| Thursday, 19th June 2025, 4:15 pm

ആ സിനിമക്ക് ടിക്കറ്റ് കിട്ടാനില്ലെന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷിച്ചു; ഞാൻ ആഗ്രഹിച്ച രംഗം: അഭിലാഷ് പിള്ള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റോഷന്‍ മാത്യു, അന്ന ബെന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഇറങ്ങിയ നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി കൊണ്ട് സിനിമാജീവിതം ആരംഭിച്ച വ്യക്തിയാണ് അഭിലാഷ് പിള്ള. അതിന് ശേഷം അദ്ദേഹം തിരക്കഥ ഒരുക്കിയ ചിത്രമായിരുന്നു പത്താം വളവ്.

ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, അതിഥി എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാല്‍ ചിത്രം തിയേറ്റര്‍ വിജയമായില്ലെങ്കിലും സിനിമ ഒ.ടി.ടി ഇറങ്ങിയതിന് ശേഷം പ്രേക്ഷക നിരൂപണം നേടി. ഇപ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കുകയാണ് അഭിലാഷ് പിള്ള.

തന്റെ സിനിമകളില്‍ പലതും തിയേറ്ററില്‍ റിലീസ് ആകാത്തതുകൊണ്ട് വിഷമം ഉണ്ടായിട്ടുണ്ടെന്നും നൈറ്റ് ഡ്രൈവും പത്താം വളവും വിജയിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും അഭിലാഷ് പിള്ള പറയുന്നു.

എന്നാല്‍ അങ്ങനെ സംഭവിക്കാതെ വന്നപ്പോള്‍ തനിക്ക് സങ്കടം വന്നുവെന്നും അടുപ്പിച്ച് സിനിമകളെല്ലാം ഒ.ടി.ടിക്ക് പോയ വിഷമം മാളികപ്പുറം എന്ന ചിത്രത്തിലൂടെ തീര്‍ത്തെന്നും അദ്ദേഹം പറഞ്ഞു.

മാളികപ്പുറത്തിന് ടിക്കറ്റ് കിട്ടാനില്ലെന്ന് അറിഞ്ഞപ്പോള്‍ തനിക്ക് ഒരുപാട് സന്തോഷമായെന്നും ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാനയോട് സംസാരിക്കുകയായിരുന്നു അഭിലാഷ് പിള്ള.

‘എൻ്റെ സിനിമ പലതും തിയേറ്ററില്‍ റിലീസാകാത്തത് കൊണ്ട് എനിക്ക് വിഷമം ഉണ്ടാകാറുണ്ട്. നൈറ്റ് ഡ്രൈവും പത്താം വളവും ഞാന്‍ നിറഞ്ഞ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതാണ് സ്വപ്നം കണ്ടത്. അത് അങ്ങനെ സംഭവിക്കാത്തത് എനിക്ക് വലിയ നിരാശയായിരുന്നു.

ഇപ്പോഴും പത്താം വളവ് ടി.വിയില്‍ ഇടുമ്പോള്‍ ഇന്‍സ്റ്റഗ്രാമിലും മറ്റും ഒരു 30 ടാഗ് എങ്കിലും വരും. കാരണം ആ സിനിമ ഇഷ്ടപ്പെടുന്നവര്‍ പുറത്തുണ്ട് എന്നതാണ്. അടുപ്പിച്ച് സിനിമകളെല്ലാം ഒ.ടി.ടിക്ക് പോയ വിഷമം തീര്‍ന്നത് മാളികപ്പുറത്തിന്റെ തിയേറ്റര്‍ റിലീസിലൂടെ ആയിരുന്നു.

ഞാന്‍ അതിന്റെ തിരക്കഥ വലിയ വാശിയിലാണ് എഴുതിത്തീര്‍ത്തത്. മാളികപ്പുറം സിനിമക്ക് റിലീസിന് ശേഷം അഞ്ചുദിവസം കഴിഞ്ഞ് ടിക്കറ്റ് കിട്ടാനില്ല എന്നത് അറിഞ്ഞ് അന്ന് ഞാന്‍ ഒരുപാട് സന്തോഷിച്ചിരുന്നു. കാരണം ഞാന്‍ ആഗ്രഹിച്ച ഒരു രംഗമായിരുന്നു അത്. എനിക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമാണത്,’ അഭിലാഷ് പിള്ള പറയുന്നു.

Content Highlight: I was very happy when I found out that tickets for that movie were unavailable says Abhilash Pillai

We use cookies to give you the best possible experience. Learn more