ഐ.സി.സി വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ബംഗ്ലാദേശിന് വിജയത്തുടക്കം. കൊളംബോയിലെ ആര്‍. പ്രേമദാസ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 130 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടന്നു.
മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഫാത്തിമ സന ബാറ്റിങ് തെരഞ്ഞെടുത്തു. എന്നാല്‍ ആ തീരുമാനം ആദ്യ ഓവറില്‍ തന്നെ പാളുന്ന കാഴ്ചയ്ക്കാണ് കൊളംബോ സാക്ഷ്യം വഹിച്ചത്.
ആദ്യ ഓവറില്‍ തന്നെ രണ്ട് പാക് താരങ്ങള്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ഓപ്പണര്‍ ഒമൈമ സൊഹൈല്‍, വണ്‍ ഡൗണായെത്തിയ സിദ്ര അമീന്‍ എന്നിവരെയാണ് പാകിസ്ഥാന് തുടക്കത്തിലേ നഷ്ടപ്പെട്ടത്. മറൂഫ അക്തറിനാണ് വിക്കറ്റ്.
തുടര്‍ന്ന് വന്നവര്‍ ഓരോരുത്തരും ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ബംഗ്ലാദേശ് ബൗളര്‍മാര്‍ പാക് പടയെ സമ്മര്‍ദത്തിലാഴ്ത്തി. ഒടുവില്‍ 129 റണ്‍സിന് ബംഗ്ലാദേശ് പാകിസ്ഥാനെ പുറത്താക്കുകയും ചെയ്തു.
39 പന്തില്‍ 23 റണ്‍സ് നേടിയ റമീന്‍ ഷമീമാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഫാത്തിമ സന 22 റണ്‍സ് നേടി രണ്ടാമത് മികച്ച റണ്‍ ഗെറ്ററായി.
ബംഗ്ലാദേശിനായി ഷോര്‍ന അക്തര്‍ മൂന്ന് വിക്കറ്റും നാഹിദ അക്തര്‍, മറൂഫ അക്തര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. റബേയ ഖാതൂന്‍, ഫാത്തിമ ഖാതൂന്‍, നിഷിത അക്തര്‍ നിഷി എന്നിവര്‍ ചേര്‍ന്ന് ശേഷിച്ച മൂന്ന് വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ഓപ്പണര്‍ ഫര്‍ഖാന്‍ ഹഖിനെ തുടക്കത്തിലേ നഷ്ടമായി. 17 പന്ത് നേരിട്ട് രണ്ട് റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.
എന്നാല്‍ റൂബേയ ഹൈദറിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ ബംഗ്ലാദേശ് വിജയം പിടിച്ചടക്കുകയായിരുന്നു. 77 പന്തില്‍ പുറത്താകാതെ 54 റണ്‍സാണ് താരം നേടിയത്.
ശോഭന മോസ്റ്ററി (19 പന്തില്‍ പുറത്താകാതെ 24), ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന (44 പന്തില്‍ 23) എന്നിവരുടെ ഇന്നിങ്‌സുമായതോടെ 123 പന്ത് ശേഷിക്കെ ബംഗ്ലാദേശ് വിജയം പിടിച്ചടക്കുകയായിരുന്നു.
Content Highlight: ICC Women’s World Cup: Bangladesh defeated Pakistan