ഐ.ബി തയ്യാറാക്കിയ ഇക്കഥകള്‍ വിശ്വസിക്കാമെങ്കില്‍ ചാരക്കേസ്സും വിശ്വസിക്കാം
FB Notification
ഐ.ബി തയ്യാറാക്കിയ ഇക്കഥകള്‍ വിശ്വസിക്കാമെങ്കില്‍ ചാരക്കേസ്സും വിശ്വസിക്കാം
പ്രമോദ് പുഴങ്കര
Sunday, 16th September 2018, 12:29 am

ചാരക്കഥയില്‍ ഇക്കണ്ടതൊന്നുമല്ല കാര്യം ശരിക്കും ചാരന്മാര്‍ നൃത്തക്കാരും പാട്ടുകാരും ഒക്കെയായി ചുറ്റിനടപ്പുണ്ടെന്നും സത്യത്തില്‍ ആ റോക്കറ്റും എന്‍ജിനുമൊക്കെ കൈമാറാനൊരു കളിയായിരുന്നു എന്നുമുള്ള മട്ടില്‍ കഥകളതിസാഗരമായി ഇപ്പോഴും തിരയടിക്കുന്നുണ്ട്. ഐ ബിയുടെയും കേരള പൊലീസിന്റെയും ബൗദ്ധിക് പ്രമുഖ്‌സ് ഇങ്ങനെയൊരു കഥ ശൂന്യതയില്‍ നിന്നും ഉണ്ടാക്കുമോ എന്നാണ്?

ഇശ്രത് ജഹാനെ ഏറ്റുമുട്ടലില്‍ കൊല്ലാനുണ്ടാക്കിയ കഥ മോദിക്കുവേണ്ടി ഇങ്ങനെ മെനഞ്ഞെടുത്തതായിരുന്നു എന്ന് വിശ്വസിക്കാന്‍ നിങ്ങള്‍ക്കു കഴിയുന്നില്ലെങ്കില്‍ ഇക്കഥയും വിശ്വസിക്കില്ല. അമിത് ഷാ പ്രതിസ്ഥാനത്തുനിന്നും ഊരിപ്പോന്ന സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ക്കേസ് ഇങ്ങനെയുണ്ടാക്കി എന്ന് നിങ്ങള്‍ കരുതുന്നില്ലെങ്കില്‍ ഇതും ബോധ്യപ്പെടാന്‍ പാടാണ് .

ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിക്കാന്‍ കുറച്ചു ഭീകരര്‍ പാര്‍ലമെന്റിന്റെ പ്രധാന കവാടം വരെയെത്തുകയും കൃത്യസമയത്ത് ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ നേതാക്കളെയും സുരക്ഷിതരാക്കി അകത്തളത്തിന്റെ വാതിലുകള്‍ അടയുകയും, കുറച്ചു സുരക്ഷാ ഉദ്യോഗസ്ഥരും പിന്നെ ആക്രമിക്കാനായി വന്ന തീവ്രവാദികളും കൊല്ലപ്പെടുകയും ചെയ്തത് ആ നിമിഷം വരെ ഐ ബിക്ക് അറിയില്ലായിരുന്നു എന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ ഇക്കഥയും നിങ്ങള്‍ക്ക് വിശ്വസിക്കാം.

വാതിലുകള്‍ എങ്ങനെയാണ് താനേ തുറക്കുന്നതെന്നും പുറകില്‍ അടയുന്നതെന്നും ഒരു യാദൃശ്ചികതയായി കരുതാം. അഫ്‌സല്‍ ഗുരുവിനെ കാശ്മീരില്‍ നിന്നും ദല്‍ഹി വരെയെത്തിക്കുമ്പോള്‍ അയാളെ നിരന്തരം വിളിച്ചുകൊണ്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ആരെന്നു ഒരിക്കലും അന്വേഷിക്കാതെ പോകാം. അയാളെ ഒരു informer ആയി ഭീഷണിപ്പെടുത്തി ഉപയോഗിക്കാന്‍ ശ്രമിച്ചത് മറക്കാം. അയാളെ തൂക്കിക്കൊന്ന് തടിയൂരാം. സംഭവുമായി ഒരു ബന്ധവുമില്ലെന്ന് സുപ്രീം കോടതി കണ്ടെത്തിയ പ്രൊഫസര്‍ ഗിലാനിയെ അതിനു മുമ്പ് ഇതേ അന്വേഷണ ഏജന്‍സികളുടെ കഥയില്‍ ഹൈക്കോടതി വധശിക്ഷയ്ക്കാണ് വിധിച്ചതെന്നൊന്നും ഓര്‍ക്കാതിരിക്കാം.

