| Tuesday, 4th March 2025, 3:23 pm

ചരിത്രം കുറിച്ച് ടീമിലെത്തിയിട്ടും നാണംകെട്ട് മടക്കം; കങ്കാരുക്കളുടെ ആദ്യ രക്തം ചിന്തി ഷമി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുകയാണ്. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു.

സൂപ്പര്‍ താരം ട്രാവിസ് ഹെഡിനൊപ്പം യുവതാരം കൂപ്പര്‍ കനോലിയാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കിന് പകരക്കാരനായാണ് കനോലി ടീമിന്റെ ഭാഗമായത്.

ഓസ്‌ട്രേലിയ അണ്ടര്‍ 19 ടീമിലും ബിഗ് ബാഷ് ലീഗില്‍ പെര്‍ത്ത് സ്‌ക്രോച്ചേഴ്‌സിനും വേണ്ടി കൡച്ച പരിചയസമ്പത്തുമായാണ് കനോലി സെമി ഫൈനലിലെ ഓസ്‌ട്രേലിയന്‍ ടീമിന്റെ ഭാഗമായത്.

അന്താരാഷ്ട്ര ഏകദിനത്തില്‍ കാര്യമായ പരിചയസമ്പത്ത് താരത്തിനില്ല. വെറും മൂന്ന് ഏകദിനമാണ് താരം ഇതുവരെ കളിച്ചത്. നേടിയതാകട്ടെ വെറും പത്ത് റണ്‍സും.

സെമി ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ പ്ലെയിങ് ഇലവന്റെ ഭാഗമായതോടെ ഒരു റെക്കോഡും താരത്തെ തേടിയെത്തിയിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത് താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയക്കായി അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം

(താരം – പ്രായം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ഷെയ്ന്‍ വാട്‌സണ്‍ – 21 വയസും 90 ദിവസവും – ന്യൂസിലാന്‍ഡ് – 2002

കൂപ്പര്‍ കനോലി – 21 വയസും 194 ദിവസവും – ഇന്ത്യ – 2025*

മിച്ചല്‍ മാര്‍ഷ് – 21 വയസും 231 ദിവസവും – ഇംഗ്ലണ്ട് – 2013

ജെയിംസ് ഫോക്‌നര്‍ – 23 വയസും 40 ദിവസവും – ഇംഗ്ലണ്ട് – 2013

ചരിത്രം കുറിച്ച് ടീമിന്റെ ഭാഗമായെങ്കിലും തിളങ്ങാനാകാതെ കനോലി മടങ്ങി. ഒമ്പത് പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും നേടാതെയാണ് കനോലി മടങ്ങിയത്. മുഹമ്മദ് ഷമിയുടെ പന്തില്‍ കെ.എല്‍. രാഹുലിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

അതേസമയം, ആറ് ഓവര്‍ പിന്നിടുമ്പോള്‍ 36 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. ട്രാവിസ് ഹെഡിന്റെ കരുത്തിലാണ് കങ്കാരുക്കള്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുന്നത്. 23 പന്ത് നേരിട്ട് പുറത്താകാതെ 28 റണ്‍സ് നേടിയാണ് താരം ക്രീസില്‍ തുടരുന്നത്. നാല് പന്തില്‍ മൂന്ന് റണ്‍സുമായി സ്റ്റീവ് സ്മിത്താണ് ഒപ്പമുള്ളത്.

ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, കൂപ്പര്‍ കനോലി, സ്റ്റീവ് സ്മിത് (ക്യാപ്റ്റന്‍), മാര്‍നസ് ലബുഷാന്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), അലക്‌സ് കാരി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ബെന്‍ ഡ്വാര്‍ഷിയസ്, നഥാന്‍ എല്ലിസ്, തന്‍വീര്‍ സാംഗ, ആദം സാംപ.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

Content Highlight: ICC Champions Trophy 2025: Semi Final: IND vs AUS: Mohammed Shami dismissed Cooper Connolly

We use cookies to give you the best possible experience. Learn more