മഴ മൂലം ഉപേക്ഷിച്ച മത്സരങ്ങളിലെ ടിക്കറ്റുകള്‍ക്ക് റീഫണ്ട് നല്‍കുമെന്ന് പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. മോശം കാലാവസ്ഥ മൂലം ഒറ്റ പന്ത് പോലും എറിയാന്‍ സാധിക്കാതെ ഉപേക്ഷിച്ച മത്സരങ്ങളുടെ ടിക്കറ്റുകള്‍ക്കാണ് പി.സി.ബി പണം തിരികെ നല്‍കാന്‍ തീരുമാനിച്ചത്.
രണ്ട് മത്സരങ്ങളാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇങ്ങനെ ഉപേക്ഷിച്ചത്. ഫെബ്രുവരി 25ന് ഗ്രൂപ്പ് ബി-യില്‍ നടക്കേണ്ടിയിരുന്ന സൗത്ത് ആഫ്രിക്ക – ഓസ്‌ട്രേലിയ മത്സരവും ഫെബ്രുവരി 27ന് ഷെഡ്യൂള്‍ ചെയ്ത ഗ്രൂപ്പ് എ-യിലെ പാകിസ്ഥാന്‍ – ബംഗ്ലാദേശ് മത്സരവുമാണ് ഇത്തരത്തില്‍ ഉപേക്ഷിച്ചത്. റാവല്‍പിണ്ടി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഈ രണ്ട് മത്സരങ്ങളും ഷെഡ്യൂള്‍ ചെയ്തിരുന്നത്.
PCB announces ticket refunds for the two ICC #ChampionsTrophy 2025 matches that were abandoned without a ball being bowled at Rawalpindi Cricket Stadium
കഴിഞ്ഞ ദിവസം നടന്ന ഓസ്‌ട്രേലിയ – അഫ്ഗാനിസ്ഥാന്‍ മത്സരവും മോശം കാലാവസ്ഥ മൂലം ഉപേക്ഷിച്ചിരുന്നെങ്കിലും ഈ മത്സരത്തെ റീഫണ്ടിന്റെ പരിധിയില്‍ പെടുത്തിയിട്ടില്ല. മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ മുഴുവന്‍ ഓവറും ബാറ്റ് ചെയ്തിരുന്നു. ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ 13ാം ഓവറിലാണ് മത്സരം തടസ്സപ്പെട്ടത്.
ഹോസ്പിറ്റാലിറ്റി ടിക്കറ്റുകളൊഴികെ (പി.സി.ബി ഗാലറിയിലെയും ബോക്‌സിലെയും കാണികള്‍) മറ്റെല്ലാ ടിക്കറ്റുകള്‍ക്കും റീഫണ്ട് നല്‍കുമെന്ന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം മാര്‍ച്ച് പത്ത് മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ ആരാധകര്‍ ടിക്കറ്റുമായി നേരിട്ടെത്തി റീഫണ്ട് തുക കൈപ്പറ്റണമെന്നും 14ന് ശേഷം ഒരു തരത്തിലുള്ള പരാതികളും പരിഗണിക്കില്ലെന്നും ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
മത്സരം മഴയെടുത്തതിന് പിന്നാലെ പി.സി.ബിയ്‌ക്കെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. ഗ്രൗണ്ടിലെ ഡ്രെയ്‌നേജ് സിസ്റ്റങ്ങളുടെ പോരായ്മ ചൂണ്ടിക്കാണിച്ചാണ് ആരാധകര്‍ രംഗത്തെത്തിയത്.
1996ന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാന്‍ ഒരു ഐ.സി.സി ടൂര്‍ണമെന്റിന് വേദിയാകുന്നത്. എന്നാല്‍ ആരാധകരെ പൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ ടീമിനോ സംഘാടകര്‍ക്കോ സാധിച്ചിരുന്നില്ല.
മൂന്ന് മത്സരം കളിച്ചിട്ടും ഒന്നില്‍ പോലും വിജയിക്കാന്‍ സാധിക്കാതെയാണ് പാകിസ്ഥാന്‍ ടൂര്‍ണമെന്റിനോട് വിടപറഞ്ഞത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരെന്ന പേരും പെരുമയുമായെത്തിയെങ്കിലും തലകുനിച്ച് മടങ്ങാനായിരുന്നു പാകിസ്ഥാന്റെ വിധി.