ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ജയം സ്വന്തമാക്കി ഇന്ത്യ. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.
ബംഗ്ലാദേശ് ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. മുഹമ്മദ് ഷമിയുടെ ഫൈഫറും ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് തുണയായത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് തുടക്കത്തിലേ പിഴച്ചു. ആദ്യ രണ്ട് ഓവറില്‍ ക്യാപ്റ്റനെയടക്കം രണ്ട് താരങ്ങളെ നഷ്ടപ്പെട്ട ബംഗ്ലാദേശ് പത്ത് ഓവര്‍ പൂര്‍ത്തിയാകും മുമ്പ് 35/5 എന്ന നിലയിലേക്കും കൂപ്പുകുത്തി.
ആറാം വിക്കറ്റില്‍ സൂപ്പര്‍ താരങ്ങളായ തൗഹിദ് ഹൃദോയ്‌യുടെയും ജാക്കിര്‍ അലിയുടെയും ചെറുത്തുനില്‍പ്പാണ് ബംഗ്ലാദേശിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
ഹൃദോയ്യുടെ സെഞ്ച്വറിയുടെ ബലത്തിലാണ് ബംഗ്ലാദേശ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 118 പന്ത് നേരിട്ട താരം 100 റണ്‍സാണ് അടിച്ചെടുത്തത്. ആറ് ഫോറും രണ്ട് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
114 പന്തില്‍ 68 റണ്‍സാണ് ജാക്കിര്‍ അലി സ്വന്തമാക്കിയത്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ബംഗ്ലാദേശിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 154 റണ്‍സാണ് ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ടോട്ടലിലേക്ക് സംഭാവന ചെയ്തത്.
ടീം സ്‌കോര്‍ 35ല്‍ ഒന്നിച്ച ഇരുവരുടെയും കൂട്ടുകെട്ട് 189ലാണ് അവസാനിക്കുന്നത്. അലിയെ പുറത്താക്കി മുഹമ്മദ് ഷമിയാണ് ഇന്ത്യയ്ക്കാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്.
എന്നാല്‍ നേരിട്ട പന്തില്‍ തന്നെ അലിയെ പുറത്താക്കാനുള്ള അവസരം ഇന്ത്യയ്ക്ക് മുമ്പിലുണ്ടായിരുന്നു. എന്നാല്‍ ആ സുവര്‍ണാവസരം ഇന്ത്യ തുലച്ചുകളയുകയായിരുന്നു.
ഇന്ത്യക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ഹര്‍ഷിത് റാണ മൂന്നും അക്‌സര്‍ പട്ടേല്‍ രണ്ട് വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് രോ-ഗില്‍ സഖ്യം സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ 69 റണ്‍സാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
രോഹിത്തിനെ പുറത്താക്കി താസ്‌കിന്‍ അഹമ്മദാണ് ബംഗ്ലാദേശിന് ബ്രേക് ത്രൂ നല്‍കിയത്. 36 പന്തില്‍ 41 റണ്‍സുമായി രോഹിത് പുറത്തായി.
പിന്നാലെയെത്തിയ വിരാട് പതിഞ്ഞാണ് തുടങ്ങിയത്. മികച്ച രീതിയില്‍ ചെറുത്തുനിന്നെങ്കിലും കാര്യമായി സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല. 38 പന്തില്‍ 27 റണ്‍സടിച്ച് വിരാട് മടങ്ങി.
നാലാം നമ്പറിലെയെത്തിയ ശ്രേയസ് അയ്യരിനും (17 പന്തില്‍ 15) പിന്നാലെയെത്തിയ അക്‌സര്‍ പട്ടേലിനും (12 പന്തില്‍ എട്ട്) കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
എന്നാല്‍ ഒരു വശത്ത് ഉറച്ചുനിന്ന ശുഭ്മന്‍ ഗില്‍ കെ.എല്‍. രാഹുലിനെ ഒപ്പം കൂട്ടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
തന്റെ നാച്ചുറല്‍ ഗെയിമില്‍ നിന്നും മാറിയാണ് ഗില്‍ ബാറ്റ് വീശിയത്. തന്റെ കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ ഏകദിന അര്‍ധ സെഞ്ച്വറിയാണ് താരം നേടിയത്. എന്നാല്‍ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ കുറച്ചുകൂടി അറ്റാക് ചെയ്ത കളിച്ച താരം ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുകയും ചെയ്തു.
Sensational Shubman in prolific form! 🔥
Back to Back ODI HUNDREDS for the #TeamIndia vice-captain! 🫡🫡
ഫെബ്രുവരി 23നാണ് ഇന്ത്യയുടെ അടുത്ത മത്സരം. പാകിസ്ഥാനാണ് എതിരാളികള്‍. 24ന് ബംഗ്ലാദേശും ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിനിറങ്ങും. റാവല്‍പിണ്ടിയില്‍ നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ന്യൂസിലാന്‍ഡാണ് എതിരാളികള്‍.
Content highlight: ICC Champions trophy: IND vs BAN: India defeated Bangladesh