സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 2 വരെയാണ് വനിതാ ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന വനിത ഏകദിന ലോകകപ്പില്‍ അമ്പയര്‍മാരെ പ്രഖ്യാപിച്ചിരിക്കുകയാണ് ഐ.സി.സി. ഏറ്റവും വലിയ പ്രത്യേക എന്താണെന്നാല്‍ വനിതകളായിരിക്കും മുഴുവന്‍ മത്സരങ്ങളും നിയന്ത്രിക്കുക.
എട്ടു ടീമുകളുള്ള ടൂര്‍ണമെന്റില്‍ നാല് മാച്ച് റഫറിമാരും 14 അമ്പയര്‍മാരും അടങ്ങുന്ന വനിതകള്‍ മാത്രമുള്ള ഒരു സംഘത്തെയാണ് ഐ.സി.സി പ്രഖ്യാപിച്ചത്. 2020ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും കഴിഞ്ഞ വനിതാ ടി-20 ലോകകപ്പിലും വനിത അമ്പയര്‍മാരാണ് മത്സരം നിയന്ത്രിച്ചത്.
വനിതാ ക്രിക്കറ്റില്‍ ലിംഘ സമത്വം കെണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് ഐ.സി.സി പുതിയ ചുവടുവെപ്പ് നടത്തുന്നതെന്ന് ഐ.സി.സി പ്രസിഡന്റ് ജയ് ഷാ പറഞ്ഞു.
‘വനിത ക്രിക്കറ്റിലെ ചരിത്ര നിമിഷമാണിത്, ഭാവിയില്‍ പുതിയ മാറ്റങ്ങള്‍ക്ക് ഇത് കാരണമാകട്ടെ. വനിതകള്‍ മാത്രമടങ്ങിയ ഒരു പാനല്‍ പ്രഖ്യാപിക്കുന്നതിലൂടെ ക്രിക്കറ്റില്‍ ലിംഗ സമത്വം കൊണ്ടുവരാനുള്ള ഐ.സി.സിയുടെ പ്രതിബദ്ധതയാണിത്,’ ജയ് ഷാ പറഞ്ഞു.
അതേസമയം ടൂര്‍ണമെന്റിന്റെ പ്രൈസ് മണി നേരത്തെ ഐ.സി.സി പുറത്ത് വിട്ടിരുന്നു. 13.88 മില്യണ്‍ യു.എസ് ഡോളറാണ് വനിതാ ലോകകപ്പില്‍ ഇക്കുറി നല്‍കുന്നത്. ടൂര്‍ണമെന്റില്‍ ആദ്യമായാണ് ഐ.സി.സി ഇത്രയും വലിയ പ്രൈസ് മണി അനൗണ്‍സ് ചെയ്യുന്നത്.
2022ല്‍ നടന്ന വനിതാ ലോകകപ്പില്‍ 3.5 മില്യണ്‍ ഡോളറായിരുന്നു ഐ.സി.സി പ്രൈസ് മണിയായി പ്രഖ്യാപിച്ചത്. ഈ തുകയുടെ ഏകദേശം നാലിരട്ടിയാണ് ഇപ്പോള്‍ ഐ.സി.സി വിജയിക്കുന്ന ടീമിന് നല്‍കാനിരിക്കുന്നത്. അമ്പരപ്പിക്കുന്ന മറ്റൊരു കാര്യം ഈ തുക കഴിഞ്ഞ ഏകദിന പുരുഷ ലോകകപ്പിലെ പ്രൈസ് മണിയെക്കാള്‍ കൂടുതലാണ്. 10 മില്യണ്‍ ഡോളറാണ് ഐ.സി.സി പുരുഷ ലോകകപ്പിനായി നല്‍കുന്നത്.
സെപ്റ്റംബര്‍ 30നാണ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരം. ആദ്യ മത്സരത്തില്‍ രണ്ട് ആതിഥേയ രാജ്യങ്ങളായ ഇന്ത്യയും ശ്രീലങ്കയുമാണ് ഏറ്റുമുട്ടുന്നത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി. ഒക്ടോബര്‍ ഒന്നിന് ഹോല്‍കര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ ന്യൂസിലാന്‍ഡിനെ നേരിടും.