| Tuesday, 1st July 2025, 9:25 pm

കോട്ടയം കുഞ്ഞച്ചന് ആടുതോമയില്‍ ഉണ്ടായ അപ്പിയറന്‍സാണ് ആ സിനിമ; ഹിറ്റായപ്പോൾ ഞെട്ടിപ്പോയി: മനോജ് കെ. ജയൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടി.എ. ഷാഹിദിൻ്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത് 2005ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു രാജമാണിക്യം. മമ്മൂട്ടി നായകനായ ചിത്രം കളക്ഷൻ റെക്കോഡുകൾ ഭേദിച്ച് ഇൻഡസ്ട്രിയൽ ഹിറ്റായി മാറിയിരുന്നു.

അതുവരെ കാണാത്ത ഗെറ്റപ്പിലും ഡയലോഗ് ഡെലിവറിയിലുമാണ് മമ്മൂട്ടി രാജമാണിക്യത്തിൽ പ്രത്യക്ഷപ്പെട്ടത്. ബെല്ലാരി രാജ എന്ന കഥാപാത്രത്തിന് ഇന്നും വലിയ ഫാൻബേസുണ്ട്. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളിലൊരാളായിരുന്നു മനോജ് കെ. ജയൻ. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

കോട്ടയം കുഞ്ഞച്ചന് ആടുതോമയില്‍ ഉണ്ടായ അപ്പിയറന്‍സാണ് രാജമാണിക്യമെന്നും ചിത്രത്തിലെ എല്ലാ ഡയലോഗുകളും എഴുതിവെച്ചതാണെന്നും നമ്മള്‍ കയ്യില്‍ നിന്നൊന്നും ഇട്ടിട്ടില്ലെന്നും മനോജ് കെ. ജയന്‍ പറഞ്ഞു,

സിനിമ ഇത്രയും വലിയ ഹിറ്റ് ആകുമെന്ന് വിചാരിച്ചില്ലെന്നും തിരുവന്തപുരം സ്ലാങ് വന്നുകഴിഞ്ഞാല്‍ തകര്‍ന്നുപോകില്ലേയെന്ന് പലര്‍ക്കും ചിന്ത ഉണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ മമ്മൂട്ടി പറഞ്ഞതുകൊണ്ടാണ് ആ സിനിമ നടന്നതെന്നും പടത്തിന്റെ ഹൈലൈറ്റ് തിരുവനന്തപുരം ഭാഷയാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയിലെ എല്ലാ ഡയലോഗുകളും അങ്ങനെ എഴുതിവെച്ചതാണ് നമ്മള്‍ കയ്യില്‍ നിന്നൊന്നും ഇട്ടതല്ല. കോട്ടയം കുഞ്ഞച്ചന് ആടുതോമയില്‍ ഉണ്ടായ അപ്പിയറന്‍സ് അതാണ് രാജമാണിക്യം. രസമുള്ള സെറ്റ് ആയിരുന്നു രാജമാണിക്യം. അത് ഇത്രയും വലിയ ഹിറ്റ് ആകുമെന്ന് വിചാരിച്ചില്ല. സത്യം പറഞ്ഞാല്‍ ഞെട്ടിപ്പോയി.

കാരണം പലര്‍ക്കും തിരുവനന്തപുരം സ്ലാങ് വന്നുകഴിഞ്ഞാല്‍ തകര്‍ന്നുപോകില്ലേ, ഇമോഷണല്‍ ആയിട്ടുള്ള സീന്‍ ഒക്കെ പറയുമ്പോള്‍ എഴുതിവെച്ചിരിക്കുന്ന ഫീല്‍ മുഴുവന്‍ നഷ്ടപ്പെടില്ലേ ഈ സ്ലാങ് ഇതില്‍ വന്നിട്ട് വിഷമാകില്ലേയെന്ന് പലര്‍ക്കുമൊരു ചിന്ത ഉണ്ടായിരുന്നു. പക്ഷെ, മമ്മൂക്ക അവിടെ സ്‌ട്രോങ് ആയി നിന്ന് ഇത് ചെയ്താല്‍ നന്നായിരിക്കും എന്നുപറഞ്ഞിട്ട് അങ്ങനെ ചെയ്തതാണ്.

എനിക്കും പേടിയായിരുന്നു. ഇത് ശരിയാകുമോ എന്നൊരു ചിന്തയുണ്ടായിരുന്നു. കാരണം തിരുവനന്തപുരം ഭാഷയല്ലേ. അതാണ് ആ പടത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്,’ മനോജ് കെ. ജയൻ പറയുന്നു.

Content Highlight: I was shocked when that film became a hit says Manoj K Jayan

We use cookies to give you the best possible experience. Learn more