ഇതിലും വലിയ എന്ത് പണി എന്ത് കിട്ടാനാ? ഓസ്‌ട്രേലിയയുടെ ചാമ്പ്യന്‍സ് ട്രോഫി മോഹങ്ങള്‍ അവസാനിക്കുന്നോ?
Champions Trophy
ഇതിലും വലിയ എന്ത് പണി എന്ത് കിട്ടാനാ? ഓസ്‌ട്രേലിയയുടെ ചാമ്പ്യന്‍സ് ട്രോഫി മോഹങ്ങള്‍ അവസാനിക്കുന്നോ?
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th February 2025, 11:46 am

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് കളിക്കാന്‍ സാധ്യതയില്ലെന്ന് പരിശീലകന്‍ ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ്. സൂപ്പര്‍ താരം ജോഷ് ഹെയ്‌സല്‍വുഡിനും ടൂര്‍ണമെന്റ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരിക്കേറ്റ സൂപ്പര്‍ താരം മിച്ചല്‍ മാര്‍ഷിന് ചാമ്പ്യന്‍സ് ട്രോഫി നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ഓസ്‌ട്രേലിയക്ക് ഇരട്ടത്തിരിച്ചടിയായി കമ്മിന്‍സിനും ഹെയ്‌സല്‍വുഡിനും ചാമ്പ്യന്‍സ് ട്രോഫി നഷ്ടപ്പെട്ടിരിക്കുന്നത്.

പാറ്റ് കമ്മിന്‍സ്

 

‘പാറ്റ് കമ്മിന്‍സ് ഇനിയും പന്തെറിഞ്ഞ് തുടങ്ങിയിട്ടില്ല, ഇക്കാരണം കൊണ്ട് തന്നെ അവന് ചാമ്പ്യന്‍സ് ട്രോഫി നഷ്ടപ്പെടാനുള്ള സാധ്യതകളും ഏറെയാണ്. ഞങ്ങള്‍ക്ക് പുതിയ ഒരു ക്യാപ്റ്റനെ ആവശ്യമായി വന്നിരിക്കുകയാണ്,’ ഓസ്‌ട്രേലിയന്‍ റേഡിയോ സ്‌റ്റേഷനായ എസ്.ഇ.എന്നിനോട് മക്‌ഡൊണാള്‍ഡ് പറഞ്ഞു.

‘ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയയെ നയിക്കുന്നത് സംബന്ധിച്ച് ഞങ്ങള്‍ സ്റ്റീവ് സ്മിത്തുമായും ട്രാവിസ് ഹെഡുമായും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അവരില്‍ ഒരാളെയാണ് ഞങ്ങള്‍ പരിഗണിക്കുന്നത്.

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്റെ റോളില്‍ മികച്ച പ്രകടനമാണ് സ്മിത് പുറത്തെടുത്തത്. ഏകദിനത്തിലും അവന് മികച്ച ട്രാക്ക് റെക്കോഡുകളുണ്ട്. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സ്മിത്തോ ഹെഡോ ആകും എത്തുക,’ ഓസ്‌ട്രേലിയന്‍ പരിശീലകന്‍ പറഞ്ഞു.

 

സൂപ്പര്‍ താരം ജോഷ് ഹെയ്‌സല്‍വുഡിന്റെ ആരോഗ്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

“പാറ്റ് കമ്മിന്‍സിന് പുറമെ ജോഷ് ഹെയ്‌സല്‍വുഡിനും ഫിറ്റ്‌നസ് ഇഷ്യൂസ് ഉണ്ട്. കുറച്ച് ദിവസത്തിനകം തന്നെ അവന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഞങ്ങള്‍ക്ക് ലഭിക്കും,’ മക്‌ഡൊണാള്‍ഡ് പറഞ്ഞു.

ജോഷ് ഹെയ്‌സല്‍വുഡ്

ഫെബ്രുവരി 12നാണ് ഓരോ ടീമുകളും തങ്ങളുടെ ഫൈനല്‍ സ്‌ക്വാഡ് ലിസ്റ്റ് സമര്‍പ്പിക്കേണ്ടത്. മാര്‍ഷ്, കമ്മിന്‍സ്, ഹെയ്‌സല്‍വുഡ് എന്നിവര്‍ക്ക് പകരക്കാരായി ഓസ്‌ട്രേലിയ ആരെ ഉള്‍പ്പെടുത്തുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

മാര്‍ഷിന്റെ പകരക്കാരനായി മിച്ച് ഓവനെ കൊണ്ടുവരണമെന്നാണ് റിക്കി പോണ്ടിങ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്മിന്‍സിനും ഹെയ്‌സല്‍വുഡിനും പകരക്കാരായി ഷോണ്‍ അബോട്ടും സ്‌പെന്‍സര്‍ ജോണ്‍സണും ടീമിന്റെ ഭാഗമായേക്കും.

ഓസ്‌ട്രേലിയ സ്‌ക്വാഡ് (നിലവില്‍)

പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), അലക്‌സ് കാരി, നഥാന്‍ എല്ലിസ്, ആരോണ്‍ ഹാര്‍ഡി, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാര്‍നഷ് ലബുഷാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാറ്റ് ഷോര്‍ട്ട്, സ്റ്റീവ് സ്മിത്, മിച്ചല്‍ സ്റ്റാര്‍ക്, മാര്‍കസ് സ്‌റ്റോയ്‌നിസ്, ആദം സാംപ.

 

 

Content Highlight: ICC Champions Trophy: Australian coach says Pat Cummins likely to miss the tournament