'ഞാൻ ഹാരിപോട്ടറൊന്നുമല്ല'; റാഷ്ഫോർഡിനെപറ്റിയുള്ള ചോദ്യത്തിന് മറുപടി നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച്
football news
'ഞാൻ ഹാരിപോട്ടറൊന്നുമല്ല'; റാഷ്ഫോർഡിനെപറ്റിയുള്ള ചോദ്യത്തിന് മറുപടി നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 28th January 2023, 6:15 pm

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മികച്ച ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറെ നാളുകളായി തകർച്ചയുടെ വക്കിലായിരുന്നു. സർ അലക്സ്‌ ഫെർഗൂസന്റെ കാലഘട്ടത്തിന് ശേഷം തകർച്ചയിലേക്കും തിരിച്ചടികളിലേക്കും വീണ്‌ പോയ ക്ലബ്ബിനെ ഒടുവിൽ കരകയറ്റിയ പരിശീലകനാണ് എറിക് ടെൻ ഹാഗ്.

ഈ സീസണിൽ ഡച്ച് ലീഗ് ക്ലബ്ബായ അയാക്സിൽ നിന്നും യുണൈറ്റഡിലെത്തിയ ടെൻ ഹാഗിന്റെ നേതൃത്വത്തിൽ മികച്ച പ്രകടനമാണ് ചുവന്ന ചെകുത്താൻമാർ ഇപ്പോൾ പ്രീമിയർ ലീഗിൽ കാഴ്ച വെക്കുന്നത്.

നിലവിൽ 20 മത്സരങ്ങളിൽ നിന്നും 39 പോയിന്റുകളുമായി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് ചുവന്ന ചെകുത്താൻമാരുടെ സ്ഥാനം.
ലീഗിൽ യുണൈറ്റഡിനെ സ്വന്തം ചുമലിൽ താങ്ങി ക്ലബ്ബിന്റെ മുന്നേറ്റത്തെ നയിക്കുന്ന മാർക്കസ് റാഷ്ഫോർഡിന്റെ പ്രകടനത്തെ പറ്റി അഭിപ്രായ പ്രകടനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ ടെൻ ഹാഗ്.

ഈ സീസണിൽ ഇത് വരെ 10 മത്സരങ്ങളിൽ നിന്നും 10 ഗോളുകളാണ് യുണൈറ്റഡിനായി പ്രീമിയർ ലീഗിൽ റാഷ്ഫോർഡ് സ്വന്തമാക്കിയത്.
കൂടാതെ സീസണിൽ മൊത്തം 29 മത്സരങ്ങളിൽ നിന്നും 18 ഗോളുകളും ആറ് അസിസ്റ്റുകളും സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

റാഷ്ഫോർഡിന്റെ മിന്നും പ്രകടനത്തിന്റെ ക്രെഡിറ്റ് തനിക്ക് വേണ്ടെന്നും താരങ്ങളെ മാറ്റിമറിക്കാൻ താൻ ഹാരി പോട്ടറല്ലെന്നും അഭിപ്രായപ്പെട്ട ടെൻ ഹാഗ്, റാഷ്ഫോർഡിന്റെ കോൺഫിടൻസാണ് അദ്ദേഹത്തിന്റെ വിജയത്തിന് പിന്നിലെന്നും അഭിപ്രായപ്പെട്ടു.

എഫ്.എ കപ്പ് മത്സരത്തിന് മുമ്പ് നടത്തിയ പത്രസമ്മേളനത്തിൽ ടെൻ ഹാഗ് പറഞ്ഞ അഭിപ്രായങ്ങൾ മാഞ്ചസ്റ്റർ ഈവനിങ്‌ ന്യൂസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

“ചില സമയങ്ങളിൽ നമ്മളോന്നും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിക്കുക, തീർച്ചയായും ടീം ഏറെ മുന്നോട്ട് പോയിട്ടുണ്ട്. പക്ഷെ അത് ഞാൻ കാരണമാണെന്ന് പറയാൻ കഴിയില്ല. കാരണം ഞാൻ ഹാരി പോട്ടറൊന്നുമല്ല. ടീമിനുള്ളിൽ സ്വയം ഒരു ആത്മവിശ്വാസം രൂപപ്പെട്ട് വന്നിട്ടുണ്ട്. അതാണ് ടീമിനെ മുന്നോട്ട് നയിക്കുന്നത്,’ ടെൻ ഹാഗ് പറഞ്ഞു.

“റാഷ്ഫോർഡ് കഠിനമായി പരിശ്രമിച്ചു. കൂടുതൽ സമയം പരിശീലനത്തിനായി മാറ്റിവെച്ചു. അങ്ങനെയാണ് അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചത്. തീർച്ചയായും എന്റെ കോച്ചിങ്‌ സ്റ്റാഫും മറ്റും അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അതിലൊന്നും യാതൊരു സംശയവുമില്ല,’ ടെൻ ഹാഗ് കൂട്ടിച്ചേർത്തു.

കൂടാതെ കളിക്കാരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന അന്തരീക്ഷം ക്ലബ്ബിൽ നടപ്പിൽ വരുത്തിയാൽ അവരുടെ പ്രകടനം താനെ മെച്ചപ്പെടുമെന്നും ടെൻ ഹാഗ് പറഞ്ഞു,’

ക്ലബ്ബിൽ മോശം പ്രകടനം തുടരുന്ന ഇംഗ്ലീഷ് പ്ലെയർ ഹാരി മഗ്വർ അദ്ദേഹത്തിനെ കൊണ്ട് ആകുന്ന തരത്തിൽ സ്വയം മെച്ചപ്പെടാനായി ശ്രമിക്കുന്നുണ്ടെന്നും ടെൻ ഹാഗ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞു.

അതേസമയം എഫ്.എ കപ്പിന്റെ നാലാം റൗണ്ടിൽ റീഡിങ്ങിനെതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരം. ജനുവരി 29ന് ഇന്ത്യൻ സമയം പുലർച്ചെ 1:30 നാണ് മത്സരം നടക്കുക. വിജയിക്കുന്ന ടീമിന് എഫ്. എ കപ്പിന്റെ അഞ്ചാം റൗണ്ടിലേക്ക് കടക്കാം.

 

Content Highlights:’I’m no Harry Potter’; Manchester United coach answered the question about Rashford