ഐ.സി.സി വനിതാ ലോകകപ്പില്‍ ജയിച്ചുതുടങ്ങി ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ 89 റണ്‍സിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്.
ഓസ്‌ട്രേലിയ ഉയര്‍ത്തിയ 327 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡ് 237ന് പുറത്തായി.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ സൂപ്പര്‍ താരം ആഷ്‌ലീഗ് ഗാര്‍ഡ്ണറിന്റെ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 83 പന്ത് നേരിട്ട താരം 115 റണ്‍സ് നേടിയാണ് മടങ്ങിയത്.
16 ഫോറും ഒരു സിക്‌സറുമടക്കം 138.55 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ആറാം നമ്പറില്‍ ക്രീസിലെത്തിയ താരം പിന്നാലെയെത്തിവര്‍ക്കൊപ്പം വലതും ചെറുതുമായ കൂട്ടുകെട്ടുകളും പടുത്തുയര്‍ത്തി.
സെഞ്ച്വറി നേടിയ ഗാര്‍ഡ്ണറിന് പുറമെ ഫോബ് ലീച്ച്ഫീല്‍ഡ് (31 പന്തില്‍ 45), കിം ഗാര്‍ത് (37 പന്തില്‍ 38), എല്ലിസ് പെറി (41 പന്തില്‍ 33) എന്നിവരും ഓസ്ട്രേലിയന്‍ ഇന്നിങ്സില്‍ നിര്‍ണായകമായി.
ഒടുവില്‍ അവസാന ഓവറിലെ മൂന്നാം പന്തില്‍ പത്താം വിക്കറ്റും നഷ്ടപ്പെട്ട ഓസീസ് 326ന് പോരാട്ടം അവസാനിപ്പിച്ചു.
വൈറ്റ് ഫേണ്‍സിനായി ലിയ തഹൂഹു, ജെസ് കേര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും അമേലിയ കേര്‍, ബ്രീയാം ഇല്ലിങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് റണ്‍സെടുക്കും മുമ്പ് രണ്ട് ഓപ്പണര്‍മാരെയും നഷ്ടപ്പെട്ടിരുന്നു. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ജോര്‍ജിയ പ്ലിമ്മര്‍ ഡയണ്ട് ഡക്കായി മടങ്ങി. സിംഗിളിന് ശ്രമിച്ച താരം റണ്‍ ഔട്ടായി മടങ്ങുകയായിരുന്നു.
സൂപ്പര്‍ താരം സൂസി ബേറ്റ്‌സിനെ രണ്ടാം ഓവറിലും ടീമിന് നഷ്ടപ്പെട്ടു. ഒമ്പത് പന്ത് പന്ത് നേരിട്ട താരം ഒറ്റ റണ്‍സ് പോലും നേടാതെതെയാണ് മടങ്ങിയത്.
മൂന്നാം വിക്കറ്റില്‍ അമേലിയ കേറിനെ ഒപ്പം കൂട്ടി ഇതിഹാസ താരം ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ ഇന്നിങ്‌സിന് അടിത്തറയൊരുക്കി. മൂന്നാം വിക്കറ്റില്‍ 75 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ പടുത്തിയര്‍ത്തിയത്.
56 പന്തില്‍ 33 റണ്‍സ് നേടിയ കേറിനെ മടക്കി അലാന കിങ് ഓസ്‌ട്രേലിയക്കാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു.
പിന്നാലെയെത്തിയവര്‍ക്കൊപ്പം ചേര്‍ന്ന് ക്യാപ്റ്റന്‍ ഡിവൈന്‍ സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ ആ കൂട്ടുകെട്ടുകള്‍ക്ക് അധികം ആയുസ് നല്‍കാതെ കൃത്യമായ ഇടവേളകളില്‍ ഓസീസ് വിക്കറ്റ് വീഴ്ത്തി.
ബ്രൂക് ഹാലിഡേ (38 പന്തില്‍ 28), മാഡി ഗ്രീന്‍ (18 പന്തില്‍ 20), ഇസി ഗേസ് (18 പന്തില്‍ 28) എന്നിവരെ ഒപ്പം കൂട്ടി ഡിവൈന്‍ വൈറ്റ് ഫേണ്‍സ് ആരാധകരുടെ പ്രതീക്ഷ കൈവിടാതെ കാത്തു.
43ാം ഓവറിലാണ് സോഫി ഡിവൈനിനെ പുറത്താക്കി ഓസീസ് മത്സരം പിടിച്ചടക്കാന്‍ ആരംഭിച്ചത്. അന്നബെല്‍ സതര്‍ലാന്‍ഡിന് വിക്കറ്റ് സമ്മാനിച്ചായിരുന്നു ക്യാപ്റ്റന്റെ മടക്കം. 112 പന്തില്‍ 112 റണ്‍സാണ് താരം നേടിയത്.
ഏഴാം വിക്കറ്റായി ഡിവൈനും മടങ്ങിയതോടെ ബാക്കിയെല്ലാം ചടങ്ങ് മാത്രമായി മാറി. 43.2 ഓവറില്‍ 237ല്‍ നില്‍ക്കവെ പത്താം വിക്കറ്റും നഷ്ടപ്പെട്ട ന്യൂസിലാന്‍ഡ് 89 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങി.
Content highlight: ICC Women’s World Cup: Australia defeated New Zealand