ഫൈനലില്‍ അവര്‍ക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്, പക്ഷേ... മുന്നറിയിപ്പുമായി സഞ്ജയ് മഞ്ജരേക്കര്‍
Champions Trophy
ഫൈനലില്‍ അവര്‍ക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്, പക്ഷേ... മുന്നറിയിപ്പുമായി സഞ്ജയ് മഞ്ജരേക്കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 8th March 2025, 12:21 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. മാര്‍ച്ച് ഒമ്പതിന് ദുബായ് അന്തരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യയും ന്യൂസിലാന്‍ഡുമാണ് ആവേശപ്പോരില്‍ ഏറ്റുമുട്ടുന്നത്. രണ്ടര പതിറ്റാണ്ടിനിപ്പുറം മറ്റൊരു ഇന്ത്യ – ന്യൂസിലാന്‍ഡ് ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ മത്സരത്തിനാണ് ലോകം സാക്ഷിയാവുന്നത്.

ആദ്യ സെമി ഫൈനലില്‍ മുന്‍ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ പരാജപ്പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായ സൗത്ത് ആഫ്രിക്കയെ തകര്‍ത്താണ് ന്യൂസിലാന്‍ഡ് കലാശപ്പോരിന് ടിക്കറ്റെടുത്തത്.

 

ഫൈനലില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കമുണ്ടെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഒരു മെച്ചപ്പെട്ട ന്യൂസിലാന്‍ഡ് ടീമിനെയാണ് ഇന്ത്യയ്ക്ക് നേരിടാനുള്ളതെന്നും ന്യൂസിലാന്‍ഡ് ടീമിന് വ്യക്തമായ സ്പിന്‍ മുന്‍ തൂക്കമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അതെ, ഫൈനലില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കമുണ്ട്. പക്ഷേ, അവര്‍ക്ക് മെച്ചപ്പെട്ട ന്യൂസിലാന്‍ഡിനെയാണ് നേരിടാനുള്ളത്. കെയ്ന്‍ വില്യംസണ്‍ ഇപ്പോള്‍ നന്നായി കളിക്കുന്നു. മത്സരങ്ങള്‍ ജയിക്കാനുള്ള മാതൃക അവര്‍ കണ്ടെത്തിയെന്ന് ഞാന്‍ കരുതുന്നു. സൗത്ത് ആഫ്രിക്കയ്ക്കും ഇന്ത്യക്കെതിരെ ദുബായില്‍ കളിച്ചപ്പോള്‍ ഓസ്ട്രേലിയക്കും ഇല്ലാതിരുന്ന വ്യക്തമായ സ്പിന്‍ മുന്‍തൂക്കം ന്യൂസിലാന്‍ഡിനുണ്ട്,’ മഞ്ജരേക്കര്‍ പറഞ്ഞു.

 

കൂടാതെ സൗത്ത് ആഫ്രിക്കക്കെതിരെ കെയ്ന്‍ വില്യംസണും രചിന്‍ രവീന്ദ്രയും സെഞ്ച്വറി നേടിയത് ന്യൂസിലാന്‍ഡിനുണ്ടായ നേട്ടമാണെന്നും മഞ്ജരേക്കര്‍ പറഞ്ഞു. ടോം ലാതം, വില്‍ യങ്, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍ എന്നീ താരങ്ങള്‍ക്ക് സ്പിന്നേഴ്സിനെതിരെ വലിയ സ്‌കോറുകള്‍ നേടാന്‍ അറിയാമെന്നും ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ വലിയ സ്‌കോര്‍ നേടാനായിരിക്കും ന്യൂസിലാന്‍ഡിന്റെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സൗത്ത് ആഫ്രിക്കക്കെതിരെ രണ്ട് ന്യൂസിലാന്‍ഡ് ബാറ്റര്‍മാര്‍ സെഞ്ച്വറി നേടിയതാണ് ഇന്ത്യക്കെതിരെയുള്ള തോല്‍വിക്ക് ശേഷം അവര്‍ക്കുണ്ടായ നേട്ടം. ടോം ലാതം, വില്‍ യങ്, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍ എന്നീ താരങ്ങള്‍ക്ക് സ്പിന്നേഴ്സിനെതിരെ വലിയ സ്‌കോറുകള്‍ നേടാന്‍ അറിയാം

 

ന്യൂസിലാന്‍ഡ് ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ വലിയ സ്‌കോര്‍ നേടാനായിരിക്കും അവരുടെ ശ്രദ്ധ. ഇനി അവര്‍ റണ്‍സ് പിന്തുടരുകയാണെങ്കിലും ടെസ്റ്റില്‍ എങ്ങനെയാണോ അവരത് ചെയ്യുന്നത് അങ്ങനെ തന്നെ ഇവിടെയും ചെയ്യും. യുക്തിസഹമായ ഒരു സമീപനമായിരിക്കും അവര്‍ സ്വീകരിക്കുക,’ മഞ്ജരേക്കര്‍ പറഞ്ഞു.

 

Content Highlight: ICC Champions Trophy 2025: Sanjay Manjrekar about CT Final