| Thursday, 12th June 2025, 10:41 pm

ഒരാളെ വിശ്വസിച്ചു; പത്മശ്രീ ലഭിച്ച ആ നടി ട്രെയ്‌നിന്റെ ബാത്ത്‌റൂം സൈഡില്‍ കിടക്കുന്ന കാഴ്ച കാണേണ്ടി വന്നു: അനൂപ് മേനോൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് അനൂപ് മേനോന്‍. എന്നാല്‍ വിനയന്‍ സംവിധാനം ചെയ്ത കാട്ടുചെമ്പകം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു.

ശേഷം ആറ് വർഷങ്ങൾ കഴിഞ്ഞ് രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തില്‍ ശ്രദ്ധേയമായ ഒരു തിരിച്ചു വരവ് നടത്തുന്നത്. പകല്‍ നക്ഷത്രങ്ങള്‍, ബ്യൂട്ടിഫുള്‍ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ അനൂപ് പത്മ എന്ന സിനിമ സംവിധാനവും ചെയ്തിട്ടുണ്ട്.ഇപ്പോൾ മലയാളത്തിലെ എക്കാലത്തേയും പ്രതിഭയായ സുകുമാരിയെക്കുറിച്ച് സംസാരിക്കുകയാണ് അനൂപ് മേനോൻ.

ഒരാളെ കാണുമ്പോള്‍ അയാള്‍ മറ്റൊരാളെക്കുറിച്ച് എന്ത് അഭിപ്രായം പറയുമെന്ന് തങ്ങള്‍ നോക്കുമെന്നും സുകുമാരി ഒരിക്കല്‍ പോലും ഒരാളെപ്പറ്റിയും മോശം പറഞ്ഞിട്ടില്ലെന്നും അനൂപ് മേനോന്‍ പറയുന്നു.

ഒരിക്കല്‍ സുകുമാരിക്ക് മദ്രാസില്‍ എത്തുന്നതിനായി ഒരു പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ടിക്കറ്റെടുത്ത് കൊടുത്തെന്നും എല്ലാവരെയും വിശ്വസിക്കുന്ന പോലെ ആയാളെയും വിശ്വസിച്ചെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ട്രെയിനില്‍ കേറിയപ്പോഴാണ് ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റിലാണെന്നും അത് 35 ആണെന്നും അറിയുന്നതെന്നും പിറ്റേന്ന് മദ്രാസില്‍ എത്തേണ്ടത് കൊണ്ട് ബാത്ത്‌റൂമിന്റെ സൈഡില്‍ പുതച്ച് കിടക്കേണ്ട കാഴ്ച കാണേണ്ടി വന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമൃത ടി.വിയില്‍ സംസാരിക്കുകയായിരുന്നു അനൂപ് മേനോന്‍.

‘നമ്മള്‍ ഒരാളെ കാണുമ്പോള്‍ അയാള്‍ മറ്റൊരാളെക്കുറിച്ച് എന്ത് അഭിപ്രായം പറയുമെന്ന് നോക്കും. അമ്മ (സുകുമാരി) എപ്പോഴെങ്കിലും ആരോടെങ്കിലും ഒരാളെപ്പറ്റി മോശമായിട്ട് പറയുന്നത് കേട്ടിട്ടുണ്ടോ? ഒരിക്കലും കേള്‍ക്കാന്‍ പറ്റില്ല. അതുതന്നെയാണ് നമുക്കും ആകരുതെന്ന് തോന്നുന്നത്.

അമ്മയെപ്പറ്റിയുള്ള ഏറ്റവും സ്റ്റാര്‍ക്ക് ആയിട്ടുള്ള ഓര്‍മ, പത്മശ്രീ സുകുമാരി എന്ന അമ്മക്ക് ഒരു പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ടിക്കറ്റെടുത്ത് കൊടുത്തു. കാരണം പിറ്റേ ദിവസം മദ്രാസില്‍ എത്തണം. അറിയാലോ അമ്മയുടെ ഓട്ടങ്ങള്‍. അമ്മ എല്ലാവരെയും വിശ്വസിക്കും, അതുപോലെ ഇവനെയും വിശ്വസിച്ചു.

ട്രെയിനില്‍ കേറിയപ്പോഴാണ് അറിയുന്നത് ഈ ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റ് 35 ആണ്. നമ്മളൊക്കെ ആണെങ്കില്‍ എന്ത് ചെയ്യണമെന്ന് കൂടി ആലോചിക്കണം.

പിറ്റെ ദിവസം മദ്രാസില്‍ എത്തണമെന്നുള്ളത് കൊണ്ട് പത്മശ്രീ സുകുമാരി ബാത്ത്‌റൂമിന്റെ സൈഡില്‍ ഏതോ മറ്റൊരു കാരുണ്യത്തിന്റെ പുതപ്പുമായി കിടക്കേണ്ട കാഴ്ച കാണേണ്ടി വന്നു,’ അനൂപ് മേനോൻ പറയുന്നു.

Content Highlight: I had to watch the Padma Shri awardee sleeping on the bathroom side of the train says Anoop Menon

We use cookies to give you the best possible experience. Learn more