 

ഇപ്പോള്‍ മോദിയെക്കൊല്ലാന്‍ urban naxal പ്രവര്‍ത്തകര്‍ എന്നാരോപിക്കപ്പെടുന്നവര്‍ ലാപ് ടോപ്പില്‍ ഗൂഢാലോചന വിവരങ്ങള്‍ സൂക്ഷിച്ചുവെച്ചു നടക്കുകയായിരുന്നുവെന്നും ആ ഗൂഢാലോച്ചാണ് രാജീവ്ഗാന്ധി വധത്തിന് സമാനമായ രീതിയിലാകണമെന്നു തീരുമാനിച്ചിരുന്നതായും ഐ ബി പറയുന്നത് ഒരു തെരഞ്ഞെടുപ്പിന് ഒരുവര്‍ഷമില്ലാത്ത ഈ സമയത് അത്യന്തം എത്രയും നിഷ്‌ക്കളങ്കമാണെന്നു കരുതുന്നെങ്കില്‍ നിങ്ങള്‍ക്ക് ഇക്കഥകളും വിശ്വസിക്കാം. മോദിക്ക് മാലയിടാന്‍ പോയി മോദിയോട് മിണ്ടാന്‍ കാബിനറ്റ് മന്ത്രിമാര്‍ക്ക് വരെ അവസരമില്ലാത്ത കാലത്താണ് നക്‌സല്‍ ശിവരാശനും ശുഭയുമൊക്കെ!

നാളേക്ക് ഉപയോഗിക്കേണ്ട കഥകളുടെ പശ്ചാത്തലം ഐ ബി ഇപ്പോഴെ പനയോലകളില്‍ എഴുതിത്തുടങ്ങും. മധ്യപ്രദേശിലെ മഹാനില്‍ നടക്കുന്ന എസ്സാര്‍ കമ്പനിക്കും ഖനനാനുമതിക്കും എതിരായ സമരത്തില്‍, സമരനേതൃത്വത്തില്‍ ഉള്ള പ്രിയ, അവിടെയൊരു വിമോചിത പ്രദേശം സൃഷ്ടിച്ചു എന്നും സര്‍ക്കാര്‍ സംവിധാനങ്ങളെ അങ്ങോട്ട് കടക്കാന്‍ അനുവദിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു ആദ്യം ഐ ബിയുടെ രഹസ്യ റിപ്പോര്‍ട്. രണ്ടാം റിപ്പോര്‍ട് കൂടുതല്‍ കടുപ്പത്തിലായിരുന്നു. അപ്പോഴേക്കും “മുസ്ലിം തീവ്രവാദികളുമായുള്ള ബന്ധം” പലയിടത്തുമായി ഐ ബി plant ചെയ്യാന്‍ തുടങ്ങി.

