സീരിയലുകളിലും സിനിമകളിലും സജീവമാണ് ഇർഷാദ് അലി. സിബി മലയിൽ സംവിധാനം ചെയ്ത ക്യാമ്പസ് കഥയായ പ്രണയവർണ്ണങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട് നിരവധി സീരിയലുകളിൽ സഹനടനായി അഭിനയിച്ചിട്ടുണ്ട്. ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തില്‍ നായകനായും അഭിനയിച്ചു. 150ഓളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
അഭിനയ ജീവിതത്തിൽ തനിക്ക് അഹങ്കാരം വന്നിട്ടുണ്ടെന്നും ചെറിയ വേഷങ്ങൾ ലഭിക്കുമ്പോൾ അത് വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും ഇർഷാദ് അലി പറയുന്നു.
സിനിമ തന്നെ പരിഗണിച്ചിട്ടില്ലെന്ന് തോന്നിയിട്ടുണ്ടെന്നും ആദ്യം നായകനായി അഭിനയിച്ചപ്പോൾ ഇനിയും അവസരം ലഭിക്കുമെന്നാണ് വിചാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സിനിമയോട് തനിക്ക് ദേഷ്യം തോന്നിയിട്ടുണ്ടെന്നും ചെറിയ വേഷങ്ങൾ വരുമ്പോൾ താൻ ചെയ്തിട്ടില്ലെന്നും ഇർഷാദ് കൂട്ടിച്ചേർത്തു. കാൻ ചാനലിനോട് സംസാരിക്കുകയായിരുന്നു ഇർഷാദ് അലി.
‘ഞാനൊരു ഭയങ്കര ഹാർഡ് വർക്കർ അല്ലായിരുന്നു. ഇപ്പോഴാണ് കുറച്ച് കൂടി ഹാർഡ് വർക്ക് ചെയ്യാൻ തുടങ്ങിയത്. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിൽ നായകനായ ശേഷം ഒരു വർഷം ഒരു പണിയുമില്ലാതെ ഇരുന്നിട്ടുണ്ട്. എൻ്റെ ധാരണകളുടെ കൂടെ പ്രശ്നമാണത്. ഞാൻ വിചാരിച്ചു സിനിമ വരുമായിരിക്കുമെന്ന്.
ഞാൻ നായകനായി അഭിനയിച്ചതല്ലെ? ഞാൻ വിളിക്കേണ്ട കാര്യമുണ്ടോയെന്നൊക്കെ വിചാരിച്ചിരുന്നു. എന്റെ വിവരമില്ലായ്മയുടെയും മണ്ടത്തരത്തിൻ്റെയുമൊക്കെ കുഴപ്പമാണ്. സിനിമയെന്നെ ശരിക്കും പരിഗണിച്ചിട്ടില്ലെന്ന് തോന്നിയിട്ടുണ്ട്. അപ്പോൾ സിനിമയോട് ദേഷ്യം തോന്നി. ചെറിയ വേഷങ്ങൾ വരുമ്പോൾ സീരിയലിൽ നായകനായി അഭിനയിച്ച് കൊണ്ടിരിക്കുകയാണെന്ന് പറയും.
നമ്മൾ ആ സമയത്തും സിനിമ ട്രൈ ചെയ്ത് കൊണ്ടിരിക്കണം. ഞാനപ്പോൾ സീരിയലുകൾ മാത്രം തുടർച്ചയായി ചെയ്തുകൊണ്ടിരുന്നു. അപ്പോഴാണ് ജോണി ചേട്ടൻ്റെ (ജോണി ആൻ്റണി) കൊച്ചി രാജാവൊക്കെ വന്നത്,’ ഇർഷാദ് പറയുന്നു.
Content Highlight: I have been sitting at home without work because of my ignorance and stupidity says Irshad Ali