ഞാന്‍ മത്സരിക്കാനില്ല, മുഖ്യമന്ത്രിയെ പാര്‍ട്ടി തീരുമാനിക്കും: കെ.സി വേണുഗോപാല്‍
Kerala
ഞാന്‍ മത്സരിക്കാനില്ല, മുഖ്യമന്ത്രിയെ പാര്‍ട്ടി തീരുമാനിക്കും: കെ.സി വേണുഗോപാല്‍
നിഷാന. വി.വി
Friday, 16th January 2026, 10:46 am

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.

താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ലെന്ന് പലവട്ടം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാള മനോരമ സംഘടിപ്പിപ്പിച്ച പോര്‍ മുഖാമുഖം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കുന്ന രീതി കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ആരാവും എന്ന വിഷയത്തില്‍ തര്‍ക്കമുണ്ടാവില്ലെന്നും എല്ലാവരും ടീമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ രമേശ് ചെന്നിത്തലയോ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവോ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റ് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘രമേശ് ചെന്നിത്തല വര്‍ഷങ്ങളായി കോണ്‍ഗ്രസിലുള്ള നേതാവാണ്. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയാവണമെന്ന് ആഗ്രഹിക്കുന്നത് തെറ്റാണെന്ന് പറയാന്‍ പറ്റുമോ, നിയമസഭയില്‍ മികച്ച പോരാട്ടം നടത്തുന്ന ആളാണല്ലോ അദ്ദേഹം’ കെ.സി വേണുഗോപാല്‍ പറഞ്ഞു.

എന്നാല്‍ ഒരാള്‍ക്ക് മാത്രമാണ് സ്ഥാനത്തേക്ക് വരാന്‍ സാധിക്കുകയെതെന്നതിനാല്‍ പാര്‍ട്ടി നേതൃത്വം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് ഇപ്പോഴും ശക്തിയുള്ള പാര്‍ട്ടിയാണെന്നും അത് കുറച്ച് കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും
കെ.സി പറഞ്ഞു.

‘ അവരുടെ അനുയായികള്‍ ആഗ്രഹിക്കുന്നത് ഐക്യ ജനാധിപത്യ മുന്നണിയിലെ ഒരു കക്ഷിയായി മുന്നോട്ട് പോവാനാണ്. അന്നത്തെ സാഹചര്യത്തില്‍ അത്തരത്തിലുള്ള വിഷയങ്ങള്‍ ഉണ്ടായിയെന്നത് സത്യമാണ്. അതിലൂടെ അവര്‍ മറ്റൊരു ബന്ധമുണ്ടാക്കി,’

കേരളാ കോണ്‍ഗ്രസിന്റെ സപ്പോര്‍ട്ടിങ് മാസ്റ്റര്‍ ആഗ്രഹിക്കുന്നത് യു.ഡി.എഫിനൊപ്പം മുന്നോട്ട് പോവാനാണെന്നും അദ്ദേഹം പറഞ്ഞു.

അണികളുടെയും സപ്പോര്‍ട്ടിങ് മാസ്റ്ററുടെയും വികാരങ്ങളെ മാനിച്ചുകൊണ്ടാണ് ഓരോ പാര്‍ട്ടിയും മുന്നോട്ട് പോകേണ്ടതെന്നും അത്തരത്തില്‍ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അത്തരത്തില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ യു.ഡി.എഫില്‍ വരാന്‍ താത്പര്യമുണ്ടെങ്കില്‍ കേരളാ കോണ്‍ഗ്രസിന് നേരെ വാതില്‍ അടയ്ക്കില്ലെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.

Content Highlight: I will not contest, the party will decide the Chief Minister: KC Venugopal

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.