നിർണായകമായ മൂന്നാം ടെസ്റ്റിന് മുമ്പേ ഇന്ത്യക്ക് തിരിച്ചടിയോ? ഇന്ത്യയെ നിരാശപ്പെടുത്തുന്ന പിച്ച് റിസൾട്ട് പുറത്ത്
Cricket
നിർണായകമായ മൂന്നാം ടെസ്റ്റിന് മുമ്പേ ഇന്ത്യക്ക് തിരിച്ചടിയോ? ഇന്ത്യയെ നിരാശപ്പെടുത്തുന്ന പിച്ച് റിസൾട്ട് പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 24th February 2023, 11:26 am

ബോർഡർ-ഗവാസ്കർ ട്രോഫിയിൽ തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം.  ആദ്യ ടെസ്റ്റ്‌ ഇന്നിങ്സിനും 132 റൺസിനും വിജയിച്ച ഇന്ത്യൻ ടീം. രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത് ഒന്നാം ഇന്നിങ്സിൽ 263 റൺസെടുത്ത്‌ പുറത്തായ ഓസീസിനെതിരെ മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ടീം 262 റൺസിന് പുറത്തായിരുന്നു.

ശേഷം രണ്ടാം ഇന്നിങ്സിൽ ഓസീസിനെ 113 റൺസിന് ഒതുക്കാൻ കഴിഞ്ഞതോടെയാണ് ഇന്ത്യൻ ടീമിന്റെ വിജയം അനായാസമായത്.


115 റൺസിന്റെ വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യൻ ടീം ആറ് വിക്കറ്റുകൾ ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
31 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ, 31 റൺസെടുത്ത് പുറത്താവാതെ നിന്ന ചേതേശ്വർ പുജാര എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് ഇന്ത്യൻ ടീം വിജയ ലക്ഷ്യം മറികടന്നത്.

എന്നാൽ ഇന്ത്യക്ക് ഏറെ നിർണായകമായ മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്നേ തന്നെ ഇന്ത്യൻ ടീമിനെയും ബി.സി.സി.ഐയേയും നിരാശപ്പെടുത്തുന്ന ഒരു വാർത്ത പുറത്ത് വന്നിരിക്കുകയാണ്.

ആദ്യ രണ്ട് ടെസ്റ്റ്‌ മത്സരങ്ങൾ നടന്ന നാഗ്പൂരിലേയും ദൽഹിയിലെയും പിച്ചുകളുടെ നിലവാരം ഐ.സി.സി ഇപ്പോൾ പുറത്ത് വിട്ടിട്ടുണ്ട്.
ഐ.സി.സിയുടെ മാച്ച് റഫറിയായ ആൻഡി പൈക്രോഫ്റ്റാണ് സംഘടനക്ക് വേണ്ടി പിച്ചിന്റെ നിലവാരം പരിശോധിച്ച് ഫലം പുറത്ത് വിട്ടത്.
‘ശരാശരി’ ഗുണനിലവാരം മാത്രമുള്ള പിച്ച് എന്ന റിസൾട്ടാണ് നാഗ്പൂരിലെയും ദെൽഹിയിലേയും പിച്ചുകൾക്ക് ഐ.സി.സി നിർണയിച്ചു നൽകിയിരിക്കുന്നത്.

ആദ്യ രണ്ട് മത്സരങ്ങൾ നടന്ന പിച്ചിലും ഓസ്ട്രേലിയക്ക് ബാറ്റിങ്ങിൽ കാര്യമായൊന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.
രണ്ട് ടെസ്റ്റിലെയും അവസാന ഇന്നിങ്ങ്സുകളിൽ യഥാക്രമം 113,91എന്നീ സ്കോറുകൾ സ്വന്തമാക്കാനെ ഓസീസിന് സാധിച്ചിരുന്നുള്ളൂ.
ഇതിന് മുമ്പ് 2022 മാർച്ചിൽ ലങ്കക്കെതിരായ ടെസ്റ്റിനായി ഒരുക്കിയ പിച്ചിലും ഇന്ത്യക്ക് ഐ.സി.സി നെഗറ്റീവ് റേറ്റിങ്ങ് നൽകിയിരുന്നു.

കൂടാതെ 2017ലെ ഓസീസിനെതിരെയുള്ള പൂനെയിൽ വെച്ച് നടന്ന മത്സരത്തിലും മോശം റേറ്റിങ്ങാണ് പിച്ചിന് ഐ.സി.സി നൽകിയിരുന്നത്.

അതേസമയം ഇനി രണ്ട് മത്സരങ്ങളാണ് പരമ്പരയിൽ അവശേഷിക്കുന്നത്. ശേഷിക്കുന്ന മത്സരങ്ങളിൽ ഒന്നെങ്കിലും സമനിലയാക്കാൻ സാധിച്ചാൽ ടീം ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കും.

പരമ്പര നേടിയാൽ മാത്രമേ ഇന്ത്യൻ ടീമിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കാൻ സാധിക്കൂ.

 

Content Highlights:ICC gives average rating to Nagpur and Delhi pitches