സംവിധായകന്‍ പത്മരാജനൊപ്പം സഹ സംവിധായകനായി സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് ബ്ലെസി. സഹ സംവിധായകനായി പ്രവർത്തിച്ച് 18 വര്‍ഷങ്ങള്‍ക്ക് ശേഷം 2004ലാണ് ബ്ലെസി ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി നായകനായി എത്തിയ കാഴ്ച എന്ന ആ സിനിമ മലയാളത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി മാറുകയും നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു.
പിന്നീട് തന്മാത്ര, ഭ്രമരം, പ്രണയം, പളുങ്ക്, ആടുജീവിതം എന്നിങ്ങനെ ഒരുപിടി മികച്ച സിനിമകള്‍ അദ്ദേഹം മലയാള സിനിമക്ക് നല്‍കിയിട്ടുണ്ട്. തന്റെ സിനിമകള്‍ക്ക് നിരവധി ദേശീയ പുരസ്‌കാരങ്ങളും സംസ്ഥാന അവാര്‍ഡുകളും നേടാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
താന്‍ അപരന്‍ എന്ന സിനിമ പത്മരാജനോടൊപ്പം ചെയ്യുന്ന സമയത്ത് വില്ലന്‍ വേഷം ചെയ്യാന്‍ തന്നെ വിളിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ നിരസിച്ചുവെന്നും പറയുകയാണ് ബ്ലെസി. കാൻ ചാനലിനോട് സംസാരിക്കുകയായിരുന്നു ബ്ലെസി.
‘ഞാന്‍ അപരന്‍ എന്നുപറഞ്ഞ സിനിമ പത്മരാജനോടൊപ്പം വര്‍ക്ക് ചെയ്യുന്ന സമയത്ത് അതിലൊരു വില്ലനുണ്ട്. ആ വില്ലനെ ആ സമയത്ത് ഷൂട്ടിങ് തുടങ്ങിയിട്ടും കിട്ടിയില്ല.
പല അന്വേഷണങ്ങളും നടന്നിട്ടും സാറിന് അതൊരു ഹാപ്പിയാകാതെ ഇരിക്കുന്ന സമയമാണ്. ഹരി പോത്തന്‍ സാറാണ് അതിന്റെ പ്രൊഡ്യൂസര്‍. ഹരിയങ്കിള്‍ ഷൂട്ടിങ് തുടങ്ങുന്ന സമയത്ത് സാറിനോട് കണ്ണ് കൊണ്ട് ഇവനായാലോ എന്ന് ചോദിച്ചു.
അപ്പോള്‍ സാറ് നോക്കിയിട്ട് എന്നോട് ചോദിച്ചു ‘നിനക്ക് ആ ക്യാരക്ടര്‍ ചെയ്യാമോ’ എന്ന്. ഞാന്‍ ‘വേണ്ട, ഞാന്‍ ഇതില്‍ തന്നെ നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്’ എന്നാണ് പറഞ്ഞത്.
ഇന്ന് അങ്ങനെ ഒരു ക്യാരക്ടര്‍ തന്നിട്ട് അത് വേണ്ട എന്ന് വെക്കുകയും ചെയ്തതില്‍ തെറ്റില്ല. ചിലപ്പോള്‍ എന്റെ ഫോകസ് പോയെനേ,’ ബ്ലെസി പറയുന്നു.
Content Highlight: I turned down the villain role offered by Padmarajan sir says blessy