പി. ജിംഷാര്‍
പി. ജിംഷാര്‍
Film Review
മരണ ഫാന്റസിയുടെ ഇബ്‌ലീസ്
പി. ജിംഷാര്‍
Thursday 9th August 2018 10:11pm

It’s Hard to tell if the world we live  in is dream or realtiy – കിംകി ഡ്യൂക്കിന്റെ 3 അയേണ്‍ എന്ന ചിത്രം അവസാനിക്കുമ്പോള്‍ തെളിയുന്ന വാചകങ്ങളാണിത്. വി.എസ്.രോഹിതിന്റെ ഇബ്‌ലീസ് എന്ന ചിത്രം മുന്നോട്ട് വെക്കുന്ന ഭാവുകത്വവും ഏറെക്കുറെ ഈ വാചകങ്ങളില്‍ ഒതുക്കാവുന്നതാണ്. ‘ഉറക്കത്തില്‍ ഞാനൊരു ചിത്രശലഭത്തെ സ്വപ്നം കണ്ടെന്നും, ഉണര്‍ന്നപ്പോള്‍ ചിത്രശലഭത്തിന്റെ സ്വപ്നത്തിലാണോ താനെന്നും’ സംശയിച്ച ആ പഴയ സെന്‍ഗുരുവിന്റെ ഉന്മാദം തന്നെയാണ് ഓരോ ഫ്രെയിമുകളിലും രോഹിത് കാഴ്ചക്കാര്‍ക്കായി ഒരുക്കി വെച്ചിട്ടുള്ളത്.

ഹുവാന്‍ റൂള്‍ഫോയുടെ പെഡ്രോ പരാമോ എന്ന നോവലിലെ മരിച്ചവരുടെ ദേശത്തിന് സമാനമായി മരിച്ചവരുടെ ദേശമൊരുക്കിയാണ് ഇബ്‌ലീസ് പ്രേക്ഷകരെ സ്വീകരിക്കുന്നത്. പുഴയ്ക്ക് ‘അക്കരെ’ ജീവിച്ചിരിക്കുന്നവരുടെ നാഗരികമായ ദേശവും ‘ഇക്കരെ’എന്നത് മരണത്തിന്റെ ഫാന്റസില്‍ കഴിയുന്നവരുമാണ് ‘ഇബ്‌ലീസ്്’ എന്ന ചിത്രത്തിലുള്ളത്. ‘IBLIS Late and Sounds’ എന്ന സിനിമയില്‍ വെളിച്ചമായും ശബ്ദമായും ഇബ്‌ലീസിന്റെ സുവിശേഷം നിറയുന്നുണ്ട്. പറുദീസയില്‍ ദൈവം പുറംതള്ളിയ മനുഷ്യരെ തിരികെ സ്വര്‍ഗ്ഗത്തിലെത്തിക്കാന്‍ ചെകുത്താന്‍ നടത്തുന്ന ശ്രമങ്ങളുടെ ആകെത്തുകയുടെ ആത്മീയതയാണ് ഈ സിനിമ.

മരണത്തിന്റെ ഫാന്റസി പ്രമേയമാക്കിയ ചുരുക്കം ചില മലയാള സിനിമകളുടെ ഗണത്തിലേക്ക് കയറ്റിവെക്കാവുന്ന ചിത്രമാണിത്. ആയുഷ്‌ക്കാലം (കമല്‍), ശങ്കരനും മോഹനനും (ടി.വി.ചന്ദ്രന്‍), എന്ന് സ്വന്തം ജാനകിക്കുട്ടി (ഹരിഹരന്‍), മയില്‍പ്പീലിക്കാവ് (അനില്‍ ബാബു) എന്നീ ചിത്രങ്ങളാണ് മരണാനന്തരമുള്ള ഫാന്റസിയെ പ്രശ്‌നവല്‍ക്കരിച്ച മലയാളത്തിലെ ശ്രദ്ധേയമായ സിനിമകള്‍. എന്നാല്‍ ഈ സിനിമകള്‍ക്കൊന്നും സാധ്യമാകാത്ത തരത്തില്‍ മരണത്തെ കാല്‍പ്പനികവല്‍ക്കരിക്കുകയും മരണത്തില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നവരാണ് ഇബ്‌ലീസിലുള്ളത്. ‘ഇബ്‌ലീസി’ലെ മരണങ്ങള്‍ ആത്മീയമായി ഒരു സൂഫി സംഗീതത്തിന്റെ ധാരയെ നിശബ്ദമായി പുല്‍കുന്നുണ്ട്. വി.എസ്.രോഹിത് സൃഷ്ടിക്കുന്ന ഇബ്‌ലീസിലെ മരണങ്ങളെ തെല്ലൊരു കൊതിയോടെ മാത്രമേ പ്രേക്ഷകന് സ്വീകരിക്കാന്‍ കഴിയുകയുള്ളൂ.

