ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക് കുതിച്ചിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.
ഓസ്‌ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 11 പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് കിങ് വിരാട് കോഹ്‌ലിയാണ്. സമ്മര്‍ദഘട്ടത്തില്‍ 98 പന്തില്‍ നിന്ന് അഞ്ച് ഫോര്‍ ഉള്‍പ്പെടെ 84 റണ്‍സാണ് താരം നേടിയത്. മത്സരത്തിലെ താരവും വിരാടായിരുന്നു.
വിമര്‍ശകരെ കാറ്റില്‍ പറത്തി ചാമ്പ്യന്‍സ് ട്രോഫിയില്‍ വമ്പന്‍ തിരിച്ചുവരവാണ് വിരാട് കാഴ്ചവെച്ചത്. ഇതോടെ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിങ് സിദ്ദു. വിരാടിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവരുടെ മുഖത്തടിക്കണമെന്നാണ് മുന്‍ താരം പറഞ്ഞത്. മാത്രമല്ല ഏകദിനത്തില്‍ വിരാട് മികച്ച താരമാണെന്നും അദ്ദേഹത്തിന്റെ ബാറ്റിങ് കാണാന്‍ നഗ്നപാദനായി 100 കിലോ മീറ്റര്‍ വരെ താന്‍ നടക്കുമെന്നും സിദ്ദു പറഞ്ഞു.
‘വിരാട് കോഹ്‌ലിയെ സംശയിച്ചവരുടെ മുഖത്ത് അടിക്കൂ. ഞാന്‍ എപ്പോഴും അദ്ദേഹത്തെയും ബാബര്‍ അസമിനെപ്പോലുള്ള കളിക്കാരെയും പിന്തുണച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിലേക്ക് നിരവധി മാച്ച് വിന്നര്‍മാരെ ചേര്‍ത്തതിന് വിരാടിനും രാഹുലിനും നന്ദി. ഈ ടീം അപരാജിതരാണ്.
ഏകദിനങ്ങളില്‍ ആളുകള്‍ നിരവധി റണ്‍സ് നേടിയിട്ടുണ്ട്. പക്ഷേ എത്ര മത്സരങ്ങള്‍ അവര്‍ വിജയിപ്പിച്ചിട്ടുണ്ട്? നാഴികക്കല്ലുകളേക്കാള്‍ വിജയമാണ് പ്രധാനം. ഇവിടെയാണ് വിരാട് എല്ലാവരേക്കാളും മുന്നിലുള്ളത്. അദ്ദേഹം തന്റെ രാജ്യത്തിനായി ചില്ലിലൂടെ നടക്കും, അതാണ് അദ്ദേഹത്തിന്റെ പ്രതിബദ്ധത. സന്തോഷം പകരാന്‍ വേണ്ടിയാണ് കോഹ്‌ലി ജനിച്ചത്, അദ്ദേഹത്തിന്റെ ബാറ്റിങ് കാണാന്‍ എനിക്ക് 100 കിലോമീറ്റര്‍ നഗ്‌നപാദനായി നടക്കാന്‍ കഴിയും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരെ സെഞ്ച്വറി നേടിയാണ് വിരാട് തന്റെ വരവ് അറിയിച്ചത്. 51ാം ഏകദിന സെഞ്ചറിയും ഒട്ടനവധി റെക്കോഡുകളും സ്വന്തമാക്കിയാണ് വിരാട് തന്റെ യാത്ര തുടരുന്നത്.
തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനാണ് ഇന്ത്യ ടിക്കറ്റെടുത്തിരിക്കുന്നത്. 2013ല്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് കപ്പുയര്‍ത്തിയ ഇന്ത്യ 2017ല്‍ പാകിസ്ഥാനോട് പരാജയപ്പെട്ടിരുന്നു. ഇപ്പോള്‍ ഒരിക്കല്‍ നേടിയതും ശേഷം നഷ്ടപ്പെടുത്തിയതുമായ കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.