോല്‍ക്കാന്‍ ഇന്ത്യയേക്കാള്‍ മിടുക്കികള്‍; യാത്ര അവസാനിപ്പിച്ച് കടുവകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി വനിതാ ലോകകപ്പില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ആദ്യ വിജയം സ്വന്തമാക്കി ശ്രീലങ്ക. നവി മുംബൈയില്‍ നടന്ന മത്സരത്തില്‍ ഏഴ് റണ്‍സിനായിരുന്നു ചമാരിപ്പടയുടെ വിജയം.

ശ്രീലങ്ക ഉയര്‍ത്തിയ 203 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

കയ്യില്‍ കിട്ടിയ വിജയം ബംഗ്ലാദേശ് കൈവിട്ടുകളയുന്നതായിരുന്നു ആരാധകര്‍ കണ്ടത്. കഴിഞ്ഞ ദിവസം ഇന്ത്യ – ഇംഗ്ലണ്ട് മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതിനേക്കാള്‍ മോശം രീതിയിലായിരുന്നു ബംഗ്ലാദേശിന്റെ പരാജയം.

അവസാന 12 പന്തില്‍ ബംഗ്ലാദേശിന് വിജയിക്കാന്‍ വേണ്ടിയിരുന്നത് വെറും 12 റണ്‍സ്. കയ്യില്‍ ആറ് വിക്കറ്റും കയ്യിലുണ്ട്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന ക്രീസിലും ഉറച്ചുനില്‍ക്കുന്നു.

ഈ സാഹചര്യത്തില്‍ ബംഗ്ലാദേശ് വിജയം സ്വന്തമാക്കുമെന്ന് തന്നെയാണ് ലങ്കന്‍ ആരാധകര്‍ പോലും കരുതിയത്. എന്നാല്‍ ഈ 12 പന്തില്‍ ബംഗ്ലാദേശിന് നേടാന്‍ സാധിച്ചത് വെറും നാല് റണ്‍സാണ്. അഞ്ച് വിക്കറ്റും നഷ്ടപ്പെടുത്തി.

ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തു എറിഞ്ഞ അവസാന ഓവറില്‍ ബംഗ്ലാദേശിന് അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ വേണ്ടിയിരുന്നത് ഒമ്പത് റണ്‍സായിരുന്നു. വെറും ഒരു റണ്‍ മാത്രം വിട്ടുകൊടുത്ത് ഒരു റണ്‍ ഔട്ട് അടക്കം നാല് വിക്കറ്റുകളാണ അവസാന ഓവറില്‍ വീണത്.

ഓവറിലെ ആദ്യ പന്തില്‍ റബേയ ഖാതൂനിനെ ഒരു റണ്ണിന് മടക്കിയ ചമാരി അടുത്ത പന്തില്‍ നാഹിദ അക്തറിനെ റണ്‍ ഔട്ടായും മടക്കി. മറുവശത്തുള്ള ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയ്ക്ക് സ്‌ട്രൈക് കൈമാറുന്നതിനിടെയാണ് താരം പുറത്തായത്. എങ്കിലും സുല്‍ത്താന സ്‌ട്രൈക്കിലെത്തി.

97 പന്തില്‍ 77 റണ്‍സുമായി സുല്‍ത്താന ക്രീസില്‍ നില്‍ക്കവെ സാധ്യത ബംഗ്ലാദേശിന് തന്നെയായിരുന്നു. അവസാന നാല് പന്തുകള്‍ നേരിടാനെത്തിയ ബംഗ്ലാ ക്യാപ്റ്റനെ മൂന്നാം പന്തില്‍ നിലാക്ഷി ഡി സില്‍വയുടെ കൈകളിലെത്തിച്ച് ചമാരി കരുത്ത് കാട്ടി.

നാലാം പന്തില്‍ മാറൂഫ അക്തറും മടങ്ങി. ഇതോടെ ബംഗ്ലാദേശിന്റെ തോല്‍വി പൂര്‍ണമായും കുറിക്കപ്പെട്ടു.

ഈ ലോകകപ്പില്‍ ശ്രീലങ്കയുടെ ആദ്യ വിജയമാണിത്. ആറ് മത്സരത്തില്‍ നിന്നും നാല് പോയിന്റുമായി ലങ്ക ആറാം സ്ഥാനത്തേക്ക് കയറി. ആറ് മത്സരത്തില്‍ നിന്നും രണ്ട് പോയിന്റ് മാത്രമുള്ള ബംഗ്ലാദേശ് ഏഴാം സ്ഥാനത്തേക്ക് വീണു. ഇതോടെ ടീമിന്റെ ലോകകപ്പ് മോഹങ്ങള്‍ പൂര്‍ണമായും അവസാനിച്ചു.

Content Highlight: ICC Women’s World Cup: Bangladesh lost a match they could have won.

We use cookies to give you the best possible experience. Learn more