ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് എ-യിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.
ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നത്. ടോസ് ലഭിച്ചാല്‍ തങ്ങള്‍ ബാറ്റിങ് തന്നെ തെരഞ്ഞെടുക്കുമെന്നാണ് രോഹിത് ശര്‍മയും അഭിപ്രായപ്പെട്ടത്.
🚨 Toss 🚨 #TeamIndia have been to put into bat first against New Zealand
ഇത് 13ാം തവണയാണ് തുടര്‍ച്ചയായി ടോസിങ്ങില്‍ രോഹിത് ശര്‍മ പരാജയപ്പെടുന്നത്. 2023 ഏകദിന ലോകകപ്പിലെ ഫൈനല്‍ മുതലാണ് ടോസ് ഭാഗ്യം ഇന്ത്യയെ കടാക്ഷിക്കാതെയായത്.
ശേഷം സൗത്ത് ആഫ്രിക്കയ്ക്കെതിരെ നടന്ന ഏകദിന പരമ്പരയിലെ മൂന്ന് മത്സരത്തിലും ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ശ്രീലങ്കയ്ക്കെതിരായ പരമ്പരയും ടോസില്‍ തുണച്ചില്ല.
ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരത്തിലും രോഹിത് ശര്‍മ ടോസില്‍ പരാജയപ്പെട്ടു.
പാകിസ്ഥാനെതിരെ കഴിഞ്ഞ മത്സരത്തിലും ടോസ് നഷ്ടപ്പെട്ടതോടെ ഏകദിന ചരിത്രത്തില്‍ ഏറ്റവുമധികം തവണ തുടര്‍ച്ചയായി ടോസ് നഷ്ടപ്പെടുന്ന ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. 2011-13 കാലയളവില്‍ 11 തവണ തുടര്‍ച്ചയായി ടോസ് നഷ്ടപ്പെട്ട നെതര്‍ലന്‍ഡ്സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം പാളിയിരിക്കുകയാണ്. 30 റണ്‍സിനിടെ മൂന്ന് ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
കരിയറിലെ 300ാം ഏകദിനത്തിനിറങ്ങിയ വിരാടിന് പല റെക്കോഡുകളും നേടാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ ഗ്ലെന്‍ ഫിലിപ്‌സിന്റെ ആക്രോബാക്ടിക് ക്യാച്ചിലൂടെ പുറത്താകാനായിരുന്നു വിധി. പൂച്ചയെ പോലും വെല്ലുന്ന റിഫ്‌ളക്‌സിലൂടെ ഫിലിപ്‌സ് ആ ക്യാച്ച് സ്വന്തമാക്കിയതു കണ്ട വിരാട് കോഹ്‌ലി ഒരു നിമിഷം അമ്പരന്നുനിന്നിരുന്നു.
അതേസമയം, പത്ത് ഓവര്‍ പിന്നിടുമ്പോള്‍ 37 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 12 പന്തില്‍ അഞ്ച് റണ്‍സുമായി ശ്രേയസ് അയ്യരും പത്ത് പന്തില്‍ മൂന്ന് റണ്‍സുമായി അക്‌സര്‍ പട്ടേലുമാണ് ക്രീസില്‍.