ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ നേരിടുകയാണ്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത് എതിരാളികളെ ബാറ്റിങ്ങിനയച്ചു.
മത്സരത്തിന് തൊട്ടുമുമ്പ് ഗദ്ദാഫി സ്റ്റേഡിയത്തിലെ ഡി.ജെയ്ക്ക് സംഭവിച്ച വലിയൊരു പിഴവാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ലാഹോര്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ ദേശീയഗാനം പ്ലേ ചെയ്താണ് ഇയാള്‍ ചര്‍ച്ചകളുടെ ഭാഗമായത്.
ഇരു ടീമുകളും ദേശീയ ഗാനത്തിന് അണിനിരക്കുക മത്സരങ്ങള്‍ക്ക് മുമ്പുള്ള ചടങ്ങാണ്. ലാഹോറില്‍ ആദ്യം ഇംഗ്ലണ്ടിന്റെ ദേശീയഗാനമായ ‘ഗോഡ് സേവ് ദി കിങ്’ ആണ് ആലപിച്ചത്.
ഇതിന് പിന്നാലെ ഓസ്‌ട്രേലിയയുടെ ദേശീയ ഗാനമായ ‘അഡ്വാന്‍സ് ഓസ്‌ട്രേലിയ ഫെയര്‍’ ആയിരുന്നു പ്ലേ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഡി.ജെയുടെ അശ്രദ്ധ കാരണം ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഉയര്‍ന്നുകേട്ടതാകട്ടെ ഇന്ത്യയുടെ ദേശീയഗാനമായ ‘ജനഗണമനയും’.
ഇന്ത്യന്‍ ദേശീയഗാനത്തിന്റെ ‘ഭാരതഭാഗ്യവിധാതാ..’ എന്ന ഭാഗമാണ് പ്ലേ ചെയ്യപ്പെട്ടത്. എന്നാല്‍ അബദ്ധം തിരിച്ചറിഞ്ഞതോടെ ഓസീസിന്റെ ദേശീയഗാനം പ്ലേ ചെയ്യുകയായിരുന്നു.
ഈ അബദ്ധത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളുയരുകയാണ്. പാകിസ്ഥാന്‍ ഇന്ത്യയെ തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
In a hilarious mix-up during today’s England vs. Australia match, Pakistan decided to give Australia a “surprise warm-up” by playing the Indian national anthem instead of Australia’s! 🎶😂 pic.twitter.com/vrDQKTQmio
അതേസമയം, ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 73 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. 25 പന്തില്‍ 21 റണ്‍സുമായി ബെന്‍ ഡക്കറ്റും 16 പന്തില്‍ 14 റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസില്‍. പത്ത് റണ്‍സ് നേടിയ ഫില്‍ സാള്‍ട്ടിന്റെയും 15 റണ്‍സടിച്ച ജെയ്മി സ്മിത്തിന്റെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.