'ഒരേ സെമി ഫൈനലിസ്റ്റുകള്‍, എന്നാല്‍ ഇത്തവണ സീന്‍ മാറും'
Champions Trophy
'ഒരേ സെമി ഫൈനലിസ്റ്റുകള്‍, എന്നാല്‍ ഇത്തവണ സീന്‍ മാറും'
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 1st March 2025, 7:21 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയുടെ നാല് സെമി ഫൈനലിസ്റ്റുകള്‍ ആരെല്ലാമാണെന്ന് ഇതിനോടകം തന്നെ വ്യക്തമായിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ രണ്ട് ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ വീതം സെമി ഫൈനലില്‍ പ്രവേശിച്ചു.

ഗ്രൂപ്പ് എ-യില്‍ നിന്ന് ഇന്ത്യയും ന്യൂസിലാന്‍ഡുമാണ് സെമി ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചതോടെയാണ് ഇരുവരും സെമിക്ക് ടിക്കറ്റെടുത്തത്.

എന്നാല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരാവുക ആരെന്നറിയാന്‍ ഇനിയും കാത്തിരിക്കണം. മാര്‍ച്ച് രണ്ടിന് ദുബായില്‍ വെച്ച് നടക്കുന്ന ഇന്ത്യ – ന്യൂസിലാന്‍ഡ് പോരാട്ടമാണ് ഗ്രൂപ്പ് എ-യിലെ ഒന്നാം സ്ഥാനക്കാരെ തീരുമാനിക്കുക.

ഇന്ത്യയ്ക്കും ന്യൂസിലാന്‍ഡിനും രണ്ട് മത്സരത്തില്‍ നിന്നും നാല് പോയിന്റാണുള്ളത്. നിലവിലെ നെറ്റ് റണ്‍ റേറ്റ് പരിശോധിക്കുമ്പോള്‍ ന്യൂസിലാന്‍ഡാണ് ഒന്നാമത്. കിവികള്‍ക്ക് +0.863 എന്ന റണ്‍ റേറ്റും ഇന്ത്യയ്ക്ക് +0.647 എന്ന റണ്‍ റേറ്റുമാണുള്ളത്.

നാളെ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്നവര്‍ ഒന്നാം സ്ഥാനത്തെത്തും. എന്നാല്‍ ഈ മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ മികച്ച റണ്‍ റേറ്റുള്ള ടീം ഗ്രൂപ്പ് ചാമ്പ്യന്‍മാരാകും.

ഗ്രൂപ്പ് ബി-യില്‍ നിന്നും ഓസ്‌ട്രേലിയയാണ് ആദ്യം സെമി ഫൈനലിന് യോഗ്യത നേടിയത്. മൂന്ന് മത്സരത്തില്‍ നിന്നും നാല് പോയിന്റാണ് ടീമിനുള്ളത്. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ ഓസീസ് വിജയിച്ചപ്പോള്‍ സൗത്ത് ആഫ്രിക്കയ്ക്കും അഫ്ഗാനിസ്ഥാനുമെതിരായ മത്സരങ്ങള്‍ ഫലമില്ലാതെ അവസാനിക്കുകയും ചെയ്തു.

ഇംഗ്ലണ്ട് – സൗത്ത് ആഫ്രിക്ക മത്സരം അവസാനിക്കും മുമ്പ് തന്നെയാണ് പ്രോട്ടിയാസ് സെമി ബെര്‍ത് ഉറപ്പിച്ചത്. ഈ മത്സരത്തില്‍ 207 റണ്‍സിന് സൗത്ത് ആഫ്രിക്ക പരാജയപ്പെട്ടാലായിരുന്നു അഫ്ഗാനിസ്ഥാന് സാധ്യതയുണ്ടായിരുന്നത്. എന്നാല്‍ 179 റണ്‍സിന് പ്രോട്ടിയാസ് എതിരാളികളെ എറിഞ്ഞിടുകയായിരുന്നു.

2023 ഏകദിന ലോകകപ്പിന്റെ അതേ സെമി ഫൈനലിസ്റ്റുകളാണ് ചാമ്പ്യന്‍സ് ട്രോഫിയുടെ സെമി ഫൈനിലും യോഗ്യത നേടിയിരിക്കുന്നത്. സെമി ഫൈനലിസ്റ്റുകള്‍ ഒന്നാണെങ്കിലും എന്നാല്‍ ഇത്തവണ ഫലം മറ്റൊന്നാകുമെന്നാണ് ആരാധകര്‍ പറയുന്നത്.

2023 ലോകകപ്പില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെയും ഓസീസ് പ്രോട്ടിയാസിനെയുമാണ് സെമിയില്‍ നേരിട്ടത്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ഒരേ ഗ്രൂപ്പിലായതിനാല്‍ തന്നെ ഇരുവരും സെമി കളിക്കില്ല എന്ന് ഉറപ്പാണ്.

ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരാവുകയാണെങ്കില്‍ ഗ്രൂപ്പ് ബി-യിലെ രണ്ടാം സ്ഥാനക്കാരെയാണ് മെന്‍ ഇന്‍ ബ്ലൂവിന് സെമിയില്‍ നേരിടാനുണ്ടാവുക. അഥവാ ഇന്ത്യ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്യുന്നതെങ്കില്‍ ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായിരിക്കും എതിരാളികള്‍.

എതിരാളികള്‍ ആരുമാകട്ടെ കലാശപ്പോരാട്ടത്തില്‍ ഇന്ത്യ തന്നെ വിജയിക്കുമെന്നും കിരീടം സ്വന്തമാക്കുമെന്നുമാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

നേരത്തെ ഒരു തവണയെങ്കിലും ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ ടീമുകളാണ് സെമിയില്‍ മാറ്റുരയ്ക്കുന്നത്. സൗത്ത് ആഫ്രിക്കയും ന്യൂസിലാന്‍ഡും രണ്ടാം കിരീടം ലക്ഷ്യമിടുമ്പോള്‍ മൂന്നാം കിരീടമെന്ന നേട്ടത്തിലേക്കാണ് ഇന്ത്യയും ഓസ്‌ട്രേലിയയും കണ്ണുവെക്കുന്നത്.

1998/99ലാണ് സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍മാരാകുന്നത്. ഐ.സി.സി നോക്ക്ഔട്ട് ട്രോഫിയെന്ന് നേരത്തെ പേരുണ്ടായിരുന്ന ടൂര്‍ണമെന്റിന്റെ ആദ്യ ജേതാക്കളും സൗത്ത് ആഫ്രിക്കയായിരുന്നു.

തൊട്ടടുത്ത സീസണില്‍ ന്യൂസിലാന്‍ഡ് കിരീടമണിഞ്ഞു. കെനിയ ആതിഥേയരായ ടൂര്‍ണമെന്റില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് കിവീസ് കപ്പുയര്‍ത്തിയത്.

2002/03ല്‍ ശ്രീലങ്കയ്‌ക്കൊപ്പം കിരീടം പങ്കുവെച്ച ഇന്ത്യ 2013ല്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി രണ്ടാം തവണയും ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്തി. 2006/07, 2009/10 എഡിഷനിലാണ് ഓസീസ് വിജയിച്ചത്.

 

Content Highlight: ICC Champions Trophy 2025: Semi Finalists