| Saturday, 21st June 2025, 12:32 pm

മമ്മൂക്കയും ലാലേട്ടനും എന്നോടൊരു കാര്യം പറഞ്ഞു, അതുകേട്ടപ്പോൾ സന്തോഷമായി: ഹരിശ്രീ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹരിശ്രീ എന്ന മിമിക്‌സ് ട്രൂപ്പിലൂടെ സിനിമയിലെത്തിയ നടനാണ് ഹരിശ്രീ അശോകന്‍. 1986ല്‍ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന സിനിമയിലൂടെ തൻ്റെ ആരംഭിച്ചു. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം പിന്നീട് മലയാളത്തിലെ മികച്ച ഹാസ്യതാരമായി വളരുകയായിരുന്നു. ഇപ്പോൾ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

സിനിമകള്‍ കുറയുന്ന സമയത്ത് നടൻമാർക്ക് മനസില്‍ വിഷമുണ്ടാകുമെന്നും എന്നാല്‍ തനിക്ക് വിഷമം തോന്നിയിട്ടില്ലെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു. താന്‍ ചെയ്തുവെച്ച വേഷങ്ങള്‍ എപ്പോഴും ജനങ്ങളുടെ മനസിലുണ്ടാകുമെന്ന് മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ പോലെയുള്ളവര്‍ പറഞ്ഞുവെന്നും അപ്പോഴാണ് താന്‍ അതിനെക്കുറിച്ച് ആലോചിച്ചതെന്നും അദ്ദേഹം പറയുന്നു.

തന്റെ ഫോട്ടോ വെച്ചിട്ടുള്ള ട്രോളുകള്‍ വരുമ്പോള്‍ ജനങ്ങളുടെ മനസില്‍ ഇപ്പോഴും താനുണ്ടൈന്ന് തോന്നുമെന്നും നല്ല വേഷങ്ങളിലൂടെ ജനങ്ങള്‍ ഓര്‍ത്തിരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമുക്ക് സിനിമകള്‍ കുറയുന്ന സമയത്ത് നമ്മുടെ മനസില്‍ വിഷമമുണ്ടാകും. എനിക്ക് സിനിമയൊന്നും ഇല്ലല്ലോ എന്ന് ഓര്‍ത്ത്. പക്ഷെ, എന്നെ സംബന്ധിച്ച് എനിക്ക് വിഷമം ഒന്നുമില്ല. കാരണം ഒരിക്കല്‍ മമ്മൂക്ക, ലാലേട്ടന്‍ അതുപോലെ ജയരാജ് ഷാജി കൈലാസ് ഇവരൊക്കെ എന്നോട് പറഞ്ഞു ‘നിന്നെയൊന്നും സിനിമ ഇല്ലെങ്കിലും മറക്കില്ല. കാരണം നീ ചെയ്തുവെച്ച വേഷങ്ങള്‍ ഇന്നും ജനങ്ങളുടെ മനസിലുണ്ട്’ എന്ന്.

സത്യത്തില്‍ അന്നാണ് ഞാന്‍ അതിനെക്കുറിച്ച് ആലോചിച്ചത്. പിന്നെ ഈ ട്രോളുകള്‍ വരാന്‍ തുടങ്ങുന്നതിന് മുമ്പാണ് ഇത് പറഞ്ഞത്. ട്രോളുകള്‍ വന്നപ്പോള്‍ ഇപ്പോഴും ജനങ്ങളുടെ മനസില്‍ ഞാന്‍ ഉണ്ടല്ലോ എന്ന് തോന്നി.

സിനിമ ശരിക്കുമൊരു ഇന്‍കം ആണ്. അതിലൂടെ നല്ല വേഷങ്ങള്‍ ചെയ്യാന്‍ പറ്റുന്നത് ഒത്തുകിട്ടുന്നതാണ്. നല്ല വേഷങ്ങള്‍ വന്നാല്‍ ചെയ്യും. പക്ഷെ ആ വേഷങ്ങളിലൂടെ ജനങ്ങള്‍ ഓര്‍ത്തിരിക്കുകയാണെങ്കില്‍ ഒരു സന്തോഷം ഉണ്ടാകും.

ഇതുപോലെയുള്ള ട്രോളുകള്‍ ഉപയോഗിക്കുമ്പോള്‍ നമുക്ക് വേഷങ്ങളില്ലെങ്കിലും നമ്മള്‍ മരിച്ചുപോയാലും നമ്മളൊക്കെ അവരുടെ മനസിലുണ്ടാകും,’ ഹരിശ്രീ അശോകൻ പറയുന്നു.

Content Highlight: I was happy to hear what Mammootty and Mohanlal said says Harishree Ashan

We use cookies to give you the best possible experience. Learn more