| Tuesday, 16th September 2025, 8:33 am

പാകിസ്ഥാന്‍ പുറത്തേക്കോ? കൈകൊടുക്കല്‍ വിവാദത്തില്‍ ടീമിന്റെ ആവശ്യം തള്ളാന്‍ ഐ.സി.സി

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിലെ കൈകൊടുക്കല്‍ വിവാദത്തില്‍ പാകിസ്ഥാന്റെ ആവശ്യം ഐ.സി.സി നിരസിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 14ന് ഇന്ത്യയുമായി നടന്ന മത്സരം നിയന്ത്രിച്ചിരുന്ന ഫീല്‍ഡ് അമ്പയര്‍ ആന്‍ഡി പൈക്രോഫ്റ്റിനെ അമ്പയര്‍ പാനലില്‍ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യമാണ് ഐ.സി.സി തള്ളുന്നത്. പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കില്‍ ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ പാക് ടീം ബഹിഷ്‌കരിക്കുമെന്ന് പി.സി.ബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന മത്സരത്തിന് ശേഷം ക്രിക്കറ്റിലെ പതിവ് രീതിയായ ഹസ്തദാനം നല്‍കാതെ ഇന്ത്യന്‍ താരങ്ങള്‍ ഫീല്‍ഡില്‍ നിന്ന് മടങ്ങിയിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. മത്സരത്തിലെ ടോസ് സമയത്തും ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് പാക് നായകന്‍ സല്‍മാന്‍ അലി ആഘയ്ക്ക് കൈ കൊടുത്തിരുന്നില്ല.

ഇതില്‍ പ്രതിഷേധിച്ച് പാക് ടീം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനും (എ.സി.സി) ഐ.സി.സിക്കും പരാതി നല്‍കിയിരുന്നു. ഇന്ത്യക്കൊപ്പം നിന്ന് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ ടൂര്‍ണമെന്റിന്റെ പാനലില്‍ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.

ടോസ് സമയത്ത് പൈക്രോഫ്റ്റ് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയോട് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് കൈ കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് കത്തില്‍ പറയുന്നു. ഈ പെരുമാറ്റം കായിക മനോഭാവത്തിന് എതിരാണെന്നും അതിനാല്‍ മാച്ച് റഫറിക്ക് എതിരെ നടപടി വേണമെന്നുമായിരുന്നു പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം.

എന്നാല്‍, ഈ ആവശ്യം ഐ.സി.സി നിരസിച്ചേക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഈ വിവാദങ്ങളില്‍ അമ്പയര്‍ക്ക് പങ്കില്ലെന്നാണ് ഐ.സി.സിയുടെ വിലയിരുത്തല്‍. അതിനാല്‍ തന്നെ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാവില്ലെന്നുമാണ് റിപ്പോര്‍ട്ട്. ഐ.സി.സി ഇതില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം, പാകിസ്ഥാന്റെ അടുത്ത മത്സരം നാളെ (സെപ്റ്റംബര്‍ 17) ആതിഥേയരായ യു.എ.ഇക്കെതിരെയാണ്. ഈ മത്സരത്തിലും അമ്പയറായി ആന്‍ഡി പൈക്രോഫ്റ്റ് തന്നെയാവുമെന്നാണ് റിപ്പോര്‍ട്ട്. പൈക്രോഫ്റ്റിനെതിരെ നടപടിയില്ലാത്ത സാഹചര്യത്തില്‍ പാകിസ്ഥാന്‍ ടീം ടൂര്‍ണമെന്റിലെ ബാക്കി മത്സരങ്ങള്‍ കളിച്ചേക്കുമോയെന്ന കാര്യം അനിശ്ചിതത്തിലാണ്.

പാകിസ്ഥാന്‍ ടീം ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ബഹിഷ്‌കരിച്ചാല്‍ അത് ടൂര്‍ണമെന്റിന് വലിയ തിരിച്ചടിയായേക്കും.

Content Highlight: ICC to reject Pakisthan Team plea to remove Andy Pycroft in no handshake controversy with Indian Team 

We use cookies to give you the best possible experience. Learn more