വൈശാഖ് എന്ന കേന്ദ്രകഥാപാത്രമായി ഇബ്ലീസില്‍ വേഷമിടുന്നത് ആസിഫ് അലിയാണ്. നായികായായ ഫിദയായി എത്തുന്നത് മഡോണ സെബാസ്റ്റിയനാണ്. വൈശാഖിന്റേയും അവന്റെ മുത്തശ്ശന്‍ ശ്രീധരന്റേയും പ്രണയമാണ് ഇബ്‌ലീസിന്റെ ആഖ്യാനത്തെ നിയന്ത്രിക്കുന്നത്. ഇരുവരുടേയും ജീവിതകാലത്ത് പൂര്‍ത്തിയാകാതെ പോയ പ്രണയം മരണാനന്തരം പൂര്‍ത്തീകരിക്കപ്പെടുന്നതാണ് ഇബ്‌ലീസിന്റെ കേന്ദ്രപ്രമേയം. സര്‍ക്കീറ്റ് (ഊര് ചുറ്റല്‍) ഒരു ശീലമായുള്ള ശ്രീധരന് ഇക്കരയിലെ പലഹാരമുണ്ടാക്കുന്ന ബീവിയോട് തോന്നുന്ന പൂര്‍ത്തീകരിക്കപ്പെടാതെ പോയ മുഹബത്തും, വര്‍ഷങ്ങള്‍ക്കിപ്പുറം കൊച്ചുമകന്‍ വൈശാഖിന് ബീവിയുടെ കൊച്ചുമകള്‍ ഫിദയോട് തോന്നുന്ന മുഹബത്തും മരണത്തിന്റെ ചരടില്‍ ചേര്‍ത്തു കെട്ടിയൊരു കഥ മെനയുകയാണ് സമീര്‍ അബ്ദുലിന്റെ തിരക്കഥ. അമര്‍ചിത്രകഥാരൂപത്തില്‍ തയ്യാറാക്കിയ മികച്ചൊരു തിരക്കഥയുടെ നട്ടെല്ലുറപ്പ് ഇബ്‌ലീസിന് ഉണ്ടെന്നത് സിനിമയുടെ മാറ്റ് കൂട്ടുന്നു.

അനുരാഗ കരിക്കിന്‍വെള്ളം (ഖാലിദ് റഹ്മാന്‍), കാറ്റ് (അരുണ്‍കുമാര്‍ അരവിന്ദ്), Adventures of ഓമനക്കുട്ടന്‍ (വി.എസ്.രോഹിത്) എന്നീ ചിത്രങ്ങളിലെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ക്ക് ശേഷം ആസിഫ് ആലി കഥാപാത്രത്തോട് ഏറെ കൂറുപുലര്‍ത്തിയതായി ഇബ്‌ലീസില്‍ അനുഭവപ്പെടുന്നുണ്ട്. ആസിഫ് അലിയ്ക്ക് മുകളില്‍ നില്‍ക്കുന്ന പ്രകടനവുമായി ലാലിന്റെ ശ്രീധരനും കളം നിറഞ്ഞാടുന്നു.
Adventures of ഓമനക്കുട്ടന്‍ എന്ന പരീക്ഷണ ചിത്രമൊരുക്കിയ വി.എസ്.രോഹിത് മലയാള സിനിമയ്ക്ക് ഏറെ പ്രതീക്ഷ വെക്കാവുന്ന സംവിധായകനാണെന്ന് ഇബ്‌ലീസ്് വിളിച്ചോതുന്നുണ്ട്. മുടി നഷ്ടപ്പെട്ടവന്റെ പ്രതികാര കഥ പറഞ്ഞ, Adventures of ഓമനക്കുട്ടന്‍ ഇഷ്ടപ്പെട്ട പ്രേക്ഷകന് ധൈര്യമായി ഇബ്‌ലീസിന് ടിക്കറ്റെടുക്കാവുന്നതാണ്.

