ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയുടെ ഉദ്ഘാടന മത്സരത്തിന് ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പാണുള്ളത്. ടൂര്‍ണമെന്റിന്റെ ഒമ്പതാം എഡിഷനില്‍ ആതിഥേയരും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരുമായ പാകിസ്ഥാന്‍ മുന്‍ ചാമ്പ്യന്‍മാരായ ന്യൂസിലാന്‍ഡിനെ നേരിടും. കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.
പാകിസ്ഥാന്‍ ആതിഥേയത്വം വഹിച്ച ട്രൈ നേഷന്‍ സീരിസില്‍ വിജയം സ്വന്തമാക്കിയാണ് ന്യൂസിലാന്‍ഡ് ചാമ്പ്യന്‍സ് ട്രോഫിക്കൊരുങ്ങുന്നത്. പാകിസ്ഥാന് പുറമെ സൗത്ത് ആഫ്രിക്കയാണ് സീരീസിലുണ്ടായിരുന്ന മറ്റൊരു ടീം.
പരമ്പരയിലെ മൂന്ന് മത്സരത്തിലും വിജയിച്ചാണ് ന്യൂസിലാന്‍ഡ് പരമ്പര സ്വന്തമാക്കിയത്. പരമ്പര വിജയത്തേക്കാള്‍ പാകിസ്ഥാന്‍ സാഹചര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാനും ന്യൂസിലാന്‍ഡിനെ ഈ പരമ്പര സഹായിച്ചു.
മുന്‍ നായകന്‍ കെയ്ന്‍ വില്യംസണിനെയാണ് പരമ്പരയുടെ താരമായി തെരഞ്ഞെടുത്തത്. ഒരു സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയുമടക്കം പരമ്പരയിലെ മൂന്ന് മത്സരത്തില്‍ നിന്നും 162.5 ശരാശരിയില്‍ 325 റണ്‍സാണ് താരം നേടിയത്.
കെയ്ന്‍ വില്യംസണിന്റെ തീ പാറുന്ന ഫോമിനെ തന്നെയാണ് ഇന്ന് പാകിസ്ഥാന്‍ ഏറെ ഭയക്കേണ്ടതും.
പാകിസ്ഥാനെതിരായ മത്സരത്തില്‍ പല റെക്കോഡുകള്‍ സ്വന്തമാക്കാനും വില്യംസണ് അവസരമുണ്ട്.
ഏകദിനത്തില്‍ ബ്ലാക് ക്യാപ്‌സിനായി ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇതിഹാസ താരം നഥാന്‍ ആസ്റ്റിലെ മറികടന്ന് നാലാം സ്ഥാനത്തെത്താനുള്ള അവസരമാണ് മലയാളികളുടെ വില്ലിച്ചായനുള്ളത്.
160 ഇന്നിങ്‌സില്‍ നിന്നും 49.5 ശരാശരിയില്‍ 7,035 റണ്‍സാണ് താരം ഇതുവരെ സ്വന്തമാക്കിയത്. 14 സെഞ്ച്വറിയും 46 അര്‍ധ സെഞ്ച്വറിയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.
പാകിസ്ഥാനെതിരെ 56 റണ്‍സ് നേടാന്‍ സാധിച്ചാല്‍ വില്യംസണ് ആസ്റ്റിലിനെ മറികടന്ന് നാലാം സ്ഥാനത്തെത്താം.
ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
(താരം – ഇന്നിങ്‌സ് – ശരാശരി – റണ്‍സ് എന്നീ ക്രമത്തില്‍)
റോസ് ടെയ്‌ലര്‍ – 220 – 47.55 – 8,607
സ്റ്റീഫന്‍ ഫ്‌ളെമിങ് – 268 – 32.41 – 8,007
മാര്‍ട്ടിന്‍ ഗപ്ടില്‍ – 195 – 41.73 – 7,346
നഥാന്‍ ആസ്റ്റില്‍ – 217 – 34.92 – 7,090
കെയ്ന്‍ വില്യംസണ്‍ – 160 – 49.54 – 7,035
ബ്രണ്ടന്‍ മക്കെല്ലം – 228 – 30.41 – 6,083
ഇതിന് പുറമെ ഏകദിനത്തില്‍ 650 ഫോറുകള്‍ പൂര്‍ത്തിയാക്കാനും വില്യംസണ് അവസരമുണ്ട്. ഇതുവരെ 645 തവണ ഫോറടിച്ച വില്യംസണ് അഞ്ച് ഫോറുകള്‍ കൂടിയാണ് ഈ നേട്ടത്തിലെത്താന്‍ ആവശ്യമുള്ളത്.
ഇതുവരെ നാല് കിവീസ് താരങ്ങള്‍ മാത്രമാണ് ഏകദിനത്തില്‍ 650 ഫോറുകള്‍ പൂര്‍ത്തിയാക്കിയകത്. സ്റ്റീഫന്‍ ഫ്‌ളെമിങ് (822), മാര്‍ട്ടിന്‍ ഗപ്ടില്‍ (750) നഥാന്‍ ആസ്റ്റില്‍ (720), റോസ് ടെയ്‌ലര്‍ (713) എന്നിവരാണ് ഈ എലീറ്റ് ലിസ്റ്റിലുള്ളത്.
ഇതിനൊപ്പം എവേ മാച്ചുകളില്‍ 2,500 റണ്‍സ് പൂര്‍ത്തിയാക്കാനുള്ള അവസരവും വില്യംസണിന് മുമ്പിലുണ്ട്. 65 തവണ എതിരാളികളുടെ തട്ടകത്തിലെത്തി ബാറ്റ് വീശിയ താരം 44.48 ശരാശരിയില്‍ 2,491 റണ്‍സാണ് നേടിയത്. അഞ്ച് സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പടെയാണിത്.
പാകിസ്ഥാനെതിരെ ഒമ്പത് റണ്‍സ് നേടിയാല്‍ വില്യംസണ് ഈ നേട്ടത്തിലെത്താം.
കെയ്ന്‍ വില്യംസണ് മാത്രമല്ല, സൂപ്പര്‍ താരം ടോം ലാഥമിനും റെക്കോഡുകള്‍ തകര്‍ക്കാനുള്ള അവസരമുണ്ട്.
എവേ ഗ്രൗണ്ടില്‍ 2,000 റണ്‍സ് എന്ന റെക്കോഡിലേക്കാണ് താരം കണ്ണുവെക്കുന്നത്. കളിച്ച 60 എവേ മത്സരത്തില്‍ നിന്നും 35.80 ശരാശരിയില്‍ 1,969 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. വെറും 31 റണ്‍സ് കൂട്ടിച്ചേര്‍ത്താല്‍ ലാഥമിന്റെ പേരും റെക്കോഡ് ബുക്കില്‍ കുറിക്കപ്പെടും.