ഒക്ടോബര്‍ മാസത്തിനുള്ള ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പുറത്തുവിട്ടു. സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം സേനുരന്‍ മുത്തുസ്വാമി, പാകിസ്ഥാന്‍ സൂപ്പര്‍ സ്പിന്നര്‍ നോമന്‍ അലി, അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ റാഷിദ് ഖാന്‍ എന്നിവരാണ് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ താരങ്ങള്‍.
സൗത്ത് ആഫ്രിക്കയുടെ പാകിസ്ഥാന്‍ പര്യടനത്തിലെ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരമാണ് മുത്തുസ്വാമിയെ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലെത്തിച്ചത്. രണ്ട് ടെസ്റ്റില്‍ നിന്നുമായി 11 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ടെന്‍ഫറുമായാണ് മുത്തുസ്വാമി തിളങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ താരം രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റും സ്വന്തമാക്കി.
റാവല്‍പിണ്ടിയില്‍ നടന്ന മത്സരത്തില്‍ വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചില്ലെങ്കിലും മികച്ച ബൗളിങ് പ്രകടനമാണ് താരം പുറത്തെടുത്തത്. ഒപ്പം രണ്ട് ടെസ്റ്റില്‍ നിന്നുമായി 53.0 ശരാശരിയില്‍ 106 റണ്‍സും താരം അടിച്ചെടുത്തിരുന്നു.
ഒക്ടോബറിലെ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം സ്വന്തമാക്കാന്‍ സേനുരന്‍ മുത്തുസ്വാമിക്ക് സാധിച്ചാല്‍ ഈ നേട്ടത്തിലെത്തുന്ന ചരിത്രത്തിലെ മൂന്നാം പ്രോട്ടിയാസ് താരമെന്ന റെക്കോഡും ഇടംകയ്യന്‍ സ്പിന്നറെ തേടിയെത്തും. 2022 ജനുവരിയില്‍ കീഗന്‍ പീറ്റേഴ്‌സണും ഏപ്രിലില്‍ കേശവ് മഹാരാജുമാണ് ഈ പുരസ്‌കാരം സ്വന്തമാക്കിയ സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍.
ഇതേ പരമ്പരയിലെ മികച്ച പ്രകടനം തന്നെയാണ് നോമന്‍ അലിയെയും നോമിനേഷന്റെ ഭാഗമാക്കിയത്. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ താരം പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു.
4/112, 4/79 എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം. രണ്ടാം ടെസ്റ്റില്‍ നാല് വിക്കറ്റും താരം സ്വന്തമാക്കി. പരമ്പരയിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനും നോമന്‍ അലി തന്നെയായിരുന്നു.
ടെസ്റ്റ് ഫോര്‍മാറ്റില്‍ തിളങ്ങിയ രണ്ട് താരങ്ങള്‍ക്കും ചെക്ക് വെക്കാനുറച്ചാണ് അഫ്ഗാന്‍ സ്പിന്‍ മജീഷ്യന്‍ റാഷിദ് ഖാനെത്തുന്നത്. ബംഗ്ലാദേശിനും സിംബാബ്‌വേക്കുമെതിരായ വൈറ്റ് ബോള്‍ പരമ്പരകളാണ് താരത്തെ ഒക്ടോബര്‍ മാസത്തിലെ മികച്ച പുരുഷ താരത്തിനുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ കൊണ്ടെത്തിച്ചത്.
ഈ മാസം കളിച്ച അഞ്ച് ടി-20യില്‍ നിന്നും 4.82 എന്ന മികച്ച എക്കോണമിയില്‍ ഒമ്പത് വിക്കറ്റുകളാണ് റാഷിദ് ഖാന്‍ സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ 18 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയതും സിംബാബ്‌വേക്കെതിരായ രണ്ടാം ടി-20യില്‍ ഒമ്പത് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
എന്നാല്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം പിറവിയെടുത്തത് ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലാണ്. 2.73 എക്കോണമിയില്‍ 11 വിക്കറ്റുകളാണ് റാഷിദ് വീഴ്ത്തിയത്. താരത്തിന്റെ കരുത്തില്‍ അഫ്ഗാനിസ്ഥാന്‍ പരമ്പര 3-0ന് സ്വന്തമാക്കുകയും ചെയ്തു.
ആദ്യ മത്സരത്തിലും മൂന്നാം മത്സരത്തിലും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ താരം രണ്ടാം ഏകദിനത്തില്‍ ഫൈഫറുമായാണ് തിളങ്ങിയത്. 5/17 ആണ് രണ്ടാം ഏകദിനത്തില്‍ താരത്തിന്റെ പ്രകടനം.
Content Highlight: ICC Player Of the Month October, Nominations