“നിങ്ങളീ പേരുകാരനെ അറിയുമോ” എന്ന് വളരെ ഞെട്ടലോടെ ഉന്നതര്‍ ചോദിക്കാന്‍ തുടങ്ങി. വിദേശ യാത്രകളിലെ രഹസ്യങ്ങള്‍ വെളിപ്പെടുമെന്ന ഭീഷണികള്‍. നിരവധി കോടികളിലേക്കു അതിവേഗം ഗുണിച്ചുകയറിയ വാഗ്ദാനങ്ങള്‍. മാവോവാദി അനുഭാവി സംഘങ്ങളുടെ യോഗങ്ങളില്‍ നിത്യസാന്നിധ്യമാകുന്ന പങ്കാളിയെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍, പല തരത്തിലുള്ള ചര്‍ച്ചകള്‍ക്കുമായി എത്തുന്ന fixers , …ഒരു കഥയുണ്ടാക്കാന്‍ ഐ.ബി ശ്രമിക്കുന്നത് വെറുതെ എഴുതിപ്പിടിപ്പിച്ചല്ല. അവരത് നടത്തിക്കാണിക്കുകയാണ് ചെയ്യാറ്. നിങ്ങളതിലൊരു കഥാപാത്രമാകും. പത്രക്കാരന്‍ മുതല്‍ നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ വരെ അറിഞ്ഞും അറിയാതെയും മറ്റു വേഷങ്ങള്‍ ചെയ്യുന്ന നാടകം. ആ തിരക്കഥ വായിക്കാന്‍ രസമാണ്. അതിലൂടെ കടന്നുപോയാലൊഴികെ. പിന്നെ ആ കഥാപാത്രമായിമാത്രം പിന്നെയങ്ങോട്ട് നാം പോലും നമ്മെക്കാണുന്ന ഒരു ലോകമവരുണ്ടാക്കും. അവര്‍ക്കതിനു നാനാവിധ അജണ്ടകളുണ്ട്, കാരണങ്ങളുണ്ട്, വഴികളുമുണ്ട്. പക്ഷെ തീര്‍ത്തും നിരപരാധികളായ മനുഷ്യരെ അവരുടെ ഹീനമായ അജണ്ടകളിലെ കഥാപാത്രങ്ങളാക്കി മാറ്റുമോ എന്നതിന് ഒരു സംശയവുമില്ലാതെ പറയാം, അതാണ് മിക്കപ്പോഴും നടക്കുന്നത് എന്ന്.

ഇന്ത്യന്‍ ഐബിയുടെ ആസൂത്രിതമായ obsession മുസ്‌ളീം തീവ്രവാദമാണ്. പാകിസ്ഥാന്‍ കൂടി വരുന്നതോടെ ഞഅണ കൂടിയെത്തും. പിന്നെ ജിന്നയുമായി നേരിട്ടാണ് നിങ്ങള്‍ക്ക് ബന്ധം എന്നുവരെ അവര്‍ സ്ഥാപിച്ചുകളയും. ഒരു മുസ്ലിം പേര് പറയാനാണ് ഐ ബി നമ്പി നാരായണനെ നിര്‍ബന്ധിച്ചതെന്നു അദ്ദേഹം പറയുമ്പോള്‍ നിങ്ങള്‍ക്കാ സംവിധാനത്തെക്കുറിച്ച് ഇനിയും എന്തെങ്കിലും സംശയമുണ്ടോ? അത്തരത്തില്‍ മിക്കതിനേയും അവര്‍ തീവ്രവാദവുമായി കൂട്ടിക്കെട്ടും. ശേഷം ഒരു അംഗീകൃത തിരക്കഥയാണ്. പഞ്ചാബില്‍ ഖാലിസ്ഥാന്‍ വിരുദ്ധ ദൗത്യത്തിന്റെ കാലത്ത് ഉദ്യോഗക്കയറ്റത്തിനായി വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടത്തിയ പൊലീസ് ഉദ്യോഗസ്ഥരുണ്ട്. സമാനമാണ് കാശ്മീരിലും.

ഇന്നിപ്പോള്‍ സംഘപരിവാറിന്റെ think tank സംഘടനകളിലും വിരമിച്ച ഐബിക്കാരെ കാണാം. നിരപരാധികളായ മനുഷ്യരെ ഒരു കാര്യവുമില്ലാതെ ഇവര്‍ തീവ്രവാദികളാക്കി വെടിവെച്ചുകൊല്ലുമോ? തടവിലിടുമോ? ഒരു സംശയവും വേണ്ട, ഭീകരവാദികളെന്നു ആരോപിച്ചു തടവിലിട്ട മുസ്ലീങ്ങളില്‍ മിക്കവരും നീണ്ട വര്‍ഷങ്ങള്‍ തടവറയില്‍ നരകിച്ച് കുറ്റവിമുക്തരാക്കപ്പെട്ട് പുറത്തുവരുന്നത് നിങ്ങള്‍ കാണുന്നില്ല. കാരണം ഐ ബിയുടെ വാറോലകള്‍ അന്വേഷണാത്മക വാര്‍ത്തയാക്കി നല്‍കുന്ന വമ്പന്‍ മാധ്യമ സിങ്കങ്ങള്‍ ആ വാര്‍ത്തയൊന്നും വലിയ പ്രാധാന്യത്തില്‍ നല്‍കാറില്ല.

