2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയിരിക്കുകയാണ്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കുന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ ചിരവൈരികളായ ഇംഗ്ലണ്ടാണ് എതിരാളികള്‍. മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ എതിരാളികളെ ബാറ്റിങ്ങിനയച്ചു.
2009 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി കിരീടമണിഞ്ഞ ശേഷമുള്ള ആദ്യ ജയം ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെതിരെ കളത്തിലിറങ്ങുന്നത്.
പാറ്റ് കമ്മിന്‍സ് അടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ അഭാവത്തിലാണ് കങ്കാരുക്കള്‍ ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി കളിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ചാമ്പ്യന്‍സ് ട്രോഫിയുടെ 2013 എഡിഷനിലും 2017 എഡിഷനിലും ഒറ്റ മത്സരം പോലും വിജയിക്കാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചിരുന്നില്ല. 2013ല്‍ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ അവസാന സ്ഥാനക്കാരായും 2017ല്‍ മൂന്നാം സ്ഥാനക്കാരായും നോക്ക് ഔട്ട് കാണാതെ മുന്‍ ചാമ്പ്യന്‍മാര്‍ പുറത്തായി.
2013ല്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടായിരുന്നു ഓസ്‌ട്രേലിയ തുടങ്ങിയത്. എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ 48 റണ്‍സിനായിരുന്നു കങ്കാരുക്കളുടെ തോല്‍വി.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 270 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
ഇതേ ഗ്രൗണ്ടില്‍ ന്യൂസിലാന്‍ഡിനെതിരായ മത്സരം ഫലമില്ലാതെ അവസാനിച്ചപ്പോള്‍ ഓവലില്‍ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ശ്രീലങ്ക ഓസീസിനെ 20 റണ്‍സിനും പരാജയപ്പെടുത്തി.
2013ല്‍ ഒറ്റ പോയിന്റ് മാത്രമാണ് ഓസീസിന് നേടാന്‍ സാധിച്ചത്.
2017ലെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരായ ആദ്യ രണ്ട് മത്സരങ്ങളും ഫലമില്ലാതെ അവസാനിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ട് 40 റണ്‍സിന് ഓസീസിനെ പരാജയപ്പെടുത്തുതയും ചെയ്തു.
കഴിഞ്ഞ രണ്ട് സീസണുകളില്‍ ഓസ്‌ട്രേലിയയുടെ പ്രകടനം
ചാമ്പ്യന്‍സ് ട്രോഫി 2013
ഓസ്‌ട്രേലിയ vs ഇംഗ്ലണ്ട് – 48 റണ്‍സിന്റെ പരാജയം
ഓസ്‌ട്രേലിയ vs ന്യൂസിലാന്‍ഡ് – No Result
ഓസ്‌ട്രേലിയ vs ശ്രീലങ്ക – 20 റണ്‍സിന്റെ പരാജയം
– ഗ്രൂപ്പ് ഘട്ടത്തില്‍ സ്വന്തമാക്കാന്‍ സാധിച്ചത് വെറും ഒരു പോയിന്റ്, സ്റ്റാന്‍ഡിങ്‌സില്‍ അവസാന സ്ഥാനക്കാരായി മടക്കം.