ഐ.സി.സി 2025 വനിതാ ഏകദിന ലോകകപ്പിന് ഇന്ന് തിരി തെളിയും. ഗുവാഹത്തി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയും ശ്രീലങ്കയുമാണ് ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തില്‍ തന്നെ വിജയിച്ച് ടൂര്‍ണമെന്റ് തുടങ്ങാനാണ് ഹര്‍മന്‍പ്രീത് കൗറിന്റെ കീഴില്‍ ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം.
രണ്ട് പ്രാവശ്യം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ കിരീടം ഇത്തവണയെങ്കിലും അക്കൗണ്ടിലെത്തിക്കുക എന്നതില്‍ കുറഞ്ഞതൊന്നും സ്വന്തം മണ്ണില്‍ ഒരു ലോകകപ്പിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ വനിതകള്‍ പ്രതീക്ഷിക്കുന്നില്ല. മറുവശത്ത് ലങ്കന്‍ വനിതകളും ആദ്യ കിരീടം തന്നെയാണ് ഉന്നമിടുന്നത്.
It’s Match 1 of #CWC25 as hosts India and Sri Lanka kick things off in Guwahati 🏏
ഇന്ന് തുടങ്ങുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയടക്കം എട്ട് ടീമുകളാണ് കളത്തിലിറങ്ങുക. ഇന്ത്യയെ കൂടാതെ, ഓസ്‌ട്രേലിയ, ശ്രീലങ്ക, ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. ഓസ്‌ട്രേലിയയാണ് നിലവിലെ ചാമ്പ്യന്മാര്‍.
നവംബര്‍ രണ്ടിന് നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പ് സ്റ്റേജില്‍ 28 മത്സരങ്ങളാണ് നടക്കുക. പിന്നീട് രണ്ട് സെമി ഫൈനല്‍ മത്സരങ്ങളും ഫൈനലും അരങ്ങേറും. ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകളാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടുക.
ഇന്ത്യയിലും ശ്രീലങ്കയിലുമായി അഞ്ച് വേദികളിലാണ് വനിത ഏകദിന ലോകകപ്പ് നടക്കുന്നത്. ഡോ. ഡി.വൈ. പാട്ടീല്‍ സ്‌പോര്‍ട്‌സ് സ്റ്റേഡിയം (നവി മുംബൈ), ബര്‍സാപര സ്റ്റേഡിയം (ഗുവാഹത്തി, അസം), എ.സി.എ-വി.ഡി.സി.എ സ്റ്റേഡിയം (വിശാഖപട്ടണം), ഹോല്‍കര്‍ സ്റ്റേഡിയം (ഇന്‍ഡോര്‍) എന്നിവയാണ് ഇന്ത്യയിലെ വേദികള്‍.
ശ്രീലങ്കയിലെ മത്സരങ്ങള്‍ നടക്കുക കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ്. പാകിസ്ഥാന്‍ ടീമിന്റെ എല്ലാ മത്സരങ്ങളും ഈ വേദിയിലാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. നിലവില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ കളിക്കാന്‍ പാക് ടീം വിസമ്മതിച്ചതോടെയാണ് ടീമിന്റെ മത്സരങ്ങള്‍ ഇവിടേക്ക് മാറ്റിയത്.
അതുകൊണ്ട് തന്നെ പാക് ടീമിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും ഒരു സെമി ഫൈനലിന്റെയും ഫൈനലിന്റെയും വേദികള്‍ നിശ്ചയിക്കുക. പാകിസ്ഥാന്‍ സെമി ഫൈനലില്‍ യോഗ്യത നേടിയാല്‍ ഒരു മത്സരം കൊളംബോയിലാവും നടക്കുക. ഫൈനലിന്റെയും സ്ഥിതി ഇത് തന്നെയാണ്.
അതേസമയം, ടൂര്‍ണമെന്റിനായി മികച്ച തയ്യാറെടുപ്പോടെയാണ് ഇന്ത്യന്‍ വനിതകള്‍ എത്തിയിരിക്കുന്നത്. ലോകകപ്പിന് മുന്നോടിയായി നടന്ന ഓസ്ട്രേലിയക്കെതിരെയായ ഏകദിന പരമ്പരയില്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും മികച്ച പ്രകടനം നടത്തിയിരുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പര സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും മികച്ച ബാറ്റിങ് നടത്താന്‍ ടീമിന് സാധിച്ചിരുന്നു.