മലയാള സിനിമാ-സീരിയൽ രംഗത്ത് പ്രശസ്തയാണ് മഞ്ജു പിള്ള. സത്യവും മിഥ്യയും എന്ന സീരിയലിൽ തുടങ്ങിയ മഞ്ജു പിന്നീട് കുടുംബ ചിത്രങ്ങൾ, പരമ്പരകൾ എന്നിവയിൽ അഭിനയിച്ചു. ഹാസ്യ വേഷങ്ങളിലാണ് മഞ്ജു ആദ്യം അഭിനയിച്ചിരുന്നതെങ്കിലും പിന്നീട് സ്വഭാവവേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
2021ൽ പുറത്തിറങ്ങിയ ഹോം എന്ന ചിത്രത്തിൽ മഞ്ജു അഭിനയിച്ച ആനിയമ്മ എന്ന കഥാപാത്രം ഏറെ പ്രേക്ഷക നിരൂപണം ലഭിച്ചിരുന്നു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത തട്ടീം മുട്ടീം എന്ന മഹാ പരമ്പരയിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ തനിക്ക് അന്യഭാഷയിൽ അഭിനയിക്കാൻ കിട്ടിയ അവസരത്തെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു പിള്ള.
ബന്ധങ്ങളുടെ പേരിൽ ചെയ്ത ചില വേഷങ്ങൾ മോശമായിട്ടുണ്ടെന്നും സിനിമ ചിലത് വിജയിക്കും ചിലത് വിജയിക്കില്ലെന്നും മഞ്ജു പറയുന്നു. ഒരു അന്യഭാഷ സൂപ്പർസ്റ്റാറിൻ്റെ സിനിമയിലേക്ക് തന്നെ വിളിച്ചിരുന്നുവെന്നും എന്നാൽ തൻ്റെ ക്യാരക്ടറിനെപ്പറ്റി ചോദിച്ചപ്പോൾ അത് പറഞ്ഞില്ലെന്നും അവർ പറഞ്ഞു. അതുകൊണ്ട് ആ വേഷം വേണ്ടെന്നുവെച്ചെന്നും കഥാപാത്രത്തിനെക്കുറിച്ച് പറയാൻ ബുദ്ധിമുട്ടുള്ള സിനിമയിൽ അഭിനയിക്കില്ലെന്നും നടി അഭിപ്രായപ്പെട്ടു. മലയാളത്തൽ നിന്നും തന്നോട് ആരും അങ്ങനെ സംസാരിച്ചിട്ടില്ലെന്നും മഞ്ജു കൂട്ടിച്ചേർത്തു.
‘ഒരു വർക്ക് വന്നാൽ അത് ആലോചിച്ചിട്ടാണ് മറുപടി പറയുന്നത്. അതെനിക്ക് ഇതുവരെ തെറ്റിയിട്ടില്ല. വർക്കിൻ്റെ കാര്യത്തിൽ ഞാൻ വേണ്ട എന്ന് വെച്ചതിൽ നഷ്ടബോധം വന്നിട്ടില്ല. എന്നാൽ വേണമെന്ന് വിചാരിച്ച് ചെയ്ത ചില വർക്കുകൾ മോശമായിട്ടുണ്ട്. അതില്ലായെന്ന് പറയുന്നില്ല. അത് ബന്ധങ്ങളുടെ പേരിൽ പോയി ചെയ്തതാണ്.
സിനിമയാണെങ്കിലും ജീവിതമാണെങ്കിലും അത് നമ്മുടെ കയ്യിലല്ല. സിനിമ ചിലത് വിജയിക്കും ചിലത് മോശമാകും. അന്യഭാഷ സൂപ്പർസ്റ്റാറിൻ്റെ ഒരു സിനിമയിലേക്ക് എന്നെ വിളിച്ചു. പൈസ പ്രശ്നമാണെന്ന് പറഞ്ഞപ്പോഴും വിട്ടുകളയേണ്ട, നല്ലൊരു അവസരമല്ലേയെന്ന് കരുതി. ആറ് ദിവസമാണ് ചോദിച്ചത്. അന്യഭാഷാ ചിത്രങ്ങളിൽ അങ്ങനെ പറഞ്ഞാലും അത് നീണ്ടു പോകാറുണ്ട്. എന്നാലും കുഴപ്പമില്ല ചെയ്യാമെന്ന് വിചാരിച്ചു.
എന്നാൽ സിനിമയിലെ എൻ്റെ ക്യാരക്ടറിനെപ്പറ്റി ചോദിച്ചപ്പോൾ അത് റിവീൽ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. അതെന്താ എന്ന് ചോദിച്ചപ്പോൾ എല്ലാവരുടെയും അങ്ങനെയാണെന്ന് പറഞ്ഞു. അതെന്തായെന്ന് എനിക്ക് മനസിലാകുന്നില്ല. എന്ത് ടൈപ് ഓഫ് ക്യാരക്ടറാണെന്ന് എനിക്ക് അറിയേണ്ടെ? ഞാനത് ചെയ്യുന്നില്ലെന്ന് പറഞ്ഞു.
ഏത് സൂപ്പർസ്റ്റാർ ആണെന്ന് പറഞ്ഞാലും എന്റെ ക്യാരക്ടർ പറയാൻ ബുദ്ധിമുട്ടുള്ള സിനിമയിൽ അഭിനയിക്കില്ല. അതെൻ്റെ അവകാശമാണ്. അത് ആ ക്യാരക്ടറിനെപ്പറ്റി മനസിലാക്കാനും പഠിക്കാനും വേണ്ടിയിട്ടാണ്. മലയാളത്തിൽ നിന്നും വന്നവരാരും അങ്ങനെ പറഞ്ഞിട്ടില്ല,’ മഞ്ജു പിള്ള പറയുന്നു.
Content Highlight: I was invited to do that film, but I turned it down because it was difficult to talk about the character says Manju Pillai