ഒറ്റ റണ്‍സ് പോലുമെടുത്തല്ല, വന്‍മതില്‍ തകര്‍ക്കാന്‍ വിരാട്; സെമിയില്‍ ചരിത്രം പിറക്കുമോ?
Champions Trophy
ഒറ്റ റണ്‍സ് പോലുമെടുത്തല്ല, വന്‍മതില്‍ തകര്‍ക്കാന്‍ വിരാട്; സെമിയില്‍ ചരിത്രം പിറക്കുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 3rd March 2025, 5:35 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ തകര്‍ത്തിരുന്നു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 44 റണ്‍സിന്റെ മികച്ച വിജയമാണ് രോഹിത്തും സംഘവും വിജയിച്ചത്.

ഇന്ത്യ ഉയര്‍ത്തിയ 250 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസ് 205 റണ്‍സിന് പുറത്തായി. വരുണ്‍ ചക്രവര്‍ത്തിയുടെ ഫൈഫര്‍ കരുത്തിലാണ് ഇന്ത്യ കിവികളെ പിടിച്ചുകെട്ടിയത്.

തന്റെ കരിയറിലെ ആദ്യ ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ തന്നെ ഫൈഫര്‍ നേടിയ ചക്രവര്‍ത്തി തന്നെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തതും.

വില്‍ യങ്, ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ ബ്രേസ്വെല്‍, ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍, മാറ്റ് ഹെന്റി എന്നിവരെയാണ് വരുണ്‍ ചക്രവര്‍ത്തി പുറത്താക്കിയത്. വില്‍ യങ്, മിച്ചല്‍ സാന്റ്‌നര്‍ എന്നിവരെ ബൗള്‍ഡാക്കിയ ചക്രവര്‍ത്തി ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍ എന്നിവരെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയും പുറത്താക്കി. മാറ്റ് ഹെന്‌റിയെ വിരാട് കോഹ് ലിയുടെ കൈകളിലെത്തിച്ചാണ് വരുണ്‍ മടക്കിയത്.

ഈ ക്യാച്ചിന് പിന്നാലെ വരുണ്‍ ചക്രവര്‍ത്തിയുടെ ഫൈഫര്‍ മാത്രമല്ല വിരാട് കോഹ് ലിയുടെ പേരിലും ഒരു റെക്കോഡ് നേട്ടം കുറിക്കപ്പെട്ടിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം ക്യാച്ചെടുക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് വിരാട് ചരിത്രമെഴുതിയത്. ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിനൊപ്പം നിലവില്‍ ഒന്നാം സ്ഥാനം പങ്കിടുകയാണ് വിരാട്.

കരിയറിലെ 334ാം ക്യാച്ചാണ് വിരാട് സ്വന്തമാക്കിയത്. ടെസ്റ്റില്‍ 121 ക്യാച്ചെടുത്ത താരം ഏകദിനത്തില്‍ 159 ക്യാച്ചും ടി-20യില്‍ 54 ക്യാച്ചും സ്വന്തമാക്കിയിട്ടുണ്ട്.

 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം ക്യാച്ചെടുത്ത ഇന്ത്യന്‍ താരം (നോണ്‍ വിക്കറ്റ് കീപ്പര്‍)

(താരം – ക്യാച്ച് എന്നീ ക്രമത്തില്‍)

രാഹുല്‍ ദ്രാവിഡ് – 334

വിരാട് കോഹ്‌ലി – 334*

മുഹമ്മദ് അസറുദ്ദീന്‍ – 261

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 256

രോഹിത് ശര്‍മ – 229

ഇന്ത്യയുടെ അടുത്ത മത്സരത്തില്‍ തന്നെ വിരാട് രാഹുല്‍ ദ്രാവിഡിനെ മറികടക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം ക്യാച്ചെടുത്ത താരങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് വിരാട്. 440 ക്യാച്ചുമായി ലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനെയാണ് ഒന്നാമന്‍.

 

Content highlight: ICC Champions Trophy 2025: Virat Kohli equaled Rahul Dravid’s record of most catches for India as a non-wicketkeeper