ഒക്ടോബര്‍ മാസത്തിനുള്ള ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പുറത്തുവിട്ടു. സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം സേനുരന്‍ മുത്തുസ്വാമി, പാകിസ്ഥാന്‍ സൂപ്പര്‍ സ്പിന്നര്‍ നോമന്‍ അലി, അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ റാഷിദ് ഖാന്‍ എന്നിവരാണ് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ താരങ്ങള്‍.

സൗത്ത് ആഫ്രിക്കയുടെ പാകിസ്ഥാന്‍ പര്യടനത്തിലെ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരമാണ് മുത്തുസ്വാമിയെ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലെത്തിച്ചത്. രണ്ട് ടെസ്റ്റില്‍ നിന്നുമായി 11 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ടെന്‍ഫറുമായാണ് മുത്തുസ്വാമി തിളങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ താരം രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റും സ്വന്തമാക്കി.

റാവല്‍പിണ്ടിയില്‍ നടന്ന മത്സരത്തില്‍ വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചില്ലെങ്കിലും മികച്ച ബൗളിങ് പ്രകടനമാണ് താരം പുറത്തെടുത്തത്. ഒപ്പം രണ്ട് ടെസ്റ്റില്‍ നിന്നുമായി 53.0 ശരാശരിയില്‍ 106 റണ്‍സും താരം അടിച്ചെടുത്തിരുന്നു.

ഒക്ടോബറിലെ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം സ്വന്തമാക്കാന്‍ സേനുരന്‍ മുത്തുസ്വാമിക്ക് സാധിച്ചാല്‍ ഈ നേട്ടത്തിലെത്തുന്ന ചരിത്രത്തിലെ മൂന്നാം പ്രോട്ടിയാസ് താരമെന്ന റെക്കോഡും ഇടംകയ്യന്‍ സ്പിന്നറെ തേടിയെത്തും. 2022 ജനുവരിയില്‍ കീഗന്‍ പീറ്റേഴ്‌സണും ഏപ്രിലില്‍ കേശവ് മഹാരാജുമാണ് ഈ പുരസ്‌കാരം സ്വന്തമാക്കിയ സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍.

ഇതേ പരമ്പരയിലെ മികച്ച പ്രകടനം തന്നെയാണ് നോമന്‍ അലിയെയും നോമിനേഷന്റെ ഭാഗമാക്കിയത്. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ താരം പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു.