സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യയ്ക്ക് പിഴ ചുമത്തി ഐ.സി.സി. പ്രോട്ടിയാസിനെതിരായ അവസാന മത്സരത്തില്‍ ലോ ഓവര്‍ റേറ്റിന്റെ പേരിലാണ് (കുറഞ്ഞ ഓവര്‍ നിരക്ക്) ഐ.സി.സി ഇന്ത്യയ്ക്ക് പിഴ ചുമത്തിയത്.
ഐ.സി.സി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.22 പ്രകാരം ഒരു ഓവര്‍ കുറഞ്ഞാല്‍ മാച്ച് ഫീയുടെ അഞ്ച് ശതമാനമാണ് പിഴയടയ്‌ക്കേണ്ടത്. എന്നാല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് രണ്ട് ഓവര്‍ ഷോര്‍ട്ടായതിനാല്‍ 10 ശതമാനമാണ് ഐ.സി.സി പിഴ ചുമത്തിയത്.
ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് ഓപ്പണറായ യശസ്വി ജെയ്‌സ്വാള്‍ കാഴ്ചവെച്ചത്. ഏകദിനത്തില്‍ കന്നി സെഞ്ച്വറി നേടിയാണ് താരം തകര്‍ത്താടിയത്. 121 പന്തില്‍ 12 ഫോറും 2 സിക്‌സും ഉള്‍പ്പെടെ പുറത്താകാതെ 116 റണ്‍സാണ് ജെയ്‌സ്വാള്‍ സ്വന്തമാക്കിയത്.
ജെയ്‌സ്വാളിന് പുറമെ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും വെടിക്കെട്ട് പ്രകടനമായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി കാഴ്ചവെച്ചത്. 73 പന്തില്‍ മൂന്ന് സിക്‌സറും ഏഴ് ഫോറും ഉള്‍പ്പെടെ 75 റണ്‍സാണ് ഹിറ്റ്മാന്‍ അടിച്ചെടുത്തത്. വിരാട് 45 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 65 റണ്‍സും നേടി.
ഇനി ഇന്ത്യയുടെ മുന്നിലുള്ളത് പ്രോട്ടിയാസിനെതിരെയുള്ള അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയാണ്. ഡിസംബര്‍ ഒമ്പതിന് ഒഡീഷയിലെ ബരാബതി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം അരങ്ങേറുന്നത്.
Content Highlight: ICC fines India for low over rate