 

നമ്പി നാരായണനെ മര്‍ദിക്കുകയും അദ്ദേഹത്തെ പതിവുപോലെ മനുഷ്യത്വരഹിതമായി കൈകാര്യം ചെയ്യുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. അതുമാത്രമല്ല, ഈ ചാരക്കേസ് എങ്ങനെയാണ് ഉണ്ടാക്കിയെടുത്തതെന്ന് പൊതുജനം അറിയണം. പക്ഷെ എനിക്കുറപ്പുണ്ട്, നമ്പി നാരായണനെ മര്‍ദിക്കുകയും മറ്റും ചെയ്ത, ചാരക്കേസ് തെളിയിച്ചു മിടുക്കരാകാനും കള്ളക്കേസെന്നറിഞ്ഞിട്ടും തങ്ങളുടെ നേട്ടത്തിനായി അനുസരണയോടെ ആടിത്തിമിര്‍ത്ത ചില പൊങ്ങന്‍മാരായ പൊലീസുകാര്‍ക്കെതിരെ നടപടി ശുപാര്‍ശകളുമായി ആ അന്വേഷണം തീരും. കാരണം അതിനപ്പുറമുള്ളത് നാം ചെല്ലും ചെലവും കൊടുത്തു പോറ്റുന്ന ഒരു യന്ത്രമാണ്. അതിനു ബജറ്റില്‍ നല്‍കുന്ന പണത്തിനു കണക്കുവെപ്പില്ല. അത് കാശ്മീരിലെ പീഡനമുറികളില്‍ യുവാക്കളുടെ ജനനേന്ദ്രിയത്തില്‍ ചുറ്റുന്ന വൈദ്യുതകമ്പികള്‍ വാങ്ങാന്‍ മാത്രമല്ല, തങ്ങള്‍ക്കുവേണ്ടി പണിയെടുക്കുന്ന മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, എന്നിങ്ങനെ നാനാവിധ മനുഷ്യരുടെ ഒരു ശൃംഘലയെത്തന്നെ തീറ്റിപ്പോറ്റാനാണ്.

ചാരക്കേസില്‍ സംഭ്രമജനകമായ വസ്തുതകള്‍ പകല്‍പ്പൂരവും വെടിക്കെട്ടുമായിറക്കിയ മാധ്യമങ്ങളില്‍ ഉള്ളിലുള്ള ചിലരിലെങ്കിലും കൃത്യമായി അതിറങ്ങുന്നു എന്നുറപ്പാക്കിയിരിക്കും. അതവര്‍ അറിയിച്ചിരിക്കും. അതിനവര്‍ ബാധ്യതപ്പെട്ടവരാണ്. അതിനപ്പുറമോ ഇപ്പുറമോ അവര്‍ക്കറിയാന്‍ ഒന്നുമില്ലതാനും. പകര്‍ത്തെഴുത്തുകാര്‍ പിറകെവരുമെന്ന് ആദ്യവാര്‍ത്തകള്‍ നല്കുന്നവര്‍ക്കറിയാം. ഒന്നും നിഷ്‌ക്കളങ്കമല്ല.

നിങ്ങളെ അവിചാരിതമായി പരിചയപ്പെട്ട, ആ മനുഷ്യനെ ഓര്‍മ്മയില്ലേ? ഇല്ല അല്ലെ, എങ്കില്‍ ഇതാ, അവര്‍ പറഞ്ഞുതരും ശേഷം കഥകള്‍.

ഈ വിലാപം വൃത്തികേടാണ്, കണ്ണീരിന്റെ ദയ പോലുമര്‍ഹിക്കുന്നില്ല കരുണാകരന്റെ ചാരം !