ഐ.സി.സി ടി-20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ സഞ്ജു സാംസണ് വീണ്ടും തിരിച്ചടി. പുതിയ അപ്‌ഡേഷന് ശേഷം അഞ്ച് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് താരം 34ാം റാങ്കിലേക്ക് വീണു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുമ്പ് 17ാം റാങ്കിലാണ് സഞ്ജുവുണ്ടായിരുന്നത്. എന്നാല്‍ തുടര്‍ പരാജയങ്ങള്‍ക്ക് പിന്നാലെ നേരത്തെ പുറത്തുവന്ന റാങ്കിങ്ങില്‍ 12 സ്ഥാനം നഷ്ടപ്പെട്ട് 29ാം സ്ഥാനത്തേക്കാണ് സഞ്ജു പടിയിറങ്ങിയത്. ഇപ്പോള്‍ അഞ്ച് റാങ്ക് കൂടി താഴേക്കിറങ്ങി 34ാം സ്ഥാനത്താണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍.
അതേസമയം, വാംഖഡെയില്‍ നേടിയ വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ അഭിഷേക് ശര്‍മ റാങ്കിങ്ങില്‍ വന്‍ നേട്ടമുണ്ടാക്കി. ഒറ്റയടിക്ക് 38 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം രണ്ടാം സ്ഥാനത്തെത്തി. കരിയര്‍ ബെസ്റ്റ് റേറ്റിങ്ങായ 829 പോയിന്റുമായാണ് ഇന്ത്യന്‍ ഓപ്പണര്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്.
കഴിഞ്ഞ ബുധനാഴ്ച പുറത്തുവന്ന റാങ്കിങ്ങില്‍ 59 സ്ഥാനം മെച്ചപ്പെടുത്തിയ താരം 40ാം റാങ്കിലെത്തിയിരുന്നു. അവിടെ നിന്നും ഒറ്റയടിക്ക് രണ്ടാം റാങ്കിലേക്കും നടന്നുകയറി.
പട്ടികയില്‍ ട്രാവിസ് ഹെഡ് ഒന്നാം സ്ഥാനത്ത് തുടരുകരയാണ്. രണ്ടാം റാങ്കിലേക്ക് അഭിഷേകിന്റെ വരവോടെ ടോപ് ടെന്നിലെ മറ്റ് താരങ്ങള്‍ക്കെല്ലാം ഓരോ റാങ്ക് വീതം നഷ്ടപ്പെട്ടു.
തിലക് വര്‍മ മൂന്നാം റാങ്കിലേക്കും ഫില്‍ സാള്‍ട്ട് നാലാം റാങ്കിലേക്കും വീണപ്പോള്‍ സൂര്യകുമാര്‍ അഞ്ചാം സ്ഥാനത്തേക്കും പടിയിറങ്ങി. നിലവില്‍ ടോപ് ഫൈവില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളാണ് ഇടം നേടിയിരിക്കുന്നത്.
(ഐ.സി.സി ടി-20 ബാറ്റര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക)
അതേസമയം, ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ആദില്‍ റഷീദിനെ രണ്ടാം സ്ഥാനത്തേക്ക് മടക്കി അകീല്‍ ഹൊസൈന്‍ ഒന്നാമതെത്തി. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ വരുണ്‍ ചക്രവര്‍ത്തി ആദില്‍ റഷീദിനൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയാണ്.
ഹസരങ്കയും ആദം സാംപയും ഓരോ റാങ്ക് വീതം നഷ്ടപ്പെട്ട് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിലെത്തിയപ്പോള്‍ രവി ബിഷ്‌ണോയ് നാല് റാങ്കുകള്‍ മെച്ചപ്പെടുത്തി ആറാമതെത്തി.
മഹീഷ് തീക്ഷണ ഏഴാം റാങ്കിലും റാഷിദ് ഖാന്‍ എട്ടാം റാങ്കിലും തുടരുകയാണ്. അര്‍ഷ്ദീപ് സിങ്ങിന് ഒരു സ്ഥാനം നഷ്ടപ്പെട്ടപ്പോള്‍ നാല് സ്ഥാനം പിന്നോട്ടിറങ്ങിയ ജോഫ്രാ ആര്‍ച്ചര്‍ പത്താമതാണ്.
(ഐ.സി.സി ടി-20 ബൗളര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക)
ഓള്‍ റൗണ്ടര്‍മാരില്‍ ഹര്‍ദിക് പാണ്ഡ്യ ഒന്നാമതും നേപ്പാള്‍ സൂപ്പര്‍ താരം ദീപേന്ദ്ര സിങ് ഐറി രണ്ടാം സ്ഥാനത്തും തുടരുകയാണ്. മാര്‍കസ് സ്‌റ്റോയ്‌നിസും മുഹമ്മദ് നബിയും ഓരോ റാങ്ക് മെച്ചപ്പെടുത്തിയപ്പോള്‍ ലിയാം ലിവിങ്‌സ്റ്റണ് ഒരു സ്ഥാനം നഷ്ടപ്പെട്ടു.
(ഐ.സി.സി ടി-20 ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക)