ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി രണ്ടാം സെമി ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ തകര്‍ത്ത് ന്യൂസിലാന്‍ഡ് ഫൈനലിലേക്ക്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ 50 റണ്‍സിന്റെ വിജയമാണ് ബ്ലാക് ക്യാപ്‌സ് നേടിയത്.
ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 363 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 312 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു.
ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യ – ന്യൂസിലാന്‍ഡ് ഫൈനലിന് കളമൊരുങ്ങുന്നത്. ടൂര്‍ണമെന്റിന്റെ രണ്ടാം എഡിഷനില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് കിവികള്‍ തങ്ങളുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യന്‍സ് ട്രോഫി കിരീടവും ഏക ചാമ്പ്യന്‍സ് ട്രോഫി കിരീടവും സ്വന്തമാക്കിയത്.
മാര്‍ച്ച് ഒമ്പതിനാണ് ഇന്ത്യ – ന്യൂസിലാന്‍ഡ് ഫൈനല്‍. ദുബായ് ആണ് വേദി.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കിവികള്‍ക്ക് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ വില്‍ യങ്ങും രചിന്‍ രവീന്ദ്രയും ചേര്‍ന്ന് ന്യൂസിലാന്‍ഡിന് മോശമല്ലാത്ത തുടക്കമാണ് നല്‍കിയത്.
എട്ടാം ഓവറിലെ അഞ്ചാം പന്തില്‍ യങ്ങിനെ മടക്കി ലുങ്കി എന്‍ഗിഡിയാണ് പ്രോട്ടിയാസിനാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. 23 പന്തില്‍ 21 റണ്‍സുമായി നില്‍ക്കവെയാണ് യങ് പുറത്താകുന്നത്.
വണ്‍ ഡൗണായി വില്യംസണെത്തിയതോടെ കിവീസ് സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു. രണ്ടാം വിക്കറ്റില്‍ 164 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
ടീം സ്‌കോര്‍ 212ല്‍ നില്‍ക്കവെ രചിന്‍ രവീന്ദ്രയെ പുറത്താക്കി കഗീസോ റബാദയാണ് കൂട്ടുകെട്ട് പൊളിച്ചത്. 13 ഫോറും ഒരു സിക്‌സറുമടക്കം 106.93 സ്‌ട്രൈക് റേറ്റിലാണ് താരം 108 റണ്‍സ് നേടിയത്.
രചിന് ശേഷം ക്രീസിലെത്തിയ ഡാരില്‍ മിച്ചലിനെ കൂട്ടുപിടിച്ചും വില്യംസണ്‍ സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ ഈ കൂട്ടുകെട്ടിന് അധികം ആയുസ് നല്‍കാതെ വിയാന്‍ മുള്‍ഡര്‍ വില്യംസണെ പുറത്താക്കി. 10 ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
വില്യംസണ് പിന്നാലെയെത്തിയ ടോം ലാഥം നിരാശപ്പെടുത്തിയെങ്കില്‍ ഗ്ലെന്‍ ഫിലിപ്‌സിനെ ഒപ്പം കൂട്ടി മിച്ചല്‍ സ്‌കോര്‍ 300 കടത്തി.
ടീം സ്‌കോര്‍ 314ല്‍ നില്‍ക്കവെ മിച്ചലിന്റെ വിക്കറ്റും ടീമിന് നഷ്ടമായി. 37 പന്തില്‍ 49 റണ്‍സാണ് താരം സ്വന്തമാക്കിയത്.
മിച്ചലിനേക്കാള്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്താണ് ഗ്ലെന്‍ ഫിലിപ്‌സ് ടീം സ്‌കോര്‍ 350 കടത്തിയത്. ആറ് ഫോറും ഒരു സിക്‌സറും അടക്കം 27 പന്തില്‍ പുറത്താകാതെ 49 റണ്‍സാണ് താരം നേടിയത്. 12 പന്തില്‍ 16 റണ്‍സ് നേടിയ മൈക്കല്‍ ബ്രേസ്വെല്ലിന്റെ ഇന്നിങ്‌സും നിര്‍ണായകമായി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് കിവീസ് 362ലെത്തി.
പ്രോട്ടിയാസിനായി ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റ് നേടി. കഗിസോ റബാദ രണ്ട് കിവീസ് താരങ്ങളെ മടക്കിയപ്പോള്‍ വിയാന്‍ മുള്‍ഡറാണ് ശേഷിച്ച വിക്കറ്റ് സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസിന് 20 റണ്‍സിനിടെ റിയാന്‍ റിക്കല്‍ടണെ (12 പന്തില്‍ 17) നഷ്ടമായെങ്കിലും വണ്‍ ഡൗണായെത്തിയ റാസി വാന്‍ ഡെര്‍ ഡസനെ ഒപ്പം കൂട്ടി ക്യാപ്റ്റന്‍ തെംബ ബാവുമ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.
രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും സൗത്ത് ആഫ്രിക്കയെ മത്സരത്തിലേക്ക് കൊണ്ടുവന്നത്.
23ാം ഓവറിലെ രണ്ടാം പന്തില്‍, ടീം സ്‌കോര്‍ 125ല്‍ നില്‍ക്കവെ ബാവുമയെ പുറത്താക്കി മിച്ചല്‍ സാന്റ്‌നര്‍ കൂട്ടുകെട്ട് പൊളിച്ചു. 71 പന്തില്‍ 56 റണ്‍സാണ് താരം സ്വന്തമാക്കിയത്.
പിന്നാലെയെത്തിയ ഏയ്ഡന്‍ മര്‍ക്രമിനെ ഒപ്പം കൂട്ടി വാന്‍ ഡെര്‍ ഡസന്‍ സ്‌കോര്‍ ബോര്‍ഡിന് വേഗം നഷ്ടപ്പെടാതെ കാത്തു. എന്നാല്‍ 161ല്‍ നില്‍ക്കവെ 66 പന്തില്‍ 69 റണ്‍സ് നേടിയ വാന്‍ ഡെര്‍ ഡസനും 189ല്‍ നില്‍ക്കവെ 31 റണ്‍സടിച്ച മര്‍ക്രവും പുറത്തായതോടെ സൗത്ത് ആഫ്രിക്കയുടെ പതനം ആരംഭിച്ചു. ഇതിനിടെ ഹെന്‌റിക് ക്ലാസനെയും (ഏഴ് പന്തില്‍ മൂന്ന്) ടീമിന് നഷ്ടമായി.
വിയാന്‍ മുള്‍ഡര്‍ (13 പന്തില്‍ എട്ട്), മാര്‍കോ യാന്‍സെന്‍ (ഏഴ് പന്തില്‍ മൂന്ന്), കേശവ് മഹാരാജ് (നാല് പന്തില്‍ ഒന്ന്) എന്നിവരും മടങ്ങി.
ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ഡേവിഡ് മില്ലര്‍ പ്രതീക്ഷ കൈവിടാതെ ബാറ്റ് വീശിക്കൊണ്ടിരുന്നു. പ്രോട്ടിയാസിനെ സംബന്ധിച്ച് മുങ്ങിത്താഴുന്നവന്റെ കയ്യില്‍ കിട്ടിയ കച്ചിത്തുരുമ്പായിരുന്നു മില്ലറിന്റെ പ്രകടനം. നേരിടുന്ന പന്തിലെല്ലാം റണ്‍സ് കണ്ടെത്തിയ മില്ലര്‍ സെഞ്ച്വറിയുമായി പൊരുതിയെങ്കിലും സമയം ഏറെ വൈകിയിരുന്നു.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റില്‍ പ്രോട്ടിയാസ് 312 റണ്‍സ് നേടി. മില്ലര്‍ 67 പന്തില്‍ പുറത്താകാതെ 100 റണ്‍സ് നേടി.
ന്യൂസിലാന്‍ഡിനായി മിച്ചല്‍ സാന്റ്‌നര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മാറ്റ് ഹെന്‌റിയും ഗ്ലെന്‍ ഫിലിപ്‌സും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ രചിന്‍ രവീന്ദ്രയും മൈക്കല്‍ ബ്രേസ്വെലുമാണ് ശേഷിച്ച വിക്കറ്റെടുത്തത്.
Content Highlight: ICC Champions Trophy 2025: Semi Final: NZ vs SA: New Zealand defeated South Africa and headed to Final