സെമിയിലെ ന്യൂസിലാന്‍ഡിന്റെ വിജയം കണ്ട് ആശങ്കയിലാണ്, അവര്‍ വീണ്ടും നമ്മളെ വേദനിപ്പിക്കുമോ? ഫൈനലിന് മുമ്പ് അശ്വിന്‍
Champions Trophy
സെമിയിലെ ന്യൂസിലാന്‍ഡിന്റെ വിജയം കണ്ട് ആശങ്കയിലാണ്, അവര്‍ വീണ്ടും നമ്മളെ വേദനിപ്പിക്കുമോ? ഫൈനലിന് മുമ്പ് അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 8th March 2025, 3:45 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മാര്‍ച്ച് ഒമ്പതിന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടും. രണ്ടര പതിറ്റാണ്ടിനിപ്പുറം മറ്റൊരു ഇന്ത്യ – ന്യൂസിലാന്‍ഡ് ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ അരങ്ങേറുന്നതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകര്‍.

തുടര്‍ച്ചയായ മൂന്നാം ഐ.സി.സി ലിമിറ്റഡ് ഓവര്‍ ടൂര്‍ണമെന്റ് ഫൈനലാണ് ഇന്ത്യ കളിക്കുന്നത്. 2023 ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയും 2024 ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തുകയും ചെയ്ത ഇന്ത്യ കിവികള്‍ക്കെതിരെയും വിജയം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ്.

 

ഇന്ത്യ – ന്യൂസിലാന്‍ഡ് ഫൈനലിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ലെജന്‍ഡ് ആര്‍. അശ്വിന്‍. ഒരേ വേദിയില്‍ കളിക്കുന്നത് ഇന്ത്യയ്ക്ക് അഡ്വാന്റേജ് നല്‍കുന്നു എന്നതടക്കമുള്ള വിഷയങ്ങളില്‍ അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.

‘ഹോം അഡ്വാന്റേജ് എന്ന പേരില്‍ ഞങ്ങളുടെ ക്യാപ്റ്റനെയും പരിശീലകനെയും ഉന്നമിട്ടുള്ള ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ചിരിക്കാന്‍ മാത്രമേ സാധിക്കൂ. 2009 ചാമ്പ്യന്‍സ് ട്രോഫിയില്‍ സൗത്ത് ആഫ്രിക്ക ഒരു വേദിയില്‍ തന്നെയാണ് എല്ലാ മത്സരങ്ങളും കളിച്ചത്. എന്നാല്‍ അവര്‍ക്ക് ഫൈനലില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. അത് അവരുടെ തെറ്റായിരുന്നില്ല.

മികച്ച പ്രകടനം കാഴ്ചവെക്കുകയും ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തതില്‍ ഇന്ത്യ അഭിനന്ദനമര്‍ഹിക്കുന്നു. കൊവിഡിന്റെ സമയത്താണ് ഇന്ത്യ അവസാനമായി ദുബായില്‍ കളിച്ചത്. അതിന് ശേഷം ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക പോലുള്ള ടീമുകള്‍ ഇവിടെയെത്തി കളിച്ചിട്ടുണ്ട്,’ അശ്വിന്‍ പറഞ്ഞു.

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡ് സ്വന്തമാക്കിയ വിജയം തന്നെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും അശ്വിന്‍ പറഞ്ഞു.

‘ഞാന്‍ ഇപ്പോഴും ആശങ്കയിലാണ്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ന്യൂസിലാന്‍ഡിന്റെ വിജയത്തിന് ശേഷം ഞാന്‍ ചിന്തിക്കുന്നത് ‘അവര്‍ക്ക് നമ്മളെ വീണ്ടും വേദനിപ്പിക്കാന്‍ കഴിയുമോ?’ എന്നാണ്,’ അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ മികച്ച വിജയം നേടിയാണ് ന്യൂസിലാന്‍ഡ് ഫൈനലിന് ടിക്കറ്റെടുത്തത്. 50 റണ്‍സിന്റെ മികച്ച വിജയമാണ് പ്രോട്ടിയാസിനെതിരെ കിവീസ് നേടിയത്.

കെയ്ന്‍ വില്യംസണിന്റെയും രചിന്‍ രവീന്ദ്രയുടെയും സെഞ്ച്വറി കരുത്തില്‍ 362 റണ്‍സാണ് കിവീസ് അടിച്ചെടുത്തത്. ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

363 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്ക ഡേവിഡ് മില്ലറിന്റെ സെഞ്ച്വറിയുടെയും റാസി വാന്‍ ഡെര്‍ ഡസന്‍, ക്യാപ്റ്റന്‍ തെംബ ബാവുമ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെയും കരുത്തില്‍ പൊരുതിയെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സാണ് സൗത്ത് ആഫ്രിക്ക നേടിയത്.

 

 

Content Highlight: ICC Champions Trophy 2025: R Ashwin about India vs New Zealand final