ഐ.സി.സി അണ്ടര്‍ 19 വിമന്‍സ് ടി-20 ലോകകപ്പില്‍ കിരീടമണിഞ്ഞ് ഇന്ത്യ. കോലാലംപൂരിലെ ബയൂമാസ് ഓവലില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന് സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടണിഞ്ഞത്.
സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 83 റണ്‍സിന്റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. ലോകകപ്പിന്റെ ആദ്യ എഡിഷനില്‍ ഷെഫാലി വര്‍മയുടെ നേതൃത്വത്തില്‍ കപ്പുയര്‍ത്തിയ ഇന്ത്യ രണ്ടാം സീസണില്‍ നിക്കി പ്രസാദിലൂടെയും കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ്.
𝗖. 𝗛. 𝗔. 𝗠. 𝗣. 𝗜. 𝗢. 𝗡. 𝗦! 🏆#TeamIndia 🇮🇳 are the ICC U19 Women’s T20 World Cup 2025 Champions 👏 👏
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്കയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. ഓപ്പണര്‍ സിമോണ്‍ ലോറന്‍സ് പൂജ്യത്തിന് പുറത്തായി. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ കൈല റെയ്‌നെക് അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ഒറ്റയക്കത്തിന് കൂടാരം കയറി.
18 പന്തില്‍ 23 റണ്‍സ് നേടിയ എം. വാന്‍ വൂസ്റ്റാണ് ടോപ് സ്‌കോറര്‍. ജെമ്മ ബോത (14 പന്തില്‍ 16) ഫേയ് കൗളിങ് (20 പന്തില്‍ 15), വിക്കറ്റ് കീപ്പര്‍ കാര്‍ബോ മെസോ (26 പന്തില്‍ പത്ത്) എന്നിവര്‍ക്ക് മാത്രമാണ് പ്രോട്ടിയാസ് നിരയില്‍ ഇരട്ടയക്കം കാണാന്‍ സാധിച്ചത്.
ഒടുവില്‍ വെറും 82 റണ്‍സിന് സൗത്ത് ആഫ്രിക്ക പോരാട്ടം അവസാനിപ്പിച്ചു.
ഇന്ത്യയ്ക്കായി തൃഷ ഗോംഗാഡി മൂന്ന് വിക്കറ്റ് നേടി. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് തൃഷ മൂന്ന് പ്രോട്ടിയാസ് കൗമാര താരങ്ങളെ തിരിച്ചയച്ചത്.
ഇന്ത്യയുടെ വജ്രായുധങ്ങളായ പരുണിക സിസോസദിയ, ആയുഷി ശുക്ല, വൈഷ്ണവി ശര്‍മ എന്നീ ഇടംകയ്യര്‍ സ്പിന്നര്‍മാര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ഷബ്‌നമാണ് ശേഷിച്ച വിക്കറ്റെടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വിക്കറ്റ് കീപ്പര്‍ ജി. കമാലിനിയെ തുടകത്തിലേ നഷ്ടമായി. സൂപ്പര്‍ സിക്‌സിലെ അവസാന മത്സരത്തിലും ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടിയ കമാലിനി കലാശപ്പോരാട്ടത്തില്‍ 13 പന്തില്‍ എട്ട് റണ്‍സ് നേടിയാണ് മടങ്ങിയത്. കൈല റെയ്‌നെക്കാണ് വിക്കറ്റെടുത്തത്.
കമാലിനിയെ നഷ്ടമായെങ്കിലും വണ്‍ ഡൗണായെത്തിയ സനിക ചല്‍കയെ ഒപ്പം കൂട്ടി തൃഷ ഗോംഗാഡി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഒടുവില്‍ പ്രോട്ടിയാസ് ഉയര്‍ത്തിയ 83 റണ്‍സിന്റെ വിജയലക്ഷ്യം 11.2 ഓവറില്‍ സ്വന്തമാക്കി ഇരുവരും ഇന്ത്യയെ കിരീടം ചൂടിക്കുകയും ചെയ്തു.