ന്യൂദല്‍ഹി: ഈ വര്‍ഷം തന്നെ തന്റെ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോവുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. എന്‍.ഡി.ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹസീനയുടെ പരാമര്‍ശം.
തന്റെ പാര്‍ട്ടിയായ അവാമി ലീഗിന്റെ ശക്തി ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ലെന്നും ബംഗ്ലാദേശിന്റെ ഭാവിയില്‍ തനിക്ക് ഇപ്പോഴും ഉത്തരവാദിത്തമുണ്ടെന്നും ഹസീന പറഞ്ഞു.
തന്റെ രാഷ്ട്രീയം അധികാരത്തിന് വേണ്ടിയല്ലെന്നും ബംഗ്ലാദേശിലെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണെന്നും അവര്‍ പറഞ്ഞു. എല്ലാ തടസങ്ങളെയും ഗൂഢാലോചനകളെയും മറികടന്ന് താന്‍ ഈ വര്‍ഷം തന്നെ തന്റെ രാജ്യത്തേക്ക് മടങ്ങുമെന്നും ഹസീന വ്യക്തമാക്കി.
‘ രാജ്യത്തെ ജനങ്ങള്‍ എനിക്കൊപ്പം നിന്നു. ഞാന്‍ അഞ്ച് തവണ പ്രധാനമന്ത്രിയായി. രാജ്യത്തിന്റെ അഭൂതപൂര്‍വമായ വികസനത്തിനായി പ്രവര്‍ത്തിച്ചു. എന്റെ ജീവിതം മുഴുവന്‍ ബംഗ്ലാദേശിലെ ജനങ്ങള്‍ക്കും ബംഗ്ലാദേശിന്റെ വികസനത്തിനും വേണ്ടിയായിരുന്നു,’ ഹസീന പറഞ്ഞു.
ജനാധിപത്യം സ്ഥാപിക്കാനായി താന്‍ ജീവിതം സമര്‍പ്പിച്ച ബംഗ്ലാദേശിന്റെ ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ വേദനയുണ്ടെന്നും അവര്‍ പറഞ്ഞു. തനിയ്‌ക്കെതിരായ വധശിക്ഷ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്നും അവര്‍ പറഞ്ഞു.
2024 ല്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോപത്തിലൂടെയായിരുന്നു 15 വര്‍ഷം നീണ്ടു നിന്ന ഷെയ്ഖ് ഹസീന സര്‍ക്കാറിന്റെ പതനമുണ്ടായത്.
അതോടെ ഹസീന ഇന്ത്യയിലേക്ക് നാട് കടക്കുകയായിരുന്നു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ നവംബറില്‍ അവര്‍ക്കെതിരെ ബംഗ്ലാദേശിലെ കോടതി വധശിക്ഷ വിധിച്ചിരുന്നു.
ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ പ്രവര്‍ത്തനങ്ങളും ബംഗ്ലാദേശില്‍ നിരോധിച്ചിട്ടുണ്ട്. 2026 നവംബറില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തിലൂടെ അധികാരത്തിലേറി.
ഹസീനയെ വിട്ടുനല്‍കണമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ ഇന്ത്യയോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം തന്നെ മടങ്ങുമെന്ന ഹസീനയുടെ പ്രഖ്യാപനം സംഘര്‍ഷഭരിതമായ ബംഗ്ലാദേശിന്റെ രാഷ്ട്രീയ സാഹചര്യത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്.
Content Highlight: I will return to Bangladesh this year, overcoming all conspiracies: Sheikh Hasina
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.