ഞാൻ പാർട്ടി ലൈൻ വിട്ടിട്ടില്ല; അഭിപ്രായങ്ങൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നു: ശശി തരൂർ
Kerala
ഞാൻ പാർട്ടി ലൈൻ വിട്ടിട്ടില്ല; അഭിപ്രായങ്ങൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നു: ശശി തരൂർ
ശ്രീലക്ഷ്മി എ.വി.
Monday, 5th January 2026, 3:21 pm

ബത്തേരി: താൻ പാർട്ടി ലൈൻ വിട്ടിട്ടില്ലെന്നും തന്റെ അഭിപ്രായങ്ങൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും ശശി തരൂർ എം.പി. തന്റെ ഭൂരിപക്ഷം അഭിപ്രായങ്ങളും കോൺഗ്രസ് അനുകൂലമാണെന്നും ശശി തരൂർ പറഞ്ഞു.

താൻ പോസ്റ്റ് ചെയ്യുന്ന ആയിരം വാക്കുകളുള്ള ലേഖനങ്ങളെ ഒരു വാചകമായി ലഘുകരിക്കുമ്പോൾ അർഥം നഷ്ടപ്പെട്ടുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വയനാട് നടക്കുന്ന കെ.പി.സി.സി നേതൃക്യാമ്പിലെ സമാപന പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ പോസ്റ്റ് കാണാതെ ഇതുമാത്രം വായിക്കുന്നവരെയാണ് താൻ കുറ്റപ്പെടുത്തുന്നതെന്നും ഇതുസംബന്ധിച്ചുണ്ടാകുന്ന വിവാദങ്ങൾ അനാവശ്യമാണെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത മൂന്ന് മാസം കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടായി ജനങ്ങളോടൊപ്പം ശക്തമായി നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

എൽ.കെ അദ്വാനിയുടെ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. 98 വയസായ ഒരു മനുഷ്യന്റെ പിറന്നാളിൽ മര്യാദകാണിച്ചു എന്നുമാത്രമേയുള്ളൂവെന്നും താൻ അത് ചെയ്തതിൽ വലിയ അത്ഭുതമൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘എന്റെ പോസ്റ്റിന്റെ തലക്കെട്ട് മാത്രം കണ്ടാണ് എല്ലാവരും കമന്റ് ചെയ്യുന്നത്. ഞാൻ എഴുതിയതോ പറഞ്ഞതോ ആയ കാര്യങ്ങൾ ശ്രദ്ധിച്ച് അതിന്റെ യാഥാർഥ്യം മനസിലാക്കിയാൽ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല,’ ശശി തരൂർ പറഞ്ഞു.

Content Highlight: I have not crossed the party line; media misinterprets my comments: Shashi Tharoor

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.