ഓമനക്കുട്ടന്റെ സാഹസികതയ്ക്കായി രോഹിത് ഒരുക്കിയ ക്രാഫ്റ്റിലെ നവഭാവുകത്വം ഇബ്‌ലീസില്‍ ചെറുതായൊന്ന് ഇടിഞ്ഞൂ എന്നത് ഇബ്‌ലീസിലെ ന്യൂനതയായി കണക്കാക്കാവുന്നതാണ്. കഥ പറയാനായി രോഹിത് തിരഞ്ഞെടുത്ത ആഖ്യാന മാതൃക ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍, JeanPierre Jeunte ന്റെ amelie എന്നീ ചിത്രങ്ങളുടേതാണ് എന്നത് ആഖ്യാനത്തിന്റെ നവസാധ്യതയെ തുരങ്കം വെക്കുന്നുണ്ട്. അഖില്‍ ജോര്‍ജ്ജിന്റെ ഇബ്‌ലീസിലെ ഛായാഗ്രഹണം ആമേനിലെ അഭിനന്ദ് രാമാനുജത്തിന്റെ ക്യാമറയെ വല്ലാതെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. Dawn Vincts ലിന്റെ  സംഗീതം പ്രശാന്ത്പിള്ളയുടെ കുമരംകരിയുടെ സംഗീതത്തെ വല്ലാതെ പിന്‍തുടരുന്നുമുണ്ട്.

ഫാന്റസി ലാന്റിന് അവതരിപ്പിക്കുമ്പോള്‍ ചുവന്ന ചേതക് സ്‌കൂട്ടര്‍ വേണമെന്ന അലിഖിത ഫാന്റസി നിയമവും ആമേനെ പിന്‍തുടര്‍ന്ന് മറ്റൊരു കുമരംകരി സൃഷ്ടിക്കാന്‍ വി.എസ്.രോഹിത് ശ്രമിച്ചതും ദൃശ്യവിന്യാസത്തിലെ കല്ലുകടിയാകുന്നുണ്ട്.

കെ.ജി.ജോര്‍ജ്ജിന്റെ പഞ്ചവടിപ്പാലം പോലെ ഒരു വൈറ്റ് ഹ്യൂമര്‍ സറ്റയര്‍ ഇബ്ലീസിലും ഒളിച്ചിരിപ്പുണ്ട്. ജാതിയുടെ സവര്‍ണ്ണതയില്‍ അഭിരമിച്ച് കെവിനെ കൊന്നുകളയുന്ന ദുരഭിമാനകൊല നിത്യ സംഭവമായ വര്‍ത്തമാനകാല ഇന്ത്യയെ പരിഹാസത്തിന്റെ വട്ടത്തില്‍ നോക്കി കാണുന്നുണ്ട് ഇബ്ലീസ്. ഹിന്ദു-മുസ്ലീം പ്രണയത്തിന്റെ അന്ത്യം ദുരന്തപര്യവസായിയായ മരണത്തിലായിരിക്കുമെന്നും. ഇണകളുടെ കഴുത്തറുക്കാന്‍ ജീവിച്ചിരിക്കുന്നവരും മരിച്ചവരും ഒരുപോലെ ശ്രമിക്കുമെന്നും ധ്വനിപ്പിക്കുന്നുണ്ട് ഇബ്‌ലീസ്.

ഇസ്ലാം മത വിശ്വാസപ്രകാരം തിന്മ-യുടെ പ്രതീകമാണ് ഇബ്‌ലീസ്. പ്രലോഭനങ്ങളിലൂടെയും പ്രകോപനങ്ങളിലൂടെയും മനുഷ്യനെ തെറ്റുചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ഇബ്‌ലീസ് എന്ന പദത്തിന്റെ അര്‍ത്ഥം ‘അങ്ങേയറ്റം നിരാശപ്പെട്ടവന്‍’ എന്നാണ്. വി.എസ്.രോഹിതിന്റെ ഇബ്‌ലീസ്് ഇസ്ലാംമത വിശ്വാസപ്രകാരമുള്ള തിന്മ-യുടെ ആള്‍രൂപമായ ഇബ്‌ലീസല്ല.

പകരം, പ്രണയത്തിന്റെ ആള്‍രൂപമാണ്. മരണം ഫിദയുമായൊരു മതില്‍ സൃഷ്ടിച്ചപ്പോള്‍ അവളോടുള്ള പ്രണയഭംഗത്താല്‍ ‘അങ്ങേയറ്റം നിരാശപ്പെട്ടവനാണ്’ വൈശാഖ് എന്ന സിനിമയിലെ ഇബ്‌ലീസ്.

 

ആദിമിനേയും ഹവ്വയേയും സൃഷ്ടിച്ച കാലത്ത്, അസാസീല്‍ എന്ന് പേരുള്ള ജിന്നായിരുന്നൂ ഇബ്‌ലീസ്. ആദിമ മനുഷ്യനായ ആദമിനെ വണങ്ങാന്‍ ദൈവം കല്‍പ്പിച്ചപ്പോള്‍ മലക്കുകളുടെ തലവനായ അസാസില്‍ ആ കല്‍പ്പനയെ തള്ളിക്കളയുകാണ് ചെയ്തത്. കേവലം മണ്ണുകൊണ്ട് സൃഷ്ടിച്ച ആദമിനെ അഗ്നിയാല്‍ സൃഷ്ടിച്ച താന്‍ വണങ്ങില്ലെന്നായിരുന്നൂ ഇബ്‌ലീസിന്റെ പക്ഷം. ‘മരണം’ മഴപോലെ പെയ്യുന്നൊരു ദേശത്ത് കരയില്‍ നിന്ന് ദേഹം വേര്‍പ്പെട്ടാലും ദൈവവിധിയ്ക്ക് മുമ്പില്‍ കീഴടങ്ങില്ലെന്ന് പ്രഖ്യാപിക്കുകയാണ്, ഇവിടെ ആസിഫ് അലി വേഷമിട്ട വൈശാഖ് എന്ന ഇബ്‌ലീസ്.

മരണത്തിന്റെ മോഹവലയം കാട്ടി അയാള്‍ തന്റെ പ്രണയിനിയെ മാടിവിളിക്കുകയും വിജയം കൈവരിക്കുകയും ചെയ്യുന്നു. മരണത്തെ ചെസ്സ് കളിച്ച് തോല്‍പ്പിച്ച ഇര്‍മന്‍ ബെര്‍ഗ്മാന്റെ സെവന്‍ത് സീലിലെ (seventh seal) പടയാളിയെ പോലെ, മരണത്തെ അതിജീവിച്ച് തന്റെ പ്രണയത്തിന് മുമ്പില്‍ വിജയശ്രീലാളിതനാകുന്ന വൈശാഖിന്റെ കഥയാണ് ഇബ്‌ലീസ് Late and Sound എന്ന വി.എസ്.രോഹിത് ചിത്രം.

ഇബ്‌ലീസിന് ഞാന്‍ നല്‍കുന്ന റൈറ്റിങ്ങ് (3.5/5)

Advertisement