സിനിമയിലേക്ക് എത്താനുള്ള തന്റെ കഷ്ടപ്പാടുകള്‍ ഏറെ വലുതായിരുന്നെന്ന് പറയുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്.
ജയരാജിനൊപ്പമാണ് ആദ്യ സിനിമ വര്‍ക്ക് ചെയ്തതെന്നും ലൈഫില്‍ കുറേ സ്ട്രഗിളിലൂടെ കടന്നുപോയ വ്യക്തിയാണ് താനെന്നും ജീത്തു പറയുന്നു.
ഒരു സൂപ്പര്‍സ്റ്റാറിന്റെ ചിത്രത്തില്‍ നിന്ന് താന്‍ പുറത്തായെന്നും ഒന്നര വര്‍ഷത്തോളം ആ സിനിമയ്ക്ക് വേണ്ടി താന്‍ സമയം ചിലവഴിച്ചിരുന്നെന്നും ജീത്തു പറയുന്നു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജീത്തു.
‘ഒരു സിനിമയുടെ കഥയ്ക്ക് വേണ്ടി കഥാകൃത്തായിട്ട് ഞാനൊരു പ്രൊജക്ടില്‍ ജോയിന്‍ ചെയ്തു. ഒന്നര വര്‍ഷത്തോളം അതിന്റെ പിറകെ നടന്നു. അന്നത്തെ ഒരു സൂപ്പര്‍സ്റ്റാറിന്റെ പടമാണ്.
എറണാകുളത്താണ് ഡിസ്‌കഷനൊക്കെ നടക്കുന്നത്. ഡെന്നീസ് ജോസഫാണ് സ്‌ക്രിപ്റ്റ് എഴുതുന്നത്. ഡയറക്ടറും അദ്ദേഹവുമായി സിറ്റിങ്ങൊക്കെ ഉണ്ടായിരുന്നു. സ്‌ക്രിപ്റ്റ് കഴിഞ്ഞപ്പോഴേക്ക് അത് വലുതായിപ്പോയി.
ആ ആക്ടര്‍, ‘എനിക്കൊരു ന്യൂദല്‍ഹി ഉണ്ടാക്കിത്തരണമെന്ന് ‘ പറഞ്ഞപ്പോള്‍ പുള്ളി വലിയൊരു ക്യാന്‍വാസില്‍ അങ്ങ് എഴുതി. പ്രൊഡ്യൂസര്‍ക്ക് അത് താങ്ങാന്‍ പറ്റുമായിരുന്നില്ല.
അങ്ങനെ കഥ മാറ്റാമെന്ന് തീരുമാനിച്ചു. സ്വാഭാവികമായി കഥ മാറ്റുന്നതോടെ ആ പ്രൊജക്ടില്‍ നിന്ന് ഞാന്‍ മാത്രം പുറത്താകും. ഒന്നര വര്‍ഷം ഇതിന്റെ പിറകെ നടന്നിട്ടാണ് ഇത്.
ഞാന്‍ വീട്ടില്‍ ചെന്ന് കാര്യം പറഞ്ഞപ്പോള്‍ പുള്ളിക്കാരത്തിക്കും എനിക്കുമൊക്കെ സങ്കടമായി. പുള്ളിക്കാരി കട്ടിലില്‍ സങ്കടപ്പെട്ട് കരയുമ്പോള്‍ അടുത്തിരുന്നിട്ട് എനിക്കും കരച്ചില്‍ വന്നു. ഇത് കണ്ടാണ് അമ്മച്ചി വന്നത്.
നിങ്ങള്‍ എന്തിനാണ് വിഷമിക്കുന്നതെന്ന് അമ്മച്ചി ചോദിച്ചു. നിനക്ക് അത്രയും കോണ്‍ഫിഡന്‍സ് ഉണ്ടെങ്കില്‍ നീ എഴുത്. നമ്മുടെ തോട്ടത്തിന്റെ ഏതെങ്കിലും മൂല വിറ്റിട്ടാണെങ്കിലും നമ്മള്‍ സിനിമ ചെയ്യുമെന്ന് പറഞ്ഞു.
അന്ന് ഫാദര്‍ ഇല്ല. പുള്ളി മരിച്ചുപോയിരുന്നു. അമ്മച്ചി അത് ചെയ്യാന്‍ വേണ്ടി പറഞ്ഞതൊന്നുമല്ല. എങ്കിലും ആ വാക്ക് ഒരു കോണ്‍ഫിഡന്‍സായിരുന്നു. അങ്ങനെ ഞാനെഴുതിയ സ്‌ക്രിപ്റ്റാണ് ഡിറ്റക്ടീവ്.
അന്ന് ഞാന്‍ കുറച്ച് പൈസ ഇന്‍വെസ്റ്റ് ചെയ്യാമെന്നും പിന്നെ അമേരിക്കയിലുള്ള എന്റെ സുഹൃത്ത് ബാക്കി തുക ഇന്‍വെസ്റ്റ് ചെയ്യാമെന്നുമാണ് കരുതിയത്. അങ്ങനെ ഞങ്ങള്‍ സുരേഷ് ഗോപിയെ കണ്ടു. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു.
അത് കഴിഞ്ഞ് ഞാന്‍ വീട്ടിലിരിക്കുമ്പോള്‍ പുള്ളി തന്നെ വേറൊരു പ്രൊഡ്യൂസറെ എനിക്ക് തന്നു. ആദ്യ സിനിമ ഞാന്‍ തന്നെ നിര്‍മിച്ച് സംവിധാനം ചെയ്യുന്നത് സ്‌ട്രെയിന്‍ ആയിരിക്കുമെന്ന് പറഞ്ഞു.
കോണ്‍ഫിഡന്‍സാണോ വിവരമില്ലായ്മയാണോ എടുത്തുചാട്ടമാണോ എന്നൊന്നും അറിയില്ല. ആ സിനിമ ചെയ്തു. പിന്നെ ദൈവാനുഗ്രഹമുണ്ടായിരുന്നു.
പക്ഷേ ഷൂട്ട് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ ആ പ്രൊഡ്യൂസര്‍ പൈസയില്ലെന്ന് പറഞ്ഞു. ഇതോടെ ഞാന്‍ പൈസിയിടേണ്ടി വന്നു. ആ പൈസ ഇതുവരെ തിരിച്ചുകിട്ടിയില്ല. നല്ല തുകയുണ്ടായിരുന്നു.
ചിലര്‍ സിനിമയില്‍ ടൈം ആണ് ഇന്‍വെസ്റ്റ് ചെയ്യുന്നത്. പത്തും പന്ത്രണ്ടും വര്‍ഷമൊക്കെ. എനിക്ക് പക്ഷേ ആദ്യ സിനിമയ്ക്ക് വേണ്ടിയൊന്നും അത്രയും സമയം ഇന്‍വെസ്റ്റ്് ചെയ്യേണ്ടി വന്നിട്ടില്ല. എനിക്ക് പൈസയാണ് നഷ്ടപ്പെട്ടത്,’ ജീത്തു ജോസഫ് പറഞ്ഞു.
Content Highlight: I was out of that superstar film says Director jeethu joseph