ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് എ-യിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. ഗ്രൂപ്പ് എ-യില്‍ നിന്നും സെമി ഫൈനലില്‍ പ്രവേശിച്ച ഇന്ത്യയും ന്യൂസിലാന്‍ഡുമാണ് തമ്മിലാണ് പോരാട്ടം. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീമിന് ഗ്രൂപ്പ് എ ചാമ്പ്യന്‍മാരാകാനും സാധിക്കും.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ് നേടി. അര്‍ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരിന്റെ കരുത്തിലാണ് ഇന്ത്യ മോശമല്ലാത്ത സ്‌കോറിലെത്തിയത്.
98 പന്തില്‍ 79 റണ്‍സ് നേടിയാണ് ശ്രേയസ് അയ്യര്‍ പുറത്തായത്. നാല് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
45 പന്തില്‍ 45 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയും 61 പന്തില്‍ 42 റണ്‍സടിച്ച അക്‌സര്‍ പട്ടേലുമാണ് ഇന്ത്യന്‍ നിരയില്‍ ചെറുത്തുനിന്ന മറ്റ് താരങ്ങള്‍.
സൂപ്പര്‍ താരം മാറ്റ് ഹെന്‌റിയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിലാണ് ന്യൂസിലാന്‍ഡ് ഇന്ത്യന്‍ ബാറ്റിങ് യൂണിറ്റിനെ തരിപ്പണമാക്കിയത്. എട്ട് ഓവര്‍ പന്തെറിഞ്ഞ താരം 42 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടി.
ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരുടെ വിക്കറ്റുകളാണ് ഹെന്‌റി സ്വന്തമാക്കിത്. കൈല്‍ ജാമൈസണ്‍, മിച്ചല്‍ സാന്റ്നര്‍, രചിന്‍ രവീന്ദ്ര, വില്‍ ഒ റൂര്‍ക് എന്നിവരാണ് ശേഷിച്ച വിക്കറ്റുകള്‍ നേടിയത്.
ഈ മികച്ച ബൗളിങ് പ്രകടനത്തിന് പിന്നാലെ രണ്ട് ചരിത്ര റെക്കോഡുകളാണ് ഹെന്‌റി സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു ബൗളറുടെ മികച്ച ബൗളിങ് ഫിഗര്‍ എന്ന നേട്ടമാണ് ഇതില്‍ ആദ്യം.
അതേസമയം, ഇന്ത്യ ഉയര്‍ത്തിയ 249 റണ്‍സ് പിന്തുടരുന്ന ന്യൂസിലാന്‍ഡ് നിലവില്‍ 36 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 എന്ന നിലയിലാണ്. 106 പന്തില്‍ 70 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണും ഒരു പന്തില്‍ ഒരു റണ്ണുമായി മൈക്കല്‍ ബ്രേസ്വെല്ലുമാണ് ക്രീസില്‍.