ന്യൂദല്‍ഹി: സുപ്രീം കോടതിയില്‍ വിശ്വാസമുണ്ടെന്ന് ഉന്നാവോ പീഡനക്കേസിലെ അതിജീവിത. മുന്‍ ബി.ജെ.പി എം.എല്‍.എയും കേസിലെ പ്രതിയുമായ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള നടപടിയില്‍ ഭയപ്പെടുന്നില്ലെന്നും അതിജീവിത പറഞ്ഞു.
ചോദ്യങ്ങള്‍ ഉന്നയിക്കുക എന്നത് ഓരോ പൗരന്മാരുടെയും അവകാശമാണ്. ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ചോദ്യങ്ങള്‍ ചോദിക്കുക തന്നെ ചെയ്യുമെന്നും അതിജീവിത വ്യക്തമാക്കി.
സെന്‍ഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ്, തന്റെ കുടുംബത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അതിജീവിത ചൂണ്ടിക്കാട്ടി. ഇത്തരം വിധികള്‍ തന്നെ പോലുള്ള പെണ്‍കുട്ടികളെ വീണ്ടും വീണ്ടും കൂട്ടിലടക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണിത്. തോല്‍ക്കില്ല, ഭയപ്പെടുകയുമില്ല. ഈ രാജ്യത്തെ സ്ത്രീകള്‍ക്ക് നീതി ലഭിക്കണം. ജയിലില്‍ അടയ്ക്കപ്പെട്ടാലും പ്രശ്‌നമില്ല. മുന്നോട്ട് വെച്ച കാല്‍ പിന്നോട്ടെടുക്കില്ല. ശക്തമായി പോരാടുമെന്നും അതിജീവിത പറഞ്ഞു.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അതിജീവിത നേരത്തെ വ്യക്തമാക്കിയിരുന്നു. 2019 ഡിസംബറില്‍ വിചാരണക്കോടതിയുടെ വിധിക്കെതിരെ നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കുന്നത് വരെയാണ് കുല്‍ദീപിന് ജാമ്യം ലഭിച്ചിരിക്കുന്നത്.
ഉപാധികളോടെയായിരുന്നു ജാമ്യം. അതിജീവിതയുടെ വീടിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ കുല്‍ദീപ് സിങ് സെന്‍ഗര്‍ വരരുതെന്നും അതിജീവിതയെയോ അമ്മയെയോ ഭീഷണിപ്പെടുത്തരുതെന്നുമാണ് ഉപാധി.
വ്യവസ്ഥകള്‍ ലംഘിച്ചാല്‍ സ്വയമേവ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. 2017 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബി.ജെ.പി എം.എല്‍.എയായിരുന്ന കുല്‍ദീപ് സിങ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് കേസ്.
സംഭവത്തില്‍ പൊലീസ് കേസെടുക്കാന്‍ മടിച്ചതും പെണ്‍കുട്ടിയെ പരാതിയില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും വലിയ വാര്‍ത്തയായിരുന്നു. പിന്നീട് റായ്ബറേലിയില്‍ നടന്ന ഒരു വാഹനാപകടത്തില്‍ അതിജീവിതയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഈ കേസില്‍ കുല്‍ദീപിനും കൂട്ടാളികള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. പിന്നാലെ കുല്‍ദീപിനെ പാര്‍ട്ടിയില്‍ നിന്നും ബി.ജെ.പി പുറത്താക്കി. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു. തൊട്ടടുത്ത ദിവസം അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനുമുന്നില്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.
Content Highlight: I have faith in the Supreme Court: Unnao case survivor