ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് ഇനി ഒരാഴ്ചയുടെ മാത്രം കാത്തിരിപ്പാണുള്ളത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും പ്രസ്റ്റീജ്യസായ ട്രോഫിക്ക് വേണ്ടി ലോകത്തിലെ ഏറ്റവും കരുത്തരായ എട്ട് ക്രിക്കറ്റ് ശക്തികള്‍ പോരാടും. 2023 ഏകദിന ലോകകപ്പ് പോയിന്റ് പട്ടികയില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലെത്തിയ ടീമുകളാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടിയിരിക്കുന്നത്.
സൂപ്പര്‍ താരങ്ങളുടെ പരിക്കാണ് പല ടീമുകള്‍ക്കും തിരിച്ചടിയായിരിക്കുന്നത്. ഇന്ത്യയും ഓസ്‌ട്രേലിയയും അഫ്ഗാനിസ്ഥാനും തുടങ്ങി മിക്ക ടീമുകളെയും പരിക്ക് പിടികൂടിയിട്ടുണ്ട്.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് പരിക്ക് മൂലം ചാമ്പ്യന്‍സ് ട്രോഫി നഷ്ടപ്പെട്ടവരില്‍ പ്രധാനി. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ബുംറയ്ക്ക് പരിക്കേല്‍ക്കുന്നത്. ഈ പരിക്കിന് പിന്നാലെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും താരത്തിന് സ്ഥാനം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
നേരത്തെ ഇന്ത്യ പ്രഖ്യാപിച്ച ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ ജസ്പ്രീത് ബുംറ ഇടം നേടിയിരുന്നു. എന്നാല്‍ പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തനാകാത്തതിന് പിന്നാലെയാണ് ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ക്ക് ടൂര്‍ണമെന്റ് നഷ്ടമായത്.
ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിനിടെ ഇംഗ്ലീഷ് യുവതാരം ജേകബ് ബേഥലിനും പരിക്കേറ്റിരുന്നു. ഹാംസ്ട്രിങ് ഇന്‍ജുറി മൂലം ടൂര്‍ണമെന്റ് നഷ്ടപ്പെട്ട ബേഥലിന് പകരക്കാരനായി ടോം ബാന്റണെ ഇംഗ്ലണ്ട് ടിമിന്റെ ഭാഗമാക്കിയിട്ടുണ്ട്.
സൗത്ത് ആഫ്രിക്കയുടെ സൂപ്പര്‍ പേസര്‍മാരായ ജെറാള്‍ഡ് കോട്‌സിയ, ആന്‌റിക് നോര്‍ക്യ എന്നിവര്‍ക്കും ടൂര്‍ണമെന്റ് നഷ്ടപ്പെടും.