ഐ.സി.സി വനിതാ ലോകകപ്പില്‍ പാകിസ്ഥാനെതിരെ കൂറ്റന്‍ വിജയവുമായി ഓസ്‌ട്രേലിയ. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 107 റണ്‍സിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍സ് ഉയര്‍ത്തിയ 222 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ വെറും 114ന് പുറത്തായി.
കളിച്ച മൂന്ന് മത്സരത്തില്‍ രണ്ട് ജയവുമായി തോല്‍വിയറിയാതെ അഞ്ച് പോയിന്റോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ഓസ്‌ട്രേലിയ. അതേസമയം, പാകിസ്ഥാന് ഇനിയും വിജയം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കളിച്ച മൂന്നിലും തോറ്റ് അവസാന സ്ഥാനത്താണ് പാക് പട.
മത്സരത്തില്‍ ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച പാകിസ്ഥാന്‍ മത്സരത്തില്‍ ഒരു വേള വിജയം സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. 30 റണ്‍സിനിടെ ഓപ്പണര്‍മാര്‍ രണ്ട് പേരെയും നഷ്ടപ്പെട്ട ഓസീസിന് 30 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റ് കൂടി നഷ്ടപ്പെട്ടു. 22 ഓവറിനിടെ സ്‌കോര്‍ 76ലെത്തിയപ്പോഴേക്കും ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട ഓസീസ് വന്‍ തകര്‍ച്ചയെയാണ് അഭിമുഖീകരിച്ചത്.
എന്നാല്‍ ഒരുവശത്ത് ബെത് മൂണി ഉറച്ചുനില്‍ക്കുകയും ഒമ്പതാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കുകയുമായിരുന്നു. പത്താം നമ്പറിലിറങ്ങിയ അലാന കിങ്ങാണ് മൂണിക്ക് പിന്തുണയുമായി ക്രീസില്‍ ഉറച്ചുനിന്നത്. 106 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഒമ്പതാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
എട്ടാം ഓവറിലെ മൂന്നാം പന്തില്‍ നാലാം നമ്പറിലാണ് മൂണി ക്രീസിലെത്തുന്നത്. ഓസീസ് ഇന്നിങ്‌സിന്റെ അവസാന പന്ത് വരെ കളത്തില്‍ തുടര്‍ന്ന ബെത് മൂണി, 114 പന്ത് നേരിട്ട 109 റണ്‍സ് നേടിയാണ് മടങ്ങിയത്. 11 ഫോറുകളടങ്ങുന്നതായിരുന്നു മൂണിയുടെ ഇന്നിങ്‌സ്.
49 പന്തില്‍ നിന്നും പുറത്താകാതെ 51 റണ്‍സാണ് അലാന കിങ് സ്വന്തമാക്കിയത്. മൂന്ന് വീതം സിക്‌സറും ഫോറുമാണ് താരം അടിച്ചെടുത്തത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഓസീസ് 221/9 എന്ന നിലയിലെത്തി.
പാകിസ്ഥാനായി നഷ്‌റ സന്ധു മൂന്ന് വിക്കറ്റ് വീഴ്ത്തി. റമീന്‍ ഷമീം ക്യാപ്റ്റന്‍ ഫാത്തിമ സന എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ സാദിയ ഇഖ്ബാല്‍, ഡിയാന ബായ്ഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിങ് യൂണിറ്റുകളിലൊന്നിനോട് പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താന്‍ അനുവദിക്കാതെ ഓസീസ് ബൗളര്‍മാര്‍ പാകിസ്ഥാനെ തളച്ചു. ഒപ്പം കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതും പാകിസ്ഥാന്റെ മേല്‍ സമ്മര്‍ദം ഇരട്ടിയാക്കി.
52 പന്തില്‍ 35 റണ്‍സടിച്ച സിദ്ര അമീന് മാത്രമാണ് ചെറുത്തുനില്‍ക്കാനെങ്കിലും സാധിച്ചത്. റമീന്‍ ഷമീം (64 പന്തില്‍ 15), ക്യാപ്റ്റന്‍ ഫാത്തിമ സന (12 പന്തില്‍ 11) എന്നിവരാണ് പാക് നിരയില്‍ ഇരട്ടയക്കം കണ്ട മറ്റ താരങ്ങള്‍.
ഒടുവില്‍ പാകിസ്ഥാന്‍ 114ന് പുറത്തായി. എക്‌സ്ട്രാസ് ഇനത്തില്‍ ലഭിച്ച 19 റണ്‍സാണ് പാകിസ്ഥാനെ നൂറ് കടത്തിയത്.
ഓസ്‌ട്രേലിയക്കായി കിം ഗാര്‍ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. അന്നബെല്‍ സതര്‍ലാന്‍ഡും മേഗന്‍ ഷട്ടും രണ്ട് വീതം പാക് താരങ്ങളെ പവലിയനിലേക്ക് മടക്കിയപ്പോള്‍ ആഷ്‌ലീ ഗാര്‍ഡ്ണര്‍, അലാന കിങ്, ജോര്‍ജിയ വെര്‍ഹാം എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി പാക് പതനം പൂര്‍ത്തിയാക്കി.
Content Highlight: ICC Women’s World Cup: Australia defeated